You are Here : Home / Aswamedham 360

താങ്ക്‌സ് ഗിവിങ് ഡേ ധന്യരാക്കിയവര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 27, 2013 11:49 hrs UTC

സന്ധ്യാസമയം പുറത്തു മഴ കോരി ചൊരിയുകയാണ്. പകലിലെ കഠിനമായ ചൂടില്‍ വരണ്ടുണങ്ങിയ ഭൂമി, താഴേക്ക് പതിക്കുന്ന മഴ തുള്ളികളെ ആര്‍ത്തിയോടെ വിഴുങ്ങുകയായിരുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റു വീശുന്നു. ഫോയറിലെ കസേരയില്‍ ഇരുന്ന് കാറ്റിന്റെ ദിശയില്‍ ആകാശത്തിലൂടെ അതിവേഗം പാഞ്ഞു കൊണ്ടിരുന്ന കാര്‍ മേഘങ്ങളില്‍ ദൃഷ്ടി പതിഞ്ഞപ്പോള്‍ മനസില്‍ ഏതോ ഒരു അസ്വസ്ഥത ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ചുവന്ന പരവതാനി വിരിച്ച ലിവിങ് റൂമിലെ റിക്ലെയനറില്‍ വന്നിരുന്നു. ഭാര്യ ജോലി കഴിഞ്ഞു വരുന്നതിന് ഇനിയും നാലഞ്ചു മണിക്കൂര്‍ കഴിയണം. സമയം ഏഴു മണി കഴിഞ്ഞതേയുളളൂ. പുറത്ത് മഴ പെയ്തുകൊണ്ടിരുന്നുവെങ്കിലും വീടിനകത്തു നല്ല ചൂടാണ്. രണ്ടാമത്തെ ഷിഫ്റ്റിന് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ താപനില 75 ഡിഗ്രിയിലാണ് സെറ്റ് ചെയ്തിരുന്നത്. തണുപ്പിനേക്കാള്‍ ഭാര്യ ഇഷ്ടപ്പെട്ടിരുന്നത് ചൂടാണ്. താപനില എഴുപതിലേക്കു താഴ്ത്തിയാലോ സാരമില്ല. ഇനിയും എഴുന്നേല്ക്കാന്‍ കഴിയുകയില്ല. മാത്രമല്ല ഭാര്യ ജോലി കഴിഞ്ഞു വരുമ്പോള്‍ വീടിനകത്ത് തണുപ്പ് അനുഭവപ്പെട്ടാല്‍ ഒരു പക്ഷേ വഴക്കു പറയും.

 

 

 

 

 

അടുത്തിരുന്ന റിമോര്‍ട്ട് എടുത്ത് ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ടിവിയില്‍ കേരളത്തില്‍ നിന്നുളള ചാനലുകള്‍ മാറി മാറി നോക്കി. പെട്ടെന്ന് ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ട് ബ്രെയ്ക്കിങ് ന്യൂസ് ശ്രദ്ധയില്‍പ്പെട്ടു. കടുത്ത വേനല്‍ ചൂടില്‍ വറ്റിവരണ്ട വയലേലകളും, പുഴകളും, തോടുകളും ക്യാമറ കണ്ണിലൂടെ മിന്നി മറഞ്ഞു. ദാഹജലം ലഭിക്കുന്ന ഗ്രാമത്തിലെ ഏക ആശ്രയമായിരുന്ന കുഴല്‍ കിണറിനു സമീപം സ്ത്രീകളും കുട്ടികളും അവരവരുടെ ഊഴവും കാത്ത് നില്‍ക്കുന്നു. പെട്ടെന്ന് ഒരു പൊലീസ് ജീപ്പ്, അവിടെ നിന്നും രണ്ടു വനിതാ പൊലീസുകാരും, ഒരു പൊലീസ് ഓഫീസറും ജീപ്പില്‍ നിന്നും ചാടിയിറങ്ങി. ഇവിടെ നില്ക്കുന്നവരില്‍ ഗീത ആരാണ്. ഒട്ടിയ വയറും സ്തൂലിച്ച ശരീരവും ഉളള ഒരു യുവതി കൈകുഞ്ഞിനേയും തോളില്‍ ഏന്തി കൂട്ടത്തില്‍ നിന്നും പുറത്തു വന്നു. പിന്നെ ഒരു ചോദ്യവും ഉണ്ടായില്ല. സ്ത്രീയുടെ മുടിയില്‍ കുത്തി പിടിച്ചു ജീപ്പിലേക്ക് തളളി കയറുമ്പോഴും കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കുവാന്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൊലീസു വാന്‍ മുന്നോട്ടു നീങ്ങിയതോടെ ക്യാമറ നിശ്ചലമായി. ടിവി ഓഫ് ചെയ്ത് റിക്ലൈയനറില്‍ നിന്നും സാവകാശം എഴുന്നേറ്റു. നിമിഷ നേരത്തിനുളളില്‍ ചിന്തകള്‍ വര്‍ഷങ്ങള്‍ക്കു പുറകിലേക്ക് പാഞ്ഞു. ടിവിയില്‍ കണ്ട സീനിയര്‍ ഓഫീസര്‍ രവിയല്ലേ? ഓര്‍മ്മയില്‍ തങ്ങി നിന്നിരുന്ന ചിത്രങ്ങള്‍ ഒരോന്നായി ചികഞ്ഞെടുത്തു. അതെ സംശയമില്ല. രവിതന്നെ. കേളേജില്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ഒരേ ബഞ്ചിലാണ് ഞാനും രവിയും മൂന്നു വര്‍ഷം ഒരു ഒരുമിച്ചിരുന്നത്.

 

 

 

 

 

 

ഇപ്പോള്‍ രവി ഒത്തിരി മാറിയിരിക്കുന്നു. തികച്ചും ശാന്ത സ്വഭാവക്കാരനായിരുന്നു രവി എങ്ങനെയാണ് ഒരു പൊലീസ് ഓഫീസര്‍ ആയി മാറിയത് ? ലിവിങ് റൂമില്‍ നിന്നും സ്റ്റഡി റൂമില്‍ ചെന്ന് കംപ്യൂട്ടര്‍ ഓണ്‍ ചെയ്ത് സംഭവം നടന്ന ഗ്രാമത്തിലെ പൊലീസും സ്‌റ്റേഷന്‍ നമ്പര്‍ കണ്ടു പിടിച്ച് ഡയല്‍ ചെയ്ത് സ്‌റ്റേഷനിലെ പാറാവുകാരനാണ് ഫോണ്‍ എടുത്തത്. ഞാന്‍ അമേരിക്കയില്‍ നിന്നാണ് വിളിക്കുന്നത്. നിങ്ങളുടെ സാറിനൊന്ന് ഫോണ്‍ കൊടുക്കാമോ ? ഇതിനിടെ യുവതിയേയും കുട്ടിയേയും കൊണ്ട് വാന്‍ പൊലീസ് സ്‌റ്റേഷനുമുമ്പില്‍ എത്തിയിരുന്നു. അമേരിക്കയില്‍ നിന്നാണ് എന്ന കേട്ട ഉടനെ ഫോണ്‍ സാറിനെ ഏല്പിച്ചു. ഹലോ രവി ഇതാരാണെന്ന് മനസിലായോ ? ഞാന്‍ രാജനാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് നിന്നെ കണ്ടതെങ്കിലും, നിന്റെ ചിത്രം എനിക്ക് മറക്കുവാന്‍ കഴിയുമോ ? ഒരു നിമിഷം ആലോചിച്ചു ശബ്ദം തിരിച്ചറിഞ്ഞ രവി ചോദിച്ചു. ഇത് പരട്ട രാജനല്ലേ? കോളേജില്‍ രാജനെ എല്ലാവരും പരട്ട രാജന്‍ എന്നാണ് വിളിച്ചിരുന്നത് ? ഡിഗ്രി കഷ്ടിച്ച് പാസായി ഒരു നേഴ്‌സിനേയും വിവാഹം ചെയ്തു നീ അമേരിക്കയിലേക്കു കടന്നു കളഞ്ഞുവെന്ന് വിശേഷങ്ങള്‍ എല്ലാം പിന്നീട് പറയാം. നീ എന്തിനാണ് ആ യുവതിയേയും കുഞ്ഞിനേയും പിടിച്ചു പൊലീസ് സ്‌റ്റേഷനിലേക്ക് പോയത്. രവി ഓഫീസില്‍ കയറി വാതില്‍ അടച്ചു. സംഭവത്തിന്റെ പശ്ചാത്തലം വിവരിച്ചു. ഈ യുവതിയുടെ ഭര്‍ത്താവ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് മരിച്ചു. കുഞ്ഞിനെ പുലര്‍ത്തുന്നതിന് സ്ഥലത്തെ ഒരു പ്രാദേശിക നേതാവിന്റെ വീട്ടില്‍ അടുക്കള ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഒരു മാലമോഷണം പോയതായി നേതാവ് പൊലീസില്‍ പരാതി നല്‍കി.

 

 

മാല മോഷ്ടിച്ചത് ഈ യുവതിയാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. നേതാവിന്റെ സ്വഭാവം നേരത്തെ എനിക്കറിയാമായിരുന്നതിനാല്‍ പരാതി കാര്യമായെടുത്തില്ല. ഇതിനിടെ മുകളില്‍ നിന്നും കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഉത്തരവു വന്നു. വേറൊരുവഴിയും ഇല്ലാതിരുന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടു വന്നത്. അന്വേഷണത്തില്‍ യുവതിയെ കുറിച്ചു നല്ല അഭിപ്രായമാണ് ലഭിച്ചത്. നേതാവിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ മനഃപൂര്‍വ്വം കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. ഇന്ന് വൈകിട്ട് തന്നെ ഞാന്‍ ഇവരെ വിട്ടയ്ക്കും പക്ഷേ എങ്ങോട്ടാണെന്നുളള ചോദ്യം അവശേഷിക്കുന്നു. സ്വന്തമായി കയറി കിടക്കാന്‍ ഒരു കൂരപോലും ഇല്ല. നേതാവിന്റെ പുരയിടത്തിനടുത്തു ഓല മേഞ്ഞ ഒരു കുടിലിലാണ് ഇവര്‍ കഴിയുന്നത്. നാളെ എന്തു സംഭവിക്കും എന്ന് എനിക്ക് പറയാനാകില്ല. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ നില വിളിയാണ് ഫോണിലൂടെ രാജന്റെ ചെവിയില്‍ എത്തിയത്. ഇന്ന് പകല്‍ മുഴുവന്‍ അമ്മയും കുഞ്ഞും ഒരാഹാരം പോലും കഴിച്ചിട്ടില്ല അതുകൊണ്ടായിരിക്കാം കുഞ്ഞു കരയുന്നത്. രവി പറഞ്ഞു. ഇപ്പോള്‍ ഞാന്‍ തിരക്കിലാണ് പിന്നീട് വിളിക്കാം. രവി ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. രാജന്റെ മനസ് കൂടുതല്‍ അസ്വസ്ഥമായി വര്‍ഷങ്ങളായി അമേരിക്കയില്‍ ജീവിക്കുന്നു. സമ്പാദിച്ചു കൂട്ടിയത് അനുഭവിക്കുവാന്‍ ഒരു കുഞ്ഞുപോലും ഇല്ല. ആര്‍ക്കു വേണ്ടിയാണിതെല്ലാം. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ബന്ധു ജനങ്ങളും സ്‌നേഹിതരും ഇവിടെ ഒത്തു ചേരും. ദൈവത്തില്‍ നിന്നും ധാരാളമായി ലഭിച്ച അനുഗ്രഹങ്ങള്‍ക്കും നന്മകള്‍ക്കും നന്ദി കരേറ്റുന്ന ദിവസമാണ്. എല്ലാ വര്‍ഷവും മുടങ്ങാതെ ഈ ചടങ്ങുകള്‍ ആവര്‍ത്തിക്കുന്നു. ലഭിച്ച നന്മകള്‍ മറ്റുളളവര്‍ക്ക് പങ്കിടുന്നതിന് ഇതുവരെ എന്തെങ്കിലും ചെയ്തതായി ഓര്‍മ്മയില്ല.

 

 

 

സ്റ്റഡി റൂമില്‍ നിന്നും മനോഹരമായി വിരിച്ചൊരിക്കിയിരിക്കുന്ന കിടപ്പു മുറിയിലേക്ക് പ്രവേശിച്ചു. അഗ്നിയുടെ ശക്തിയെപോലും നിഷ്പ്രഭമാക്കുന്ന ലോക്കര്‍ വലിച്ചു തുറന്നു. അടുക്കിവെച്ചിരിക്കുന്ന പച്ച നോട്ടുകളും സ്ഥിര നിക്ഷേപങ്ങളുടെ രസീതുകളും തന്നെ തുറിച്ചു നോക്കുന്നതുപോലെ തോന്നി. മുകളിലിരുന്ന ചെക്കു ബുക്കുകളില്‍ നിന്നും ഒന്നെടുത്തു ആദ്യം കണ്ട ലീഫില്‍ ഒരു സംഖ്യ എഴുതി താഴെ ഒപ്പിട്ടു. സമയം പോയതറിഞ്ഞില്ല. ഭാര്യ കതകു തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് ക്ലോക്കില്‍ നോക്കിയത്. സമയം അര്‍ദ്ധ രാത്രിയായിരിക്കുന്നു. രവിയുമായി സംസാരിച്ചതും യുവതിയുടെ കഥന കഥയും ഭാര്യയുമായി പങ്കിട്ടും. യുവതിയുടെ കുഞ്ഞ് വളര്‍ന്ന് വലുതാകുന്നതുവരെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നതിനും അവര്‍ക്ക് ചെറിയൊരു വീടു വെച്ചു നല്‍കുന്നതിനും ആവശ്യമായ തുക ഞാന്‍ ഈ ചെക്കില്‍ എഴുതിയിട്ടുണ്ട്. ചെക്ക് ഭാര്യയുടെ മുമ്പിലേക്ക് നീട്ടി. ചെക്കിലൂടെ ഒന്ന് കണ്ണോടിച്ചു. അസാധാരണമായ എന്തോ ഒന്ന് പ്രതീക്ഷിച്ചിരുന്ന രാജനോടു പറഞ്ഞതിപ്രകാരമായിരുന്നു. നിങ്ങളെ ഭര്‍ത്താവായി ലഭിച്ചതില്‍ ഇത്രയും വര്‍ഷത്തിനുളളില്‍ ഇന്നാണ് ആദ്യമായി ഞാന്‍ അഭിമാനം കൊളളുന്നത്. ഇത്തരത്തിലുളള തീരുമാനങ്ങള്‍ നേരത്തെ നിങ്ങള്‍ എടുത്തിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു ഗതി നമുക്ക് വരുമായിരുന്നോ ? നിങ്ങള്‍ എന്നെകുറിച്ചു എന്താണ് ധരിച്ചിരിക്കുന്നത് ? ചെക്ക് ഒരു കവറിലിട്ട് രവിയുടെ അഡ്രസും എഴുതി മേശ പുറത്തുവെച്ചും പുറത്ത് പെയ്തുകൊണ്ടിരുന്ന മഴ ശാന്തമായി. കാര്‍മേഘപടലങ്ങള്‍ ഒഴിഞ്ഞു ആകാശത്ത് പൂര്‍ണ്ണ പ്രകാശനം പരത്തി ചന്ദ്രന്‍ ഒരു മന്ദഹസിക്കുന്നതുപോലെ തോന്നി. ലഭിച്ചതിന് നന്ദി കരേറ്റുന്നതോടൊപ്പം നല്‍കുന്നതിലൂടെ ആനന്ദം കണ്ടെത്തുന്നത് എന്ന് താങ്ക്‌സ് ഗിവിങ് ഡേ സന്ദേശം വളരെ വൈകിയാണെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതില്‍ രാജന്‍ സംതൃപ്തനാണ്. ജോലി കഴിഞ്ഞു ക്ഷീണിച്ചു വീട്ടിലെത്തിയ ഭാര്യയെ ധരിച്ചിരുന്ന വസ്ത്രങ്ങളോടെ വാരിപുണര്‍ന്നപ്പോള്‍ ഇരുവരുടേയും കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ അടര്‍ന്നു വീഴുന്നതു പോലെ തോന്നി. ഇത്രയും ധന്യമായ താങ്ക്‌സ് ഗിവിങ് ഡേ ഇനിയും ആഘോഷിക്കുവാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍..................