You are Here : Home / Aswamedham 360

ആത്മീയ നേതൃത്വ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നവരുടെ 'ബാക്ക് ഗ്രൗണ്ട് ചെക്ക്' അനിവാര്യമോ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 08, 2013 09:56 hrs UTC

അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇപ്രകാരം എഴുതിയതായി കണ്ടു. ലോകജനത ഇന്നാരാധിക്കുന്നത് മുപ്പത്തിമുക്കോടി ദേവന്മാരെയാണത്രേ! ഓരോ ദേവസന്നിധിയും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ സംഖ്യകണക്കാക്കിയാല്‍ ഏറ്റവുംകൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്നത് ആത്മീയ മേഖലയിലാണത്രെ! ആത്മീയ ചൈതന്യം തുടിച്ചുനില്‌ക്കേണ്ടതും പകര്‍ന്നു നല്‍കേണ്ടതുമായ ഈ രംഗത്ത് പ്രതിഫലം വാങ്ങിയോ, സൗജന്യമായോ സേവനം അനുഷ്ഠിക്കുവാന്‍ നിയോഗിക്കപ്പെടുന്നവരില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഭൗതീകതയും, ഈശ്വര നിഷേധവും, അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുള്ള വ്യതിചലനവും, അഴിമതിയും, സ്വജന പക്ഷപാതവും, ഗ്രൂപ്പിയിസവും, പീഢനങ്ങളും, ആത്മാര്‍ത്ഥതയില്ലായ്മയും, മാതൃകയില്ലായ്മയും എന്തുകൊണ്ട് എന്ന ഒരു ചോദ്യം സ്വാഭാവികമായും ഉയരുന്നു.

ഒരു സുഹൃത്ത് തന്റെ ജീവിതാനുഭവം വിവരിക്കുന്നതിനിടെ ഗദ്ഗദകണ്ഠനായി ഇപ്രകാരം പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും നാട്ടില്‍ മാന്യമായ തൊഴില്‍ ചെയ്ത് ജീവിച്ചുവന്നവരായിരുന്നു. മക്കളുടെ ഭാവിയോര്‍ത്താണ് ജോലിരാജിവെച്ചു ഇവിടെ എത്തിചേര്‍ന്നത്. ഒരു ദിവസം ആറുവയസ്സുള്ള മകള്‍ അനുസരണകേടു കാണിച്ചപ്പോള്‍ അച്ചനെന്ന നിലയില്‍ ശാസിക്കുകയും, ചൂരല്‍കൊണ്ടു രണ്ടടി കൊടുക്കുകയും ചെയ്തു. അടുത്ത ദിവസം സാധാരണ സ്‌ക്കൂളില്‍ എത്തിയ കുട്ടിയുടെ കാലില്‍ അടിയുടെ പാടുകള്‍ കണ്ട് ടീച്ചര്‍ വിവരം പോലീസിനെ അറിയിച്ചു.സ്‌ക്കൂളില്‍ എത്തിയ പോലീസ് കുട്ടിയോടു കാര്യങ്ങള്‍ തിരക്കി. തലേദിവസം അച്ചന്‍ തന്നെ ശാസിച്ചെന്നും അടിച്ചുവെന്നും നിഷ്‌കളങ്കയായ കുട്ടി പോലീസിനെ അറിയിച്ചു. കൂടുതലൊന്നും പോലീസിന് ആലോചിക്കേണ്ടി വന്നില്ല. നേരെ കുട്ടിയുടെ വീട്ടില്‍ എത്തി പിതാവിനെ കസ്റ്റഡിയില്‍ എടുത്തു. കുട്ടികളെ ദേഹോപദ്രവം ഏല്പിച്ചിരിക്കുന്നത് ഗുരുതരമായ കുറ്റമായി കാണുന്ന നാട്ടില്‍ പിതാവിനെതിരെ കേസ്സെടുത്തു. ചുരുങ്ങിയ കാലത്തെ ജയില്‍ ശിക്ഷയും ലഭിച്ചു. ജയിലില്‍ കഴിയുമ്പോള്‍ കുടുംബത്തെ കുറിച്ചും ഭാവിയെ കുറിച്ചുമുള്ള ആശങ്ക വളരെയധികം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. പിതാവ് ഗൗരവമായ കുറ്റമാണു ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ അംഗീകരിക്കുകയോ, വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. മക്കളെ സ്‌നേഹിക്കുന്ന പിതാവ് നല്‍കിയ ഒരു ചെറിയ ശിക്ഷ മാത്രമായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.

 

 

 

കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. ജയില്‍ വിമോചിതനായ സ്‌നേഹിതന്‍ കുടുംബം പുലര്‍ത്തുന്നതിന് ഒരു തൊഴില്‍ കണ്ടെത്തുവാന്‍ ശ്രമമാരംഭിച്ചു. മിനിമം വേതനമെങ്കിലും ലഭിക്കുവാന്‍ സാധ്യതയുള്ള നിരവധി ജോലികള്‍ക്ക് അപേക്ഷ നല്‍കി. ഒരു അപേക്ഷ പോലും പരിഗണിക്കപ്പെട്ടില്ല. കാര്യം തിരക്കിയപ്പോള്‍ ആണ് മനസ്സിലായത് തന്റെ പേരില്‍ ഉണ്ടായിരുന്ന കേസ്സിന്റേയും, ശിക്ഷയുടേയും ഗൗരവം. ഈ സാഹചര്യത്തില്‍ ഇവിടെ ജീവിക്കുവാന്‍ അസാധ്യമാണെന്ന് പറഞ്ഞു സ്‌നേഹിതന്‍ കുടുംബസമ്മേതം ജനിച്ച നാട്ടിലേക്ക് തിരിച്ചുപോയി. ഒരു ചെറിയ ശിക്ഷ ലഭിച്ചത് ജീവിതത്തില്‍ വരുത്തിവെച്ച വിനകള്‍ എത്ര ഗൗരവമായിരുന്നുവെന്നും, ഒരു തൊഴില്‍ ലഭിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് എന്ന ഊരാ കുടുക്കില്‍ പെട്ട് തകര്‍ന്ന് തരിപ്പണമായത് എപ്രകാരമായിരുന്നുവെന്ന് മേലുദ്ധരിച്ച സംഭവം ചൂണ്ടികാണിക്കുന്നു. എല്ലാ മതഗ്രന്ഥങ്ങളിലും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നവരോ, ഈശ്വര സേവനം അനുഷ്ഠിക്കുന്നവരോ എങ്ങനെയുള്ളവരായിരിക്കണം എന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഇതിനെയെല്ലാം തീര്‍ത്തും അവഗണിക്കുകയോ, നിഷേധിക്കുകയോ, ചെയ്യുന്നവരാണ് ഇന്ന് ഈ സ്ഥാനങ്ങളില്‍ കയറി പറ്റിയിരിക്കുന്നവരില്‍ ഭൂരിപക്ഷവും. ജനാധിപത്യ രീതിയിലാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ആള്‍ സ്വാധീനവും, പണവും, മദ്യവും, അരുതാത്തതെന്തെല്ലാമോ അതിന്റെയെല്ലാം പിന്‍ബലത്തില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുവാന്‍ നടത്തുന്ന ഹീന ശ്രമങ്ങള്‍ ആത്മീയ മണ്ഡലത്തിലും വ്യാപകമായിരിക്കുന്നു. രാഷ്ട്രീയ-സാമൂഹ്യ- സംസ്‌ക്കാരിക സംഘടനകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളെപോലും ലജ്ജിപ്പിക്കുന്ന തരംതാഴ്ന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആത്മീയ രംഗത്തെ മേല്‍ ഘടകം മുതല്‍ കീഴ്ഘടകം വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ പ്രയോഗിക്കപ്പെടുന്നത്.

 

 

ഈ തിരഞ്ഞെടുപ്പുകളിലൂടെ വിജയിച്ചു വരുന്നവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വക്താക്കളാണെന്ന് എങ്ങനെയാണ് പറയാതിരിക്കുവാന്‍ കഴിയുക. അത്മായ- ആത്മീയ നേതൃത്വ സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ മദ്യപാനാസക്തി ഉള്‍പ്പെടെ മുന്‍കാല ജീവിത പശ്ചാത്തലം പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമേ തിരഞ്ഞെടുപ്പുകള്‍ മത്സരിക്കുവാന്‍ അനുമതി നല്‍കാവൂ എന്നൊരു പ്രമേയം ഒരു പ്രധാന ക്രിസ്തീയ മതത്തിന്റെ പരമോന്നത സമിതിയില്‍ അവതരിപ്പിക്കപ്പെട്ടു. ഈ പ്രമേയത്തെ ക്രിസ്തീയ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വ്വാത്മന അംഗീകരിച്ചു പാസ്സാക്കിയെടുക്കുവാന്‍ ബാധ്യസ്ഥരായവര്‍ പഞ്ച പുച്ഛമടക്കിയിരുന്നത്. പ്രമേയം തിരസ്‌ക്കരിക്കപ്പെടുന്നതിനോ, പിന്‍വലിക്കപ്പെടുന്നതിനോ ഇടയായി പോലും! വിശദമായി ഇതിനെക്കുറിച്ചു അന്വേഷിച്ചപ്പോള്‍ ഇത്തരക്കാരെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തുവാനുള്ള നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കിയാല്‍ ഈ മേഖലയില്‍ ചമതലയേറ്റുടുക്കുവാന്‍ ആളുകളെ ലഭിക്കാതെ വരുമെന്നുള്ള പരിതാപകരമായ സത്യമാണ് രഹസ്യമായി ലഭിച്ചത്. തികച്ചും അസംബന്ധമായ ഈ ധാരണ പൂര്‍ണ്ണമായും തിരുത്തപ്പെടേണ്ടതാണ്. ഭൗതീക വളര്‍ച്ച പ്രാപിച്ചു എന്നഭിമാനിക്കുന്ന പല മതങ്ങളുടേയും ആത്മീയ വളര്‍ച്ച മുരടിക്കുന്ന പ്രധാന കാരണങ്ങളിലൊന്നിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ചില മതങ്ങളിലെങ്കിലും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈശ്വര പ്രമാണങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്നു എന്ന് പ്രതിജ്ഞാ പത്രം ഒപ്പിട്ടു സമര്‍പ്പിക്കേണ്ടതുണ്ടെങ്കിലും , പൂര്‍ണ്ണമായ ബാക്ക് ഗ്രൗണ്ട് ചെക്ക് മാത്രമാണ് മാനുഷിക രീതിയില്‍ അത്മായ- ആത്മീയ നേതൃത്വസ്ഥാനത്തേയ്ക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിനുള്ള ഏകമാര്‍ഗ്ഗം. മനുഷ്യനെ പൂര്‍ണ്ണമായും വിലയിരുത്തുന്നതിന് ഒരാള്‍ക്കും സാധ്യമല്ലെങ്കിലും, മനുഷ്യ ബുദ്ധിയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഈശ്വരന്‍ വിഭാവനം ചെയ്യുന്ന ഒരു ആത്മീയത പുലര്‍ന്നു കാണണമെങ്കില്‍ ഇതിനാവശ്യമായ നടപടികള്‍ ആത്മീയ നേതൃത്വം സ്വീകരിച്ചേ മതിയാവൂ.

    Comments

    Gee Jay November 04, 2013 03:49

    Most of the undeservings are on the job, regardless of the field. The offenders get away with it easily. Nothing can stop the unehical deeds, because the offenders nevr get punished.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.