You are Here : Home / Aswamedham 360

പുതിയ നികുതി നിര്‍ദേശം ഭവന മേഖലയില്‍ ദോഷകരമാകും

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Wednesday, November 29, 2017 11:26 hrs UTC

വാഷിംഗ്ടണ്‍: എല്ലാ പുതിയ നിയമങ്ങളും, നിയമഭേദഗതികളും അവതരിപ്പിക്കുന്നത് സാധാരണക്കാരായ ഇടത്തരക്കാരുടെ ഭാരം ലഘൂകരിക്കുവാനാണ് യു.എസ്.സെനറ്റില്‍ അവതരിപ്പിക്കുന്ന പുതിയ നികുതി നിയമവും ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കും എന്നാണ് റിപ്പബ്ലിക്കനുകള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ വരുമാന നികുതി നിശ്ചയിക്കുന്നതിന് ലഭിച്ചു വരുന്ന സാള്‍ട്ട് ഇളവുകള്‍ തുടരാന്‍ സാധ്യതയില്ല. സാള്‍ട്ടിനെക്കുറിച്ച് വരും ദിനങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടാകും. എന്താണ് സാള്‍ട്ട് എന്ന് പലര്‍ക്കും അറിയില്ല. സ്റ്റേറ്റ് ആന്റ് ലോക്കല്‍ ടാക്‌സസ് എന്നതാണ് പൂര്‍ണ്ണരൂപം. ഓരോ വര്‍ഷവും നികുതി ദായകന്‍ നികുതി നല്‍കേണ്ട വരുമാനം നിശ്ചയിക്കുന്നത് വാര്‍ഷികവരുമാനത്തില്‍ ആ വര്‍ഷം നികുതി ദായകന്‍ നല്‍കിയ സംസ്ഥാന, തദ്ദേശഭരണ നികുതിയും വസ്തുവകകളില്‍ നല്‍കിയ നികുതിയും കുറച്ചിട്ടാണ്.

 

 

വരുമാനത്തിന് മേല്‍ രണ്ട് നികുതി ചുമത്തേണ്ടതില്ല എന്ന ചിന്തയാണ് സാള്‍ട്ട് ഇളവുകള്‍ നല്‍കണം എന്ന് തീരുമാനിക്കുവാന്‍ കാരണം. 1913 ല്‍ നികുതി വ്യവസ്ഥകള്‍ പ്രാബല്യത്തിലായപ്പോള്‍ ആകെ ഉണ്ടായിരുന്ന ആറ് ഇളവുകളില്‍ ഒന്നായിരുന്നു സാള്‍ട്ട്. ഇരട്ടി നികുതി ഒഴിവാക്കുന്നതിനൊപ്പം സംസ്ഥാന, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും സാള്‍ട്ട് സഹായിച്ചു. അമേരിക്കയുടെ ഫെഡറല്‍ സംവിധാനത്തില്‍ സുപ്രധാന പൊതുജന സേവനങ്ങള്‍ക്കും ഈ ധനം പ്രയോജനപ്പെടുത്തി വന്നു. ഭവനം സ്വന്തമാക്കുവാന്‍ സാധാരണക്കാരന് ഒരു വലിയ പ്രേരണയായി പ്രോപ്പര്‍ട്ടി ടാക്‌സിനും ഭവനവായ്പാ പലിശയ്ക്കും വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന ഇളവ് മാറി. ഈ ഇളവ് നിര്‍ത്തലാക്കുന്നത്, ഇടത്തരക്കാരെ മൂന്ന് വിധത്തില്‍ പ്രതികൂലമായി ബാധിക്കും. ഉയര്‍ന്ന വരുമാന നികുതി, ഭവനവിലയിലെ ഇടിവ്, പൊതുസേവനങ്ങളില്‍ സംഭവിക്കാനിടയുള്ള കുറവ് എന്നിവയാണിവ. അമേരിക്കക്കാര്‍ വിഭാന ചെയ്യുന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാതിരിക്കുവാന്‍ മറ്റൊരു കാരണമായി ഇത് മാറും. സെനറ്റിന്റെ നികുതി നിര്‍ദേശം വിശകലനം ചെയ്ത നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് കൗണ്ടീസ് കണ്ടെത്തിയ വിവരങ്ങള്‍ ഇവയാണ്. ദേശീയ തലത്തില്‍ ഭവന ഉടമകളായ ഇടത്തരക്കാര്‍(വാര്‍ഷിക വരുമാനം 2 ലക്ഷം ഡോളറില്‍ കുറവ്)ക്കിടയിലാണ് പഠനം നടത്തിയത്.

 

 

അമേരിക്കന്‍ കുടുംബങ്ങളുടെ 56% വരും ഇവ. 4 കോടി 40 ലക്ഷം കുടുംബാംഗങ്ങള്‍ തങ്ങളുടെ പ്രതിവര്‍ഷ വരുമാനത്തില്‍ നിന്ന് സാള്‍ട്ട് ഇളവ് നേടുന്നു. സെനറ്റ് ഈ ഇളവില്‍ കണ്ണ് വയ്ക്കുന്നത് ഇത് നിര്‍ത്തലാക്കിയാല്‍ ഖജനാവില്‍ എത്തുന്ന അധിക നികുതി അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 1.6 ട്രില്യന്‍ ഡോളറായിരിക്കും. നികുതി നിര്‍ദേശകര്‍ക്ക് ഈ ധനം മറ്റ് നികുതി ഇളവുകള്‍ക്കായി ഉപയോഗിക്കുവാന്‍ കഴിയും? ഈ ഇളവുകള്‍ ഇടത്തരക്കാര്‍ക്ക് ലഭിക്കുകയില്ല എന്ന് വിമര്‍ശകര്‍ വാദിക്കുന്നു. തലമുറകളായി അധ്വാനശീലരായ ഭവന ഉടമകള്‍ ഈ ഇളവ് ആശ്രയിച്ചാണ് അല്പമെങ്കിലും സുഖകരമായ ഇടത്തര ജീവിതം, കെട്ടിപ്പടുത്തത്. ഇതൊരു സാമ്പത്തിക ഉടമ്പടി യായി ഇടത്തരക്കാര്‍ കരുതിയിരുന്നു. ഇപ്പോള്‍ ഈ ഉടമ്പടിയില്‍ നിന്ന് ഗവണ്‍മെന്റ് പിന്മാറുകയാണ് എന്നാണ് ആരോപണം. 2015 ല്‍ ഒരു ശരാശരി കുടുംബത്തിന് ലഭിച്ചത് 9,119 ഡോളറാണ്. നോര്‍ത്ത് ടെക്‌സസിലെ ഭവന ഉടമകളും സെനറ്റിന് മുമ്പിലുള്ള നികുതി നിര്‍ദേശത്തില്‍ ആശങ്കാകുലരാണ്. ദേശീയ തലത്തില്‍ ഭവന ഉടമകളുടെ നികുതി ഉയരുമ്പോള്‍ ഡാലസ് കൗണ്ടിയില്‍ 2, 50,000 വും, ടരന്റ് കൗണ്ടിയില്‍ 2, 23,000 വും, കൊളിന്‍ കൗണ്ടിയില്‍ 1,55,000 വും, ഡെന്റല്‍ കൗണ്ടിയില്‍ 1,21,000 ഭവന ഉടമകളുടെ നികുതിയാണ് ഉയരുക. നികുതി ഇളവുകള്‍ ഉണ്ടാകും എന്ന് വാഷിംഗ്ടണ്‍ പറയുമ്പോള്‍ അത് വിശ്വസിക്കുവാന്‍ പ്രയാസപ്പെടുകയാണ് ഇടത്തരക്കാരായ അമേരിക്കക്കാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.