You are Here : Home / Aswamedham 360

അഭിനയത്തിന് ഇനി അഞ്ച് കോടി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, September 07, 2013 03:21 hrs UTC

കോഴിക്കോട്: അഭിനയ ജീവിതത്തിന്റെ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരാജാവ് മോഹന്‍ലാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഫെയ്സ് ബുക്കില്‍ 10 ലക്ഷം ലൈക്കുകള്‍ ലഭിക്കുന്ന ആദ്യ മലയാളി താരം എന്ന ബഹുമതിക്കൊപ്പം പ്രതിഫലത്തിന്റെ കാര്യത്തിലും ഒരു മലയാള താരത്തിനും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലേയ്ക്കു പറക്കുകയാണു മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍.'ഉന്നെപോല്‍ ഒരുവന്‍' എന്ന ചിത്രത്തിനുശേഷം തമിഴ് സിനിമയില്‍ ഗംഭീര വേഷവുമായി എത്തുന്ന ലാലേട്ടന് അഞ്ച് കോടിരൂപയാണു പ്രതിഫലമെന്നാണ് അറിയുന്നത്.അതായത് ഇന്നേ വരെ ഒരു മലയാളിതാരത്തിനും അന്യഭാഷാസിനിമകളില്‍ അഭിയിച്ചതിന് ലഭിച്ചിട്ടില്ലാത്തത്ര പ്രതിഫലം. മലയാള സിനിമയില്‍ അഭിയിക്കുന്നതിന് ഒരു താരം വാങ്ങുന്നതിന്റെ ഇരട്ടിയിലധികം തുകയും. ഇളയ ദളപതി വിജയ് പ്രധാന വേഷത്തിലെത്തുന്ന 'ജില്ല' എന്ന തമിഴ് ചിത്രത്തിനാണ് മോഹന്‍ലാലിനു ഇത്രയും വലിയ പ്രതിഫല തുക ലഭിച്ചിരിക്കുന്നത്. മുന്‍പ് ലാലിനെ നായകനാക്കി മലയാളത്തില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം കീര്‍ത്തിചക്ര എന്ന സിനിമയുടെ നിര്‍മാതാക്കളായ സൂപ്പര്‍ഗുഡ് ഫലിംസാണ് 'ജില്ല' എന്ന തമിഴ്ചിത്രവും നിര്‍മിക്കുന്നത്.

വിജയയുടെ ഗോഡ്ഫാദറിന്റെ വേഷമാണ് ചിത്രത്തില്‍ ലാലിന്. പൂര്‍ണമായും മധുരെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ലാലിന്റെ ഗെറ്റപ്പ് ഇതികനകം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി കഴിഞ്ഞു. ചിത്രത്തില്‍ ശിവ എന്ന ശക്തമായ കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. ശക്തി എന്ന കഥാപ്വാത്രമായി വിജയ് എത്തുന്നു. മോഹന്‍ലാലിന് ശക്തവും കഥയിലെ വഴിത്തിരിവാകുന്നതുമായി കഥാപാത്രമാണ് സംവിധായകന്‍ ശേന്‍ നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭമാണിത്. രണ്ട് വര്‍ഷം മുന്‍പാണ് ഈ ചിത്രത്തിന്റെ കഥ മസ്സില്‍ തോന്നിയതെന്നു സംവിധായകന്‍ പറയുന്നു. ശക്തമായ രണ്ട് കഥാപാത്രങ്ങള്‍ക്കായുള്ള തിരച്ചിലാണ് വിജയിലേയ്ക്കും മോഹന്‍ലാലിലേയ്ക്കും എത്തിയത്. കീര്‍ത്തി ചക്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സഹകരിച്ച നിര്‍മാതാക്കള്‍ക്കാവട്ടെ ഇരട്ടി സന്തോഷവുമായി ഇത്. കാജള്‍ അഗര്‍വാള്‍ 'തുപ്പാക്കി' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിജയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും 'ജില്ല'യ്ക്ക് സ്വന്തം.

ലാലിനൊപ്പം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ച പൂര്‍ണിമ ഭാഗ്യരാജ് ജില്ലയില്‍ ലാലിന്റെ നായികയായി എത്തുന്നു. പൊങ്കല്‍ദിനത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സണ്‍ ടി.വി റെക്കോര്‍ഡ് തുകയ്ക്കാണ് വാങ്ങിയിരിക്കുന്നത്. ചിത്രവുമായി സഹകരിക്കുന്ന അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരുമാവട്ടെ സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുമില്ല. ചിത്രത്തിന്റെ മുക്കാല്‍ ഭാഗത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. മലയാളത്തിന്റെ സൂപ്പര്‍താരം നിറഞ്ഞാടുന്ന ചിത്രമായതിനാല്‍ കേരളത്തില്‍ നൂറിലധികം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഇപ്പോള്‍ ഹൈദരാബാദില്‍ നടക്കുകയാണ്. മോഹന്‍ലാല്‍, വിജയ് , കാജള്‍ അഗര്‍വാള്‍ എന്നിവരുള്‍പ്പെടുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ലാലിന്റെയും ഇളയ ദളപതിയുടെയും ഇന്‍ട്രോഡക്ഷന്‍ സീനുകളും ഇവിടെ ചിത്രീകരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.