You are Here : Home / USA News

പ്രതിഷേധിക്കുന്ന കുഞ്ഞിനെ പാലുള്ളൂ - നിയമപരിധിക്കുള്ളില്‍ നിന്ന് കരിങ്കൊടി പ്രകടനം

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, November 15, 2013 11:42 hrs UTC

ഹ്യൂസ്റ്റന്‍: 'ജസ്റ്റിസ് ഫോര്‍ ഓള്‍'-സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 29, നവമ്പര്‍ 5, 12, തിയതികളില്‍ ചൊവ്വാ വൈകുന്നേരം ന്യൂയോര്‍ക്ക് സമയം രാത്രി 9 മണി മുതല്‍ പ്രവാസികള്‍ എറെ നാളുകളായി നേരിടുന്ന വിസാ, ഒ.സി.ഐ, പി.ഐ.ഓ, പാസ്‌പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളും, ഇക്കാരൃത്തില്‍ ഇന്ത്യന്‍ കൗണ്‍സിലേറ്റുകളിലേയും ഇന്ത്യാ ഗവണ്‍മെന്റിന്റെ തന്നെയും കെടുകാര്യസ്ഥത, അനാസ്ഥ, അലംഭാവം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും, ഇതില്‍ ഇരകളാവുന്ന പ്രവാസികള്‍ക്ക് സാമാന്യനീതി എങ്ങനെ ഉറപ്പാക്കാമെന്നുമുള്ള കാര്യങ്ങളെ പറ്റിയുമായിരുന്നു ടെലികോണ്‍ഫറന്‍സും ചര്‍ച്ചയും. പ്രവാസിയുടെ ന്യായമായ ഈ വക നീറുന്ന പ്രശ്‌നങ്ങള്‍ ഇതിനോടകം പല വ്യക്തികളും സംഘടനകളും അധികാരികളുടെ സമക്ഷം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ കാര്യമായ ഒരു പുരോഗതിയും പരിഹാരവും കണ്ടെത്തിയിട്ടില്ല. ചില രംഗങ്ങള്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുന്നു. അധികാരികളും ഗവണ്‍മെന്റ് മന്ത്രാലയങ്ങളും നിരുത്തരവാദകരമായി പെരുമാറുന്നു. പരസ്പരം പഴിചാരി കൈകഴുകുന്നു. ഇന്ത്യന്‍ കൗണ്‍സിലേറ്റുകളിലും എയര്‍പോര്‍ട്ടുകളിലും പ്രവാസികള്‍ക്ക് ദുരന്തങ്ങളും പീഡനങ്ങളും മാത്രം. അവ്യക്തമായ ഫോറങ്ങള്‍, വെബ്‌സൈറ്റ് നിര്‍ദേശങ്ങള്‍, കൗണ്‍സിലേറ്റ് സ്റ്റാഫുകളുടെ കെടുകാര്യസ്ഥത, നിസഹകരണം, മര്യാദയില്ലാത്തതും മനുഷ്യത്വരഹിതവുമായ പെരുമാറ്റങ്ങള്‍. തരുന്ന സേവനങ്ങള്‍ പരിമിതമാണെങ്കിലും കുത്തനെ ഉയര്‍ത്തുന്ന അനാവശ്യമായ സര്‍വ്വീസ് ചാര്‍ജ്ജുകള്‍, പുതിയതായി ഏര്‍പ്പെടുത്തിയ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ഔട്ട്‌സോഴ്‌സിംഗ് കമ്പനിയുടെ തികച്ചും നിരുത്തരവാദപരവും കാര്യക്ഷമതയില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെപ്പറ്റി അനുഭവസ്ഥര്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

 

 

മറ്റു ദേശീയ പ്രസ്ഥാനങ്ങളും സംഘടനകളും വ്യക്തികളുമായി സംയുക്തമായി കൈകോര്‍ത്തുതന്നെ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വതപരിഹാരം കാണുന്നതുവരെ എപ്രകാരം പ്രവര്‍ത്തിയ്ക്കാം എന്നതിനെപ്പറ്റി ചര്‍ച്ച നടത്തി. പ്രവാസികള്‍ക്ക് ഈ ദിശയില്‍ ന്യായമായ അവകാശങ്ങളും നീതിയും ഉറപ്പാക്കുകയാണു 'ജസ്റ്റിസ് ഫോര്‍ ഓള്‍'-സംഘടനയുടെ ലക്ഷൃം. പ്രവാസികളുടെ പണം നാട്ടിലൊഴുകി എത്തുന്നു. പ്രവാസികളാണ് നാടിന്റെ നട്ടെല്ല് എന്ന് പൊള്ളയായ മൈതാനപ്രസംഗം നടത്തി പ്രവാസികളോട് സാമാന്യനീതി പോലും ചെയ്യാതെ വീണ്ടും ഇന്ത്യയില്‍ മുതല്‍ മുടക്കാനും നിക്ഷേപിക്കാനും അവിടെ അധികാരം കയ്യാളുന്നവര്‍ ഉല്‍ബോധിപ്പിക്കുകയാണ്. ടെലി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ജനങ്ങള്‍ തങ്ങളുടെ ജന്മനാടായ ഇന്ത്യാ ഗവണ്മെന്റില്‍ നിന്ന് നേരിടേണ്ടി വരുന്ന വിഷമതകള്‍ ഹൃദയവേദനയോടെയാണ് വിവരിച്ചത്. ഈ നിഷേധാത്മകമായ നയത്തില്‍ രോഷാകുലരായിട്ടാണ് അവര്‍ പ്രതിഷേധമറിയിച്ചത്. ഗവണ്മെന്റ് ചെലവിലും അല്ലാതെയും പ്രൈവറ്റായും ഒഫീഷ്യലായും യു.എസില്‍ എത്തുന്ന ഇന്ത്യന്‍ രാഷ്ട്രീയാധികാരികളേയും ബ്യൂറോക്രാറ്റുകളേയും എയര്‍പോര്‍ട്ടു മുതല്‍ അവരുടെ പെട്ടിയും ചുമന്ന് കൂടെ നിന്ന് ഫോട്ടോക്ക് പോസും ചെയ്ത് പത്രത്തിലും ടിവിയിലും കൊടുത്തു സായൂജ്യമടയുന്ന വ്യാജ പൊതുപ്രവര്‍ത്തകരെ ടെലികോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ അപലപിച്ചു. ഇത്തരക്കാര്‍ വരുന്ന രാഷ്ട്രീയ സിലിബ്രിറ്റികളെ നേരില്‍ കണ്ട് സമാധാനപരമായ രീതിയില്‍ ന്യായമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പോലും അനുവദിക്കാറില്ല.

 

 

അവരെ പാടിപുകഴ്ത്തിക്കൊണ്ടുള്ള ചില ചോദ്യങ്ങള്‍ ചോദിക്കാനൊ മഹാന്മാരും മഹതികളുമാണെന്നു പറഞ്ഞ് ആശംസ അര്‍പ്പിച്ച് സംസാരിക്കാനൊ മാത്രം സാധാരണക്കാര്‍ക്ക് അവസരം കിട്ടിയാല്‍ മഹാഭാഗ്യം. അവര്‍ക്കൊ സംഘാടകര്‍ക്കൊ അനിഷ്ടമായത് എത്ര ന്യായമായാലും ശരി പറഞ്ഞാല്‍ അവര്‍ നമ്മെ പുറത്താക്കും പോലീസിനെ വിളിക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ ആത്മരോഷം അണപൊട്ടിയൊഴുകി. ഒറ്റയ്‌ക്കൊ ഗ്രൂപ്പായിട്ടൊ കരിങ്കൊടി പ്രകടനം തന്നെ നടത്തണമെന്ന അഭിപ്രായം പൊതുവെ സ്വീകാര്യമായി. അതിനാല്‍ സന്ദര്‍ഭോചിതമായി യുഎസിലെ വിവിധ നഗരങ്ങളില്‍, സന്ദര്‍ശനത്തിനെത്തുന്ന ഉത്തരവാദപ്പെട്ട ഇന്ത്യന്‍ മന്ത്രി അധികാരി പുംഗവന്മാര്‍ക്കെതിരേയും ന്യായമായി വിവേചന ബുദ്ധിയോടെ കരിങ്കൊടി പിടിയ്ക്കാന്‍ തന്നെ തീരുമാനമായി. ഇന്ത്യന്‍ കൗണ്‍സിലേറ്ററുകളിലും എംബസികളിലും വരെ നിയമപരിധിക്കുള്ളില്‍ നിന്നു കൊണ്ട് പ്രതിഷേധ സൂചകമായി കരിങ്കൊടി പ്രകടനം നടത്തേണ്ടതാണെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, പെന്‍സില്‍വാനിയ, ടെക്കസാസ്, ഇലിനോയിസ്, മിച്ചിഗന്‍, ഒഹായൊ, കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ജോര്‍ജിയ, അരിസോണ, മേരിലാന്‍ഡ്, വാഷിംഗ്ടണ്‍ തുടങ്ങിയ സ്റ്റേറ്റുകളില്‍ നിന്നുള്ള മലയാളികള്‍ ടെലികോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ജസ്റ്റിസ് ഫോര്‍ ഓള്‍ സംഘടനയുടെ നിലവിലെ ഭാരവാഹികളായി തോമസ് കോവല്ലൂര്‍ (ചെയര്‍മാന്‍) പ്രേമാ ആന്റണി (പ്രസിഡന്റ്) ജോജൊ തോമസ് (വൈസ് ചെയര്‍മാന്‍) ചെറിയാന്‍ ജേക്കബ് (ജനറല്‍ സെക്രട്ടറി) തോമസ് എം. തോമസ് (ട്രഷറര്‍) മറ്റ് കമ്മറ്റി അംഗങ്ങളായി അലക്‌സ് കോശി വിളനിലം, തോമസ് ടി ഉമ്മന്‍, തമ്പി ആന്റണി, യു.എ.നസീര്‍, രവീന്ദ്രന്‍ നാരായണന്‍, എ.സി. ജോര്‍ജ്, എബ്രഹാം തോമസ്, ജോയിച്ചന്‍ പുതുക്കുളം, ഫിലിപ്പ് തോമസ്, എലിസബത്ത് ഫിലിപ്പ്, എം.കെ. മാത്യൂസ്, സണ്ണി പണിക്കര്‍, രാജ് സദാനന്ദന്‍ എന്നിവരുമുണ്ട്.

 

 

ഇതില്‍ എ.സി. ജോര്‍ജ് ചൊവ്വാഴ്ചതോറുമുള്ള ടെലികോണ്‍ഫറന്‍സിന്റെ മോഡറേറ്ററായും പ്രവര്‍ത്തിക്കുന്നു. അടുത്ത ചൊവ്വാഴ്ച നവംബര്‍ 19ന് വൈകുന്നേരം പ്രവാസി പ്രോപര്‍ട്ടി പ്രൊട്ടക്ഷന്‍ എന്ന വിഷയത്തെ പറ്റിയായിരിക്കും ചര്‍ച്ച. പ്രവാസികള്‍ക്ക് നാട്ടില്‍ പിന്‍തുടര്‍ച്ചാവകാശമായി കിട്ടിയതൊ, സ്വയം ആര്‍ജ്ജിച്ചതൊ ആയ ഭൂമിയും വീടും സ്ഥാവര ജംഗമ വസ്തുക്കളും ഉണ്ട്. പലര്‍ക്കും അത് ക്രയവിക്രയം ചെയ്യാന്‍ വിഷമതകളും നൂലാമാലകളുമുണ്ട്. ചിലരുടെ നാട്ടിലെ സ്വത്തുക്കള്‍ അനധികൃതമായി കയ്യേറിയിരിക്കുന്നു. വഞ്ചിക്കപ്പെട്ടിരിക്കുന്നു. ചില പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിയ്ക്കാം.. ഗവണ്മെന്റിന്റെ നിഷേധാത്മകമായ നിലപാടുകള്‍.. അനുഭവസ്ഥരും വിദഗ്ധരും വിശദീകരിക്കുന്നു. ഇതൊരു സമസ്ഥ അമേരിക്കന്‍ ടെലികോണ്‍ഫ്രന്‍സ് ആയതിനാല്‍ നിങ്ങളുടെ സ്റ്റേറ്റില്‍ നിന്ന് - നിങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ടൈം കണക്കാക്കി ന്യൂയോര്‍ക്ക് ടൈം - ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം 9 പി.എം എന്നത് എത്രയാണൊ എന്നത് കണക്കാക്കി വിളിക്കുക. ടെലികോണ്‍ഫറന്‍സിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം കോണ്‍ഫറന്‍സിലും, ചര്‍ച്ചയിലും പാലിക്കേണ്ട ഡിസിപ്ലിന്‍ സമയപരിധി തുടങ്ങിയവ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ബാധകമായിരിക്കും. അതുപോലെ ചോദ്യങ്ങള്‍ ഉന്നയിക്കാനും അവസരമുണ്ട്. അതിന് അനുഭവസ്ഥരും പരിചയസമ്പന്നരും ഉത്തരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നതുമാണ്. കോണ്‍ഫറന്‍സ് മോഡറേറ്ററുടെ അഭ്യര്‍ത്ഥനകളും നിര്‍ദ്ദേശങ്ങളും ഏവരും പാലിക്കാന്‍ ബാധ്യസ്ഥരാണ്.

 

നവംബര്‍ 19-ാം തീയതി വൈകുന്നേരം ന്യൂയോര്‍ക്ക് സമയം 9 പി.എം.നു് ടെലികോണ്‍ഫറന്‍സിനായി വിളിക്കേണ്ട ടെലിഫോണ്‍ നമ്പരും, ഐഡി കോഡും താഴെ ചേര്‍ക്കുന്നു. ടെലിഫോണ്‍ നമ്പര്‍: 1-559-726-1300 ഐഡി നമ്പര്‍: 761310#

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.