You are Here : Home / Aswamedham 360

ഇത് വരുംതലമുറക്കുള്ള പ്രചോദനം

Text Size  

Geethu Thambi

Aswamedham News Team

Story Dated: Sunday, January 11, 2015 11:32 hrs UTC

 ഷാഫി പറമ്പില്‍

സി.എന്‍.എന്‍.- ഐ.ബി.എന്‍ ചാനലിന്റെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍
പുരസ്‌കാരത്തിനായുള്ള തിരഞ്ഞെടുപ്പില്‍, അതിലുള്‍പ്പെട്ടിരിക്കുന്ന
ആളുകളുടെ കൂട്ടത്തില്‍ വളരെയധികം മുന്നിലാണ് നമ്മുടെ ഇന്റലിജന്‍സ്
ഡി.ഐ.ജി പി. വിജയന്‍ ഐ.പി.എസ്. സി.എന്‍.എന്‍.- ഐ.ബി.എന്‍ പോലൊരു
മാധ്യമപ്രസ്ഥാനം രാജ്യവ്യാപകമായി ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍
അതില്‍ നമുക്ക് ഏറെ സുപരിചിതനായ, മലയാളിയായ ഒരു ഉദ്യോഗസ്ഥന്‍
ഉള്‍പ്പെടുന്നു എന്നത് വളരെ അഭിമാനകരമാണ്.
രണ്ടാമത്തെ കാര്യം ഇത്തരം പുരസ്‌കാരങ്ങള്‍ ഇനിയുള്ള തലമുറയെ
പ്രോത്സാഹിപ്പിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് എന്നതാണ്.  അവര്‍ക്ക്
ഒരു പ്രചോദനമാകുക, നല്ല കാര്യങ്ങള്‍ ചിന്തിക്കാനും
പ്രവര്‍ത്തിക്കാനുമുള്ള കരുത്ത് പകരുക എന്നൊക്കെയുള്ള ഉദ്ദേശ്യത്തോടു
കൂടിയാണ് ഇത്തരം അവാര്‍ഡിനെ നമ്മള്‍ നോക്കിക്കാണേണ്ടത്. വ്യക്തിപരമായ ഒരു
അംഗീകാരം എന്നതിനപ്പുറത്തേക്ക് ഇനി വരുന്ന തലമുറക്ക് കൊടുക്കുന്ന
പ്രചോദനവും സന്ദേശവുമാണ് ഓരോ അവാര്‍ഡുകളുടെയും ഏറ്റവും വലിയ നേട്ടമായി
ഞാന്‍ കണക്കാക്കുന്നത്.
അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ഒരു പോലീസ്
ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊരു നേട്ടത്തിലെത്തുമ്പോള്‍, അതും കുട്ടിപ്പോലീസ്
ഒക്കെയായി സ്‌കൂള്‍ പോലീസ് കേഡറ്റ് എന്ന സംവിധാനത്തെ രാജ്യത്തിനു തന്നെ
മാതൃകയായി വളര്‍ത്തിക്കൊണ്ടു വന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്
അത്തരമൊരംഗീകാരം ലഭിക്കുകയാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ പ്രചോദിതരാകേണ്ടത്
ശരിക്കു വേണ്ടി നിലകൊള്ളുന്ന വിദ്യാര്‍ത്ഥി സമൂഹം തന്നെയാണ്. ഇത്
അവര്‍ക്ക് വേണ്ടിയുള്ള ഒരംഗീകാരം കൂടിയാണ്.
ശ്രീ. വിജയന്‍ എനിക്ക് സുപരിചിതനായ ആളാണ്. അതിനപ്പുറം മാന്യമായ
പെരുമാറ്റവും ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യാനുള്ള അദ്ദേഹത്തിന്റെ
ആത്മാര്‍ത്ഥതയും എനിക്കറിയാം. ജോലിയോട് പ്രതിബദ്ധതയുള്ള ഒരുദ്യോഗസ്ഥനാണ്
അദ്ദേഹം. അത് തന്നെയാണ് അദ്ദേഹത്തെ ഇത്തരം പുരസ്‌കാരങ്ങള്‍ക്ക്
അര്‍ഹനാക്കുന്നതും. സ്റ്റുഡന്റ് പോലീസ് മുതലായ അദ്ദേഹത്തിന്റെ
നേട്ടങ്ങള്‍ക്കൊപ്പം ഈ സവിശേഷതകള്‍ കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ ആ
ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അദ്ദേഹത്തിന് എല്ലാ വിജയാശംസകളും ഞാന്‍ നേരുന്നു. വിജയപരാജയങ്ങള്‍ക്ക്
അപ്പുറത്തേക്ക് അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന
അംഗീകാരങ്ങള്‍ക്കപ്പുറത്തേക്ക് ഈ ഒരു പരിഗണനയിലേക്ക്, ഈ ലിസ്റ്റിലേക്ക്
അദ്ദേഹം വന്നതു തന്നെ തങ്ങള്‍ക്കു ലഭിക്കുന്ന അംഗീകാരമായി കേരളത്തിലെ
പോലീസ് സേനക്കു കാണാവുന്നതാണ്. അവരുടെ വിശ്വാസ്യതക്കു കൂടി കിട്ടുന്ന ഒരു
മെഡല്‍ ആയി ഞാനതിനെ കണക്കാക്കുന്നു. അദ്ദേഹത്തിന് എല്ലാ പിന്തുണയും
അറിയിക്കുന്നു. ഒപ്പം എല്ലാവിധ ആശംസകളും…

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.