You are Here : Home / USA News

ലാനാ കണ്‍വന്‍ഷനില്‍ `നര്‍മ്മവേദി'

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 17, 2013 12:06 hrs UTC

ഷിക്കാഗോ: ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടക്കുന്ന ഗൗരവമായ സാഹിത്യ ചര്‍ച്ചകള്‍ക്കിടയില്‍ സഹൃദയമനസുകളില്‍ നവോന്മേഷം പകരാന്‍ `നര്‍മ്മവേദി' എന്ന പേരില്‍ ഹാസ്യ സല്ലാപ പരിപാടിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന സാംസ്‌കാരിക നായകരും ചിരിവിരുന്നുകളുടെ തമ്പുരാക്കന്മാരുമായ ഡോ. എം.വി പിള്ളയും (ഫിലാഡല്‍ഫിയ), ഡോ. റോയി തോമസുമാണ്‌ (ഷിക്കാഗോ) `നര്‍മ്മവേദിയില്‍' ചിരിമധുരം വിളമ്പുന്നത്‌. കണ്‍വന്‍ഷന്റെ രണ്ടാം ദിവസം ശനിയാഴ്‌ച ഉച്ചയൂണിനുശേഷം നടക്കുന്ന ഈ നര്‍മ്മസല്ലാപ പരിപാടിയില്‍ പ്രശസ്‌ത ഹാസ്യ സാഹിത്യകാരന്‍ ജോസ്‌ ചെരിപുറം (ന്യൂയോര്‍ക്ക്‌) മോഡറേറ്റയിരിക്കും. നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്‌മകളിലെല്ലാം നിറസാന്നിധ്യമായ ഡോ. എം.വി. പിള്ള അന്തര്‍ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന കാന്‍സര്‍ ഗവേഷകനും ഭിഷഗ്വരനുമാണ്‌. ജന്മനാതന്നെ ലഭിച്ച സാഹിത്യാഭിരുചികളെ പരന്ന വായനയിലൂടെയും നിരന്തര യാത്രകളിലൂടെയും വളര്‍ത്തിയെടുത്ത അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ ചാലിച്ച പ്രഭാഷണങ്ങള്‍ ശ്രോതാക്കള്‍ക്ക്‌ എന്നും അറിവിന്റെ നവ്യാനുഭവം നല്‍കുന്നു. പ്രഭാഷണങ്ങളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ആയിരങ്ങളെ ആനന്ദിപ്പിക്കുന്ന ഡോ. റോയി തോമസും വര്‍ഷങ്ങളായി അമേരിക്കയിലെ ചിരിയരങ്ങുകളില്‍ പൊട്ടിച്ചിരികളുടെ പുത്തന്‍ അദ്ധ്യായങ്ങള്‍ രചിച്ചുകൊണ്ടിരിക്കുകയാണ്‌. സാഹിത്യ-സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളെ അധികരിച്ച്‌ ആദരീണയരായ ഈ നര്‍മ്മകേസരികള്‍ ഒരുക്കുന്ന ഹാസ്യസല്ലാപ പരിപാടി ലാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന സാഹിത്യ പ്രേമികള്‍ക്ക്‌ ലഭിക്കുന്ന വിശേഷ വിരുന്നായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.