You are Here : Home / USA News

സ്‌നേഹപൂര്‍വ്വം അമേരിക്കയില്‍ നിന്ന്‌

Text Size  

Story Dated: Tuesday, December 31, 2013 12:51 hrs UTC

കൊച്ചമ്മേ .. കൊച്ചമ്മേ..... എന്നാടീ കിടന്നു കാറുന്നത്‌?

 

 

വല്ലോരും ഓര്‍ക്കുമല്ലോ ഇവിടെ വല്ല തീ പിടുത്തമോ വല്ലോം ഉണ്ടായോന്ന്‌?

 

 

നീ കിടന്ന്‌ കിതക്കാതെ കാര്യം പറ...

 

 

വാക്കു പാലിച്ചു കൊച്ചമ്മേ, അമേരിക്കക്കാര്‌ വാക്കു പാലിച്ചു.......

 

 

ഹയ്യോ.. എന്ത്‌ വാക്കു പാലിച്ചെന്നാ നീ പറയുന്നത്‌?.....

 

 

അത്‌, ഞാന്‍ പറഞ്ഞില്ലേ അമേരിക്കക്കാര്‍ക്ക്‌ എന്റെ കള്ളം ഒക്കെ മനസ്സിലായി തുടങ്ങിയെന്ന്‌?

 

 

അപ്പം നീ അകത്താകുമോ മോളേ? ( ഹും! ഇതിനേ ഒന്ന്‌ കൊണ്ടുപോയിരുന്നിരുന്നെങ്കില്‍! ഇല്ലേല്‍ ഇവള്‍ എനിക്കും കൂടെ പണി തരും, ഉറപ്പാ, അമേരിക്കക്കാരെ കുപ്പിയിലിറക്കിയവള്‍ എന്നേ വെറുതേ വിടുമോ? എന്റെ മാതാവേ! )

 

 

ഇല്ല കൊച്ചമ്മേ അവര്‌ പറഞ്ഞു , ഞങ്ങള്‍ ഏതായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചു കയറിയിട്ടെയുള്ളൂ എന്ന്‌. ഇടക്ക്‌ അവരെന്നെ ഉപേക്ഷിക്കുമെന്നെനിക്കും തോന്നി. അപ്പോള്‍ ഞാന്‍, ജസ്റ്റിസ്‌ പിള്ളാരേം, സാഹിത്യ സല്ലാപക്കാരേം, പിന്നെ ഗ്രീന്‍പീസുകാരെയും ഒക്കെ വിളിച്ചു. തന്നെയുമല്ല പണ്ടത്തെ അടിമാലിപ്പള്ളിയില്‍ നിന്ന്‌ കിട്ടിയ അത്ഭുത കൊന്തയും എനിക്ക്‌ സാഹയകമായി. അപ്പോള്‍ നീ പറഞ്ഞ്‌ വരുന്നത്‌? ആ.. ആ.. ദേവയാനി കൊച്ചമ്മയുടെ പേരിലുള്ള കേസ്‌ തല്‍ക്കാലം ഒഴിവാക്കുന്നില്ലെന്ന്‌ അമേരിക്കക്കാര്‌ പറഞ്ഞു കൊച്ചമ്മേ!!!!

 

 

 

അവര്‍ക്ക്‌ വേറെ വഴിയൊന്നുമില്ല!! പുലിവാലാണ്‌ പിടിച്ചിരിക്കുന്നത്‌, പക്ഷേ അവസാന ശ്വ്വാസം വരെയും പിടി വിടാന്‍ പാടില്ലല്ലോ?

 

 

അതെന്നാടീ ഇപ്പോള്‍ അമേരിക്കക്ക്‌ അങ്ങനെ ഒരു മനം മാറ്റം?

 

 

കൊച്ചമ്മേ, ഇന്ത്യക്കാരും പുളിങ്കൊമ്പില്‍ തന്നെയാ പിടിച്ചിരിക്കുന്നത്‌. അവരുടെ ഡിമാന്റ്‌ അത്ര ചെറുതൊന്നുമല്ല. എന്നതാ അവര്‌ ഡിമാന്റ്‌ വച്ചിരിക്കുന്നത്‌?

 

 

 

അവര്‍ക്ക്‌ ഈ എന്റെ ചെറിയ പീറക്കേസിനു പകരം വേണ്ടതാരെയാണെന്നോ?

 

 

 

നമ്മുടെ പണ്ടത്തെ ബോംബെ ദുരന്തത്തിന്റെ സൂത്രധാരകന്‍ ഡേവിഡ്‌ ഹെഡ്‌ലിയേയും അയാളുടെ കൂട്ടുകാരാന്‍ താഹാവൂര്‍ ഹുസൈന്‍ റാണയെയും! ഇത്‌ ഇച്ചിര കടന്ന കൈയ്യല്ലേ കൊച്ചമ്മേ? ഇത്‌ നമ്മള്‍ പാക്കിസ്ഥാനോടു, നമ്മുടെ പഴയ ബോംബേ ഭീകര ആക്രമത്തിന്റെ ആള്‍ ദാവൂദ്‌ ഇബ്രാഹിമിനെ വിട്ട്‌ തരണം എന്ന്‌ പറയുന്നതുപോലല്ലേ കൊച്ചമ്മേ? ആരെങ്കിലും പൊന്മുട്ട ഇടുന്ന താറാവിനെ കൊല്ലാന്‍ കൊടുക്കുമോ? ഇവരെ ഒക്കെ കാണിച്ചാണ്‌ അമേരിക്കയില്‍ ഭീകരാക്രമണ സാദ്ധ്യത സാധാരണ ജനങ്ങളില്‍ ഭീതി ഉണ്ടാക്കി ഡിഫന്‍സ്‌ ചിലവിന്‌ അംഗീകാരം വാങ്ങിക്കുന്നത്‌. അതിനു രണ്ട്‌ രാഷ്ട്രീയ പാര്‍ട്ടികളും ഒരു തട്ടിലാണ്‌. അപ്പോള്‍ അവരെ എങ്ങനെ വിട്ടുകൊടുക്കാനാണ്‌?

 

 

 

ജസ്റ്റീസു പിള്ളാര്‌ കളിച്ച്‌ കളിച്ചു വല്ല ആനന്ദ്‌ ജോണിനെ വിട്ടുകൊടുക്കുമോ എന്ന്‌ ചോദിക്കുമോന്നാ എന്റെ ഭയം! അത്‌ നടപ്പായാല്‍ ജസ്റ്റീസു പിള്ളേരെ പിന്നെ പിടിച്ചാല്‍ കിട്ടത്തില്ല. അവരില്‍ നല്ല കലക്ക്‌ ഞാന്‍ കലക്കുന്നുണ്ട്‌. പക്ഷേ, ആനന്ദ്‌ ജോണിന്റെ കാര്യം പറഞ്ഞാല്‍ അവരെന്നെ ഇട്ടേച്ച്‌ പോകും. ആ കാര്യത്തില്‍ മാത്രം എനിക്ക്‌ അവരില്‍ ഒരു വിള്ളല്‍ പോലും വീഴ്‌ത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി ആ തിരുമണ്ടന്‍ വക്കീല്‌ ആനന്ദ്‌ ജോണിനെ വിട്ടു കൊടുത്താല്‍ അയാളും ഇന്ത്യയും ജുസ്റ്റീസു പിള്ളാരും ഒന്നാകും, പിന്നെ എന്നെ നോക്കാന്‍ ആരും കാണില്ല. അതാ എന്റെ ഇപ്പോളത്തെ പേടി.

 

 

 

 

 

തന്നെയുമല്ല അമേരിക്കയിലെ `ലോക്കീട്‌ മാര്‍ടിന്‍` കന്‌പനിയും നമ്മുടെ ബോയിംഗ്‌ കന്‌പനിയും വാള്‍മാര്‍ട്ടും ഒക്കെ ഇപ്പോള്‍ എനിക്ക്‌ എതിരാണ്‌. അവരെല്ലാം കൊതിച്ചിരുന്ന ബിസിനസാ ഇപ്പോള്‍ എന്റെ പേരും പറഞ്ഞ്‌ അമേരിക്ക കളഞ്ഞ്‌ കുളിക്കുന്നത്‌. കേട്ടില്ലേ 11 ബില്ല്യന്റെ ബിസിനസാ വോഡാഫോണ്‍ അടിച്ചുകൊണ്ട്‌ പോയത്‌. പിന്നെ റഷ്യ 12 ബില്യന്റെ ബിസിനസും കൊണ്ട്‌ പോയി. അമേരിക്കക്ക്‌ ഇതെല്ലം നോക്കി നിന്ന്‌ വെള്ളം ഇറക്കാനേ പറ്റണുള്ളൂ.

 

 

 

 

അവര്‍ക്കെന്നെ കയിച്ചിട്ടിറക്കാനും മേല, മധുരിച്ചിട്ട്‌ തുപ്പാനും മേല. ഇനി ദേവയാനിയെ തുറുങ്കലില്‍ അടക്കാമെന്നു വെച്ചാല്‍ അത്‌ അതിലും വലിയ പോല്ലാപ്പാകും.പക്ഷേ ഈ സര്‍ദാര്‍മാരു `കൃപാണ്‍` എടുത്താല്‍ പിന്നെ രക്തം കണ്ടാലല്ലാതെ തിരിച്ചിടുകയില്ല എന്ന്‌ പറഞ്ഞത്‌ ഇപ്പോളല്ലേ മനസ്സിലായത്‌. നമ്മുടെ വക്കീലു അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെയാണ്‌ ഇറങ്ങി തിരിച്ചിരിക്കുന്നത്‌. അതായത്‌ അമേരിക്കയെ കുളിപ്പിച്ച്‌ കുളിപ്പിച്ച്‌ കൊച്ചില്ലെന്ന സ്ഥിതി വരുത്തും. കൊച്ചമ്മ ഏതായാലും എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം. പലവട്ടം കട്ടാലും ഒരുവട്ടമല്ലേ പിടിക്കു? പിടിക്കുന്നിടം വരെ കക്കുക അതല്ലേ ധര്‍മം. പണ്ട്‌ ഗീതയില്‍ പറഞ്ഞിട്ടുണ്ടെന്നാ അപ്പന്‍ പറഞ്ഞു കേട്ടത്‌.

 

 

 

 

കര്‍മ്മം ചെയ്യുക, ഫലം നോക്കരുതെന്ന്‌. എന്റെ കര്‍മം 'കക്കുക' എന്നതാണല്ലോ പിന്നെ പിടിക്കുമോ എന്ന്‌ ഓര്‍ത്താല്‍ ആര്‍ക്കെങ്കിലും കാക്കാന്‍ പറ്റുമോ? ഇതൊക്കെ ഈ കള്ളപ്പറന്‌പില്‍ക്കാരെ ആരേലും പഠിപ്പിക്കണോ? ഏതായാലും പുതു വര്‍ഷത്തിനു ഇനി കുറച്ചു സമയം കൂടെ മാത്രമേയുള്ളൂ, കിട്ടിയ സമയത്ത്‌ മറ്റെന്തെങ്കിലും അടിച്ചു മാറ്റാന്‍ പറ്റിയാല്‍ അതും ഈ വര്‍ഷത്തെ കണക്കില്‍ പെടുത്താമല്ലോ! എല്ലാവര്‍ക്കും പുതിയ ഒരു `കൊല്ലവര്‍ഷം` അല്ല `കള്ളവര്‍ഷം` ആശംസിച്ച്‌ കൊണ്ട്‌ നിര്‍ത്തട്ടെ!

 

 

 

 

സ്‌നേഹപൂര്‍വ്വം അമേരിക്കയില്‍ നിന്ന്‌ കൊച്ചുകള്ളി!

 

 

 

(തമാശപ്പറന്‌പില്‍ മത്തായി ചേട്ടന്‍ വശം കൊടുത്തു വിട്ട എഴുത്തിന്റെ പൂര്‍ണ രൂപം)

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.