You are Here : Home / USA News

ആല്‍ബനി യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ചര്‍ച്ച്‌ ക്രിസ്‌തുമസ്‌ കരോളും തിരുപ്പിറവിയും ഭക്തിസാന്ദ്രമായി ആഘോഷിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, December 27, 2013 03:32 hrs UTC

ആല്‍ബനി (ന്യൂയോര്‍ക്ക്‌): ആല്‍ബനി യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ചര്‍ച്ചിന്റെ (യു.സി.സി.)ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22 ഞായറാഴ്‌ച നടത്തിയ ക്രിസ്‌തുമസ്‌ കരോളും തിരുപ്പിറവി ആഘോഷങ്ങളും ഭക്തിനിര്‍ഭരമായി. ഡിസംബര്‍ 22ന്‌ വൈകീട്ട്‌ 5:30ന്‌ വെസ്‌റ്റേണ്‍ അവന്യൂവിലുള്ള യുണൈറ്റഡ്‌ മെഥഡിസ്റ്റ്‌ ചര്‍ച്ചില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍ നടന്നത്‌. മാനവരക്ഷയ്‌ക്കായി ബേദ്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്നുവീണ ദൈവപുത്രന്റെ ജന്മദിനം ആല്‍ബനിയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പേര്‍ പങ്കെടുത്തുകൊണ്ട്‌ ആമോദമായി ആഘോഷിച്ചു.

'

'വിശ്വാസികളേ വാ......തുഷ്ടമാനസരായ്‌...' എന്നുതുടങ്ങുന്ന ഗാനം കരോള്‍ സര്‍വീസിനു തുടക്കം കുറിച്ചുകൊണ്ട്‌ യു.സി.സി. ഗായകസംഘം ആലപിച്ചപ്പോള്‍ വിവിധ സഭാവിശ്വാസികള്‍ അതേറ്റുപാടി. തുടര്‍ന്നു നടന്ന എല്ലാ പരിപാടികളും വളരെ മനോഹരങ്ങളായിരുന്നു. യു.സി.സി. സണ്‍ഡേ സ്‌കൂള്‍ ഗായകസംഘം ആലപിച്ച 'ഓ...ഹോളി നൈറ്റ്‌....' എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായി. റവ. സുജിത്‌ തോമസ്‌, ജൂനിയാ ജോര്‍ജ്‌ എന്നിവര്‍ ക്രിസ്‌തുമസ്‌ ദൂത്‌ നല്‍കി. വിദ്വാന്മാര്‍ ശിശുവിനെ കണ്ടപ്പോള്‍ സന്തോഷത്തോടെ താണുവീണു ആരാധിച്ചു, അവര്‍ സ്വയം താഴ്‌ത്തി തങ്ങളെ മുഴുവനായി സമര്‍പ്പിച്ചു, ഈ സമര്‍പ്പണത്തിലും ആരാധനയിലുമാണ്‌ ക്രിസ്‌തുമസ്സിന്റെ സന്തോഷം പൂര്‍ണ്ണമാകുന്നതെന്നും, കൃത്രിമ ആനന്ദവും സന്തോഷവും നിറഞ്ഞിരിക്കുന്ന ഈ ലോകത്തില്‍ ക്രിസ്‌തുവില്‍ നിന്നുള്ള യഥാര്‍ത്ഥ ആനന്ദം കൊണ്ടു നിറയുവാനും റവ. സുജിത്‌ തോമസ്‌ തന്റെ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.

 

കുരിയന്‍ ചട്ടത്തില്‍ വേഷമിട്ട സാന്റാക്ലോസിന്റെ ആഗമനം വളരെ പുതുമ നിറഞ്ഞതായിരുന്നു. നേറ്റിവിറ്റി ഷോ, കരോള്‍ ഗാനങ്ങള്‍, വിവിധയിനം കലാപരിപാടികള്‍ എല്ലാംതന്നെ ഈ വര്‍ഷത്തെ ക്രിസ്‌തുമസ്‌ ആഘോഷം പുതുമ നിറഞ്ഞതും ആകര്‍ഷകവുമായി. ജയന്‍ ജോര്‍ജ്‌ എം.സി.യായി പരിപാടികള്‍ നിയന്ത്രിച്ചു. യു.സി.സി. സെക്രട്ടറി അജു എബ്രഹാം സ്വാഗതവും, ട്രഷറര്‍ തോമസ്‌ കോട്ടക്കല്‍ നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന്‌ വിഭവസമൃദ്ധമായ ക്രിസ്‌തുമസ്‌ ഡിന്നറോടുകൂടി തിരുപ്പിറവി ആഘോഷങ്ങള്‍ക്ക്‌ തിരശ്ശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.