You are Here : Home / Aswamedham 360

ഡെയ്റ്റിങ്ങില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 26, 2013 10:45 hrs UTC

പാശ്ചാത്യ- പൗരസ്ത്യ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും കൗമാര- യുവജനങ്ങള്‍ക്കിടയില്‍ അവിശ്വസനീയമാംവണ്ണം വര്‍ദ്ധിച്ചുവരുന്ന അപകടരമായ ഒരു സംസ്‌ക്കാരമാണ് ഡെയ്റ്റിങ്ങ്. ഡെയ്റ്റിങ്ങ് എന്നത് ഒരു നൂതന ആശയമായി കരുതാനാവില്ല. പൗരാണിക് ഭാരതത്തില്‍ ഉടലെടുത്ത ആര്യ- ദ്രാവിഡ സംസ്‌ക്കാരത്തില്‍ നടന്നിരുന്ന പ്രേമ വിവാഹങ്ങളാണ് പിന്‍കാലത്ത് ഡെയ്റ്റിങ്ങ് എന്ന ഓമന പേരില്‍ അറിയപ്പെടുവാനാരംഭിച്ചത്. യുവമിഥുനങ്ങള്‍ തമ്മിലുള്ള ദീര്‍ഘവും, അനശ്വരവുമായ നിരവധി പ്രേമകഥകളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പരസ്പരം കണ്ടും, കേട്ടും, അറിഞ്ഞും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കാതെ വളര്‍ന്നു വന്നിരുന്ന അനുരാഗം ഒടുവില്‍ വിവാഹത്തിലൂടെ സാഫല്യമെടുത്തിരുന്നു. ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും ഇപ്രകാരം നടക്കുന്ന വിവാഹങ്ങള്‍ക്ക് സമൂഹത്തില്‍ പവിത്രതയും, മാന്യതയും കല്പിക്കപ്പെട്ടിരുന്നു.

 

 

 

നൈമിഷിക വികാരങ്ങള്‍ക്കടിമപ്പെട്ട് സ്ഥായിയായി നിലനില്‍ക്കേണ്ട വിവാഹ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുവാന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല എന്നു മാത്രമല്ല മരണം പരസ്പരം വേര്‍തിരിക്കും വരെ അത് നിലനില്‍ക്കുകയും ചെയ്തിരുന്നു. ആധുനിക കാലഘട്ടത്തില്‍ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വികലമാക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ വിവാഹത്തിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടവരില്‍ നല്ലൊരു ശതമാനം ഭാര്യ-ഭര്‍ത്തൃബന്ധത്തിന്റെ യഥാര്‍ത്ഥ ആഴം ഗ്രഹിക്കാതെ പരസ്പരം വിശ്വാസ്യത നഷ്ടപ്പെട്ട് ശിഥിലമായ കുടുംബജീവതം നയിക്കുന്നവരാണ്. ഡെയ്റ്റിങ്ങ് എന്ന ചതിക്കുഴിയില്‍ വീഴുന്നവരില്‍ ഭൂരിപക്ഷവും ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള മാതാപിതാക്കളുടെ തലമുറയാണെന്ന് നിസംശ്ശയം മനസ്സിലാക്കാം. ഇതില്‍ ഒട്ടും അതിശയോക്തിയില്ല കാരണം വിവാഹത്തിനു മുന്‍പ് പരസ്പരം ആശയവിനിമയം നടത്തുന്നതിനോ മനസ്സിലാക്കുന്നതിനോ മാതാപിതാക്കള്‍ക്ക് അവസരം ലഭിക്കാത്തതാണ് വിവാഹ ബന്ധങ്ങള്‍ തകര്‍ച്ചയിലേക്ക് നയിക്കപ്പടുവാന്‍ ഇടയാക്കിയതെന്ന് ഇവര്‍ വിശ്വസിക്കുന്നു.

 

 

അതിനാല്‍ വിവാഹത്തിനു മുമ്പ് ഡെയ്റ്റിങ്ങ് അനിവാര്യമാണെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഡെയ്റ്റിങ്ങില്‍ ഒരാപകതയും കണ്ടെത്താനാകില്ല. വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങളില്‍ പരസ്പരം വിവാഹിതരാകുവാന്‍ ആഗ്രഹിച്ചിരുന്നവര്‍ മാതാപിതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ ശിരസ്സാവഹിച്ചു ആ സുന്ദര മുഹൂര്‍ത്തത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവന്ന നിരവധി സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും തികച്ചും വിഭിന്നമായ ഡെയ്റ്റിങ്ങ് സംസ്‌ക്കാരമാണ് ഇന്നത്തെ യുവതലമുറയെ ഗ്രസിച്ചിരിക്കുന്നത്. ഹൈസ്‌ക്കൂള്‍- കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ പരസ്പരം പരിചയപ്പെടുന്ന യുവതിയുടേയോ, യുവാവിന്റേയൊ മനസ്സില്‍ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ തളിരിടുവാനാരംഭിക്കുന്നു. കുടുംബാന്തരീക്ഷത്തില്‍ നിന്നും, മാതാപിതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്നും അകന്നു കഴിയുന്ന കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന ഏകാന്തത പരിഹരിക്കുന്നതിന് മനസ്സിനിണങ്ങിയ ഒരു ഇണയെ കണ്ടെത്തുവാനുള്ള വ്യഗ്രതയാണ് ഡെയ്റ്റിങ്ങ് എന്ന സംസ്‌ക്കാരത്തിലേക്ക് ഇവരെ ആകര്‍ഷിക്കുന്നത്. ആരംഭഘട്ടത്തില്‍ നല്ല സുഹൃത്ത്ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പരസ്പരം സംസാരിക്കുന്നതിനും, ആശയവിനിമയത്തിനും ഇവര്‍ കണ്ടെത്തുന്നത് പാര്‍ക്കുകളും, ലൈബ്രറികളും റസ്റ്റോറന്റുകളുമാണ്. തുടര്‍ന്ന് ഒറ്റക്ക് താമസിക്കുന്ന മുറികളില്‍ നിത്യസന്ദര്‍ശനം നടത്തുക, ഒന്നിച്ചു താമസിക്കുക എന്ന സ്ഥിതിയിലേക്ക് ബന്ധങ്ങള്‍ അതിവേഗം വളരുന്നു. ഇവിടെയാണ് അറിഞ്ഞോ അറിയാതേയോ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നത്.

 

 

 

 

 

ലോകത്തിലെ സകലജീവജാലങ്ങള്‍ക്കു സ്വതസിദ്ധമായി ലഭിച്ചിരിക്കുന്ന അതിമഹത്തായ ഒരു വരദാനമാണ് ലൈംഗീക വികാരം. പ്രത്യേക സാഹചര്യത്തില്‍ പ്രേമത്തിന്റെ തീവ്രത യുവമിഥുനങ്ങളുടെ ഹൃദയങ്ങളേയും, മനസ്സുകളേയും, ശരീരത്തേയും ഒരുപോലെ ബാധിക്കപ്പെടുന്നു. ഇവിടെ വികാരം വിവേകത്തെ കീഴ്‌പ്പെടുത്തുന്നു. വിവാഹത്തിനു ശേഷം മാത്രമാണ് ലൈംഗീക ജീവിതം അനുവദിക്കപ്പെട്ടിരിക്കുന്നത് എന്ന സനാതന സത്യം ഇവിടെ വിസ്മരിക്കപ്പെടുന്നു. ഡെയ്റ്റിങ്ങിന്റെ പേരില്‍ യുവതി- യുവാക്കളെ മാറിമാറി പരീക്ഷിക്കുന്ന ആപല്‍ക്കരമായ പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇത് തെറ്റുകളില്‍ നിന്നും കൂടുതല്‍ തെറ്റുകളിലേക്ക് നയിക്കപ്പെടുന്നു. ഡെയ്റ്റിങ്ങില്‍ കൂടുതല്‍ വഞ്ചിതരാകുന്നത് സ്ത്രീകളാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും, ലൈംഗീക ചൂഷണത്തിനും വിധേയരാക്കിയതിനുശേഷം നിഷ്‌ക്കളങ്കരായ പെണ്‍കുട്ടികളുടെ ജീവിതത്തെ പിച്ചിച്ചീന്തി തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത് സര്‍വ്വസാധാരണമായിരിക്കുന്നു. ആരോഗ്യകരവും, അനാരോഗ്യകരവുമായ 'ഡെയ്റ്റിങ്ങ്' ബന്ധങ്ങള്‍ ഏതാണെന്ന് തിരിച്ചറിയുന്നതില്‍ പെണ്‍കുട്ടികള്‍ പരാജയപ്പെടുന്നു എന്നുള്ളതാണ് അടിസ്ഥാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഈയ്യിടെ പ്രസിദ്ധീകരിച്ച ഒരു സര്‍വേയില്‍ ഡെയ്റ്റിങ്ങിന്റെ പേരില്‍ 87 ശതമാനം പെണ്‍കുട്ടികള്‍ വെര്‍ബല്‍ അബ്യൂസിനും, 47 ശതമാനം ശാരീരിക പീഢനത്തിനും 25 ശതമാനം ലൈംഗീക പീഢനത്തിനും ഇരയാകുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവിട്ടിരിക്കുന്നു.

 

 

 

 

2012 ല്‍ ടെക്‌സസ്സില്‍ മാത്രം 44442 നിഷ്‌ക്കളങ്കരായ പെണ്‍കുട്ടികളാണ് ലൈംഗീക പീഡനത്തിന് ഇരയായതായി നാഷണല്‍ 'ഡെയ്റ്റിങ്ങ് അബ്യൂസ്' ഹെല്‍പ് ലൈനിലൂടെ പരാതിപ്പെട്ടിരുന്നത്. ഡെയ്റ്റിങ്ങുമായി ബന്ധപ്പെട്ട് 370 ഫോണ്‍ കോളുകള്‍ ഓരോ മാസവും ശരാശരി ലഭിക്കുന്നുണ്ടെന്നും സര്‍വ്വെ വെളിപ്പെടുത്തുന്നു. ഡെയ്റ്റിങ്ങിന്റെ സദുദ്യേശത്തെകുറിച്ച് തികച്ചും ബോധ്യമുണ്ടെങ്കിലും, അതില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വളരുന്ന തലമുറയെ ബോധവല്‍ക്കരിക്കുന്നതിനും, മാതൃകാപരമായ വിവാഹബന്ധങ്ങള്‍ ഏപ്രകാരമായിരിക്കണമെന്ന് സ്വാനുഭവത്തിലൂടെ തെളിയിക്കുന്നതിനും മാതാപിതാക്കള്‍ സന്നദ്ധരാകണം. ലൈംഗീക അരാജകത്വത്തിലേക്ക് നയിക്കുവാന്‍ സാധ്യതയുള്ള അനാരോഗ്യകരമായ ഡെയ്റ്റിങ്ങ് ഉപേക്ഷിച്ചു. പരിപാവനവും, അതിശ്രേഷ്ഠവുമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ആരോഗ്യകരമായ ഡെയ്റ്റിങ്ങ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കുന്ന പരിശ്രമത്തില്‍ നമുക്കും പങ്കുചേരാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.