You are Here : Home / USA News

ഡെലാവെയറിലെ മലയാളം ക്ലാസ്സിന് വർണ്ണോജ്വലമായ തുടക്കം

Text Size  

Story Dated: Tuesday, February 25, 2014 11:35 hrs UTC

ഡെലാവെയറിലെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന മലയാളം ക്ലാസ്സിന് വർണ്ണോജ്വലമായ തുടക്കം. ഫെബ്രുവരി 22 ശനിയാഴ്ച്ച ഡെലാവെയർ ഹോക്കസിനിലുള്ള ഹിന്ദു ക്ഷേത്രത്തിൽ വച്ച് ഡെലാവെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ മോഹൻ ഷേണായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലയാളം ക്ലാസ്സിനു തുടക്കം കുറിച്ചപ്പോൾ സഫലമായത് മലയാളി അസോസിയേഷന്റെ വളരെ നാളത്തെ പ്രയത്നം ആയിരുന്നു. മലയാള നാടിനെയും, സംസ്കാരത്തെയും കുറിച്ചു നമ്മുടെ കുട്ടികൾ അറിയാനും പഠിക്കാനും ഏറ്റവും നല്ല ഉപാധിയായ മലയാള ഭാഷ പഠിപ്പിക്കാൻ ഒരു വേദി ഉണ്ടാവുക എന്നത് ഡെലാവെയറിലെ മലയാളികളുടെ വളരെ നാളത്തെ സ്വപ്നമായിരുന്നു.

 

ആ സ്വപ്നം അതിന്റെ എല്ലാ മനോഹാരിതയോടും കൂടെ ഹിന്ദു ക്ഷേത്രത്തിൽ സാക്ഷാത്ക്കരിച്ചപ്പോൾ അതിനു സാക്ഷികളായി ആവേശത്തോടെ നിരന്നു നിന്ന് വരവേറ്റു ഡെലാവെയറിലെ മലയാളികൾ. ഡെലാവെയർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ നിവേദ രാജൻ, ജോ. സെക്രട്ടറി അജിത മേനോൻ, അസോസിയേഷൻ ഭാരവാഹികളായ ബിജു ദാസ്‌, അബിത ജോസ്, ജൂലി വിൽസണ്‍, ഡെലാവെയറിലെ മുതിർന്ന മലയാളികളായ പി. സുബ്രമണ്യൻ, മാധവൻ നായർ, ജോസ് പോൾ, ബാലകൃഷ്ണ പണിക്കർ എന്നിവരോടൊപ്പം ഇരുപതിലധികം കുട്ടികളും അവരുടെ മാതാപിതാക്കളും ഈ ധന്യ മുഹൂർത്തത്തിനു സാക്ഷികളായിരുന്നു.

 

 

മലയാളി അസോസിയേഷൻ ഭാരവാഹികളായ അജിത മേനോൻ, ബിജു ദാസ് എന്നിവരോടൊപ്പം അസോസിയേഷൻ അംഗമായ രശ്മി പ്രതീപും ചേർന്ന് കുട്ടികൾക്ക് വേണ്ടി മലയാളം ക്ലാസ് തുടങ്ങുകയെന്ന ആശയവുമായി മുന്നോട്ടു വന്നപ്പോൾ മുതൽ അതിനെ പ്രോത്സാഹിപ്പിക്കുകയും അതിനു വേണ്ടി എല്ലാ മാർഗ്ഗ നിർദേശവും നൽകി പ്രസിഡന്റ്‌ മോഹൻ ഷെണായിയും വൈസ് പ്രസിഡന്റ്‌ നിവേദ രാജനും എപ്പോഴും കൂടെയുണ്ടായിരുന്നു. ഉത്ഘാടന ചടങ്ങിനു ശേഷം കുട്ടികൾ അവരുടെ ആദ്യ മലയാളം ക്ലാസ്സിനു തുടക്കം കുറിച്ചപ്പോൾ ഇതിനുവേണ്ടി പ്രയത്നിച്ചവരോടൊപ്പം കണ്ടു നിന്ന രക്ഷിതാക്കളുടെയും മനസ്സ് നിറഞ്ഞു. ക്ലാസ് എടുക്കാൻ സ്വമേധയ മുന്നോട്ടു വന്ന രശ്മി പ്രതീപ് കുട്ടികൾക്ക് മലയാള അക്ഷരമാല എഴുതുവാൻ പരിചയപ്പെടുത്തിയപ്പോൾ വളരെ നാളത്തെ പ്രയത്നം ഫലമണിഞ്ഞതിന്റെ ചാരിതാർത്ഥ്യമാണ് ഡെലാവെയർ മലയാളി അസോസിയേഷന്. അസോസിയേഷന്റെ ഈ പ്രയത്നത്തിൽ കൂടെ നിന്ന് സഹായിച്ച, ഇതിൽ പങ്കാളികളാകാൻ വേണ്ടി എത്തിയ ഡെലാവെയറിലെ എല്ലാ മലയാളികളോടും ഡെലാവെയർ മലയാളി അസോസിയേഷൻ നന്ദി രേഖപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.