You are Here : Home / USA News

പ്രതികരണശേഷി പണയപ്പെടുത്തിയ ആദര്‍ശധീരര്‍

Text Size  

Story Dated: Wednesday, December 04, 2013 11:32 hrs UTC

'പ്രതികരണശേഷി' എന്നുള്ളത് മനുഷ്യര്‍ക്ക് ലഭിച്ചിട്ടുള്ള അമൂല്യ വരദാനമാണ്. ചുറ്റും നടക്കുന്ന ദൈനംദിന സംഭവങ്ങളില്‍ അനുകൂലമായോ, പ്രതികൂലമായോ, അറിഞ്ഞോ, അിറയാതേയോ, പ്രതികരിക്കാത്തവര്‍ ഇല്ലതന്നെ. സംഭവത്തിന്റെ ഗൗരവമോ, തെറ്റോ, ശരിയോ മനസ്സിലാക്കാതെ എടുത്തുചാടി പ്രതികരിക്കുന്നവരും ഇല്ലാതില്ല. ഇതില്‍ രണ്ടിലും പെടാത്ത മറ്റൊരു കൂട്ടര്‍ ഉണ്ട്. 'ആകാശം ഇടിഞ്ഞുവീണു' എന്ന് കേട്ടാല്‍ പോലും പ്രതികരിക്കാതെ നിര്‍ജീവരായി കഴിയുന്നവര്‍. "തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുകയും, പ്രവര്‍ത്തനനിരതാരുകയും ചെയ്യുന്നവരേക്കാള്‍ എത്രയോ പതിന്മടങ്ങാണ് തെറ്റുകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പ്രതികരിക്കുകയും, അതിന് ഒത്താശ ചെയ്തു കൊടുക്കുന്നവരുടേയും എണ്ണം" വിവിധ രീതികളില്‍ പ്രതികരിക്കുന്നവരുടെ ചരിത്രം പഠന വിഷയമാക്കിയപ്പോള്‍ പുറത്തുവന്ന ഞെട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. രണ്ടാമത്തെ കൂട്ടരെ കുറിച്ചു പറയുന്നത്, അവര്‍ തെറ്റും ശരിയും തിരിച്ചറിയുവാന്‍ കഴിയുന്ന ബുദ്ധിമാന്മാരും, ആദര്‍ശധീരരുമാണെന്നാണ്.

 

എന്തിനാണ് വെറുതെ ഈ പൊല്ലാപ്പിനെല്ലാം പോയി ഒരു കൂട്ടരുടെ അപ്രീതി സംമ്പാദിക്കുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. മാത്രമല്ല, പരസ്യവും, നഗ്നവുമായ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ദോഷന്മാരെന്ന് അധിക്ഷേപിക്കുന്നതിലും ഇവര്‍ ആനന്ദം കണ്ടെത്തുന്നു. അനാദികാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ തെറ്റുകള്‍ക്കെതിരെ പ്രതികരിച്ചവരുടെ ജീവിതം ഒരിക്കലും പട്ടുമെത്തയില്‍ സുഖശയനം നടത്തുന്നവരുടേതായിരുന്നില്ല. മനുഷ്യന്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്രലബ്ധിക്കു പുറകില്‍ തെററുകള്‍ക്കെതിരെ പ്രതികരിച്ചു ജീവത്യാഗം ചെയ്തവരുടെ നിരവധി കഥകള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ശരികള്‍ അനുകൂലമായും, തെറ്റുകള്‍ക്ക് എതിരായും പ്രതികരിക്കുന്നവരുടെ മുമ്പില്‍ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു. തെറ്റും ശരിയും സാഹചര്യങ്ങള്‍ക്ക് വിധേയമാണോ നിര്‍ണ്ണയിക്കപ്പെടുന്നത് അതോ അതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം എന്താണ്? ഒറ്റവാക്കില്‍ ഇതിന് ഉത്തരം കണ്ടെത്തുക സാധ്യമല്ല. ചില യൂണിവേഴ്‌സല്‍ ട്രൂത്തുകളെ ഉദാഹരണമായി ചൂണ്ടികാണിക്കാം. നട്ടുച്ചയ്ക്ക് തലക്കു മുകളില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍. കടുത്ത സൂര്യതാപത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഒരു കാട്ടുമരത്തിന്റെ ശീതളഛായയില്‍ അഭയം തേടിയ മനുഷ്യന്‍.

 

 

 

 

 

 

ആ മനുഷ്യന്‍ പറയുകയാണ് ഇപ്പോള്‍ ഇവിടെ രാത്രിയാണെന്ന്. ഇതിനെതിരെ പ്രതികരിക്കാതെ നിശ്ശബ്ദത പാലിക്കുകയല്ലേ ബുദ്ധി എന്നൊരുവന്‍ ചോദിച്ചാല്‍ അതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഈ മനുഷ്യന്‍ പറയുന്നത് അതേ രീതിയില്‍ അംഗീകരിച്ചാല്‍, പറഞ്ഞവനേയും, അംഗീകരിച്ചവനേയും സമൂഹം എങ്ങനെയാണ് വിലയിരുത്തുക. ഒരു രാജ്യത്തിന്റെ ഭരണഘടന എത്ര അമൂല്യമായും, പരിപാവനമായും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സംശയമില്ല. തുല്യ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ് സ്ഥാപനങ്ങളുടെയും, സാംസ്‌ക്കാരിക സംഘടനകളുടേയും ഭരണഘടനയും. എന്നാല്‍ ഈ ഭരണഘടന കുപ്പതൊട്ടിയിലേക്ക് വലിച്ചെറിയപ്പെടേണ്ടതാണെന്നും, അവനവന്റെ സൗകര്യത്തിനും, സാഹചര്യത്തിനും അനുസൃതമായി വ്യാഖ്യാനിക്കപ്പെടേണ്ടതാണെന്നും ആരെങ്കിലും പറഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കാതിരിക്കുവാന്‍ അല്പമെങ്കിലും ആത്മാഭിമാനമുള്ളവര്‍ക്ക് ബാധ്യമാണോ? എന്നാല്‍ പ്രതികരിക്കുന്നവരെ തേജോവധം ചെയ്യുന്നതിനും, ഇല്ലായ്മ ചെയ്യുന്നതിനും, സ്വാധീന ശക്തി ദുരപയോഗപ്പെടുത്തുകയും ചെയ്താല്‍ അവരെ ആദര്‍ശധീരന്മാരായ ദോഷന്മാര്‍ എന്നല്ലാതെ എന്താണ് വിളിക്കുക. ഇന്ന് സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു വിപത്ത് എന്ന് പറയുന്നത് ഒരു പക്ഷേ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുവാന്‍ തയ്യാറുള്ളവര്‍ ഇല്ലാതാകുന്നു എന്നുള്ളതാണ്.

 

 

 

 

 

 

 

ചെയ്യുന്ന പ്രവൃത്തികള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാലും, പ്രവര്‍ത്തിച്ചവരുടെ വികാരം വൃണപ്പെടുത്തരുതെന്ന് കരുതി തെറ്റു ചൂണ്ടികാണിച്ച് തിരുത്തുന്നതിന് അവസരം നല്‍കാതെ, അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനം പാശ്ചാത്യസംസ്‌ക്കാരത്തിന്റെ ഒരു ശാപമായി മാറിയിരിക്കുന്നു. ഈ ശാപം ആദര്‍ശധീരരെന്ന് സ്വയം അഭിമാനിക്കുകയും, അഭിനയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ-മത- സാംസ്‌ക്കാരിക നേതാക്കന്മാരേയും ഗ്രസിച്ചിരിക്കുന്നു. അഴിമതികള്‍ക്കെതിര, അനാചാരങ്ങള്‍ക്കെതിരെ, മദ്യപാനത്തിനെതിരെ, സ്ത്രീപീഡനങ്ങള്‍ക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ, മൂല്യശോഷണത്തിനെതിരെ, ശക്തമായി പ്രതികരിച്ചു. സമൂഹത്തിന് മാതൃകയാകേണ്ടവര്‍ ഇതിനെല്ലാം അതീതരാണെന്നുള്ള സ്വയബോധ്യം നഷ്ടപ്പെട്ടതാകാം. ഈ ശാപത്തില്‍ നിന്നും വിമോചിതരാകുവാന്‍ വിഘാതമായി നില്‍ക്കുന്നത്. ഈ ആദര്‍ശധീരരെ മാറ്റി നിര്‍ത്തിയാലും ചിലരുടെ ധീരമായ ഒറ്റപ്പെട്ട ശബ്ദമെങ്കിലും സമൂഹത്തില്‍ നടമാടുന്ന തിന്മകള്‍ക്കെതിരെ പ്രതിധ്വനിക്കുന്നുണ്ട് എന്നുള്ളത് ആശ്വാസകരമാണ്. പ്രതികരണശേഷി പണയം വെയ്ക്കാത്ത ഒരു സമൂഹത്തിന്റെ കണ്ണികളായി രൂപാന്തരപ്പെടുവാന്‍ സ്വയം സമര്‍പ്പിക്കാം.