You are Here : Home / USA News

കാത്തിരിപ്പിനൊടുവില്‍ `സ്വന്തമായി ഒരു ദേവാലയം' യാഥാര്‍ത്ഥ്യമാകുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 14, 2013 01:48 hrs UTC

ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന `സ്വന്തമായി ഒരു ദേവാലയം' എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന പത്ത്‌ ഏക്കര്‍ സ്ഥലത്ത്‌ കേരളീയ ക്രൈസ്‌തവ ശില്‍പഭംഗി പ്രകടമാക്കുംവിധം നിര്‍മിക്കുന്ന ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നവംബര്‍ നാലിന്‌ തുടക്കംകുറിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിക്കുന്ന നിമിഷങ്ങള്‍ക്ക്‌ സാക്ഷികളാകാന്‍ അമ്പതില്‍പ്പരം കുടുംബങ്ങള്‍ കുട്ടികളോടൊപ്പം നേരത്തെ തന്നെ പ്രസ്‌തുത സ്ഥലത്ത്‌ എത്തിയിരുന്നു. ആധുനിക വാസ്‌തു ശില്‌പസാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഈടുനില്‍ക്കുന്ന രീതിയിലാണ്‌ ദേവാലയ നിര്‍മ്മാണം നടത്തുന്നത്‌. ദേവാലയ നിര്‍മാണത്തില്‍ പ്രമുഖനായ വിക്‌ടര്‍ സുഖി ആന്‍ഡ്‌ സണ്‍സ്‌ ആണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌.

 

ദേവാലയത്തിനായുള്ള പത്തേക്കര്‍ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന മരങ്ങള്‍ മുറിച്ച്‌ നീക്കം ചെയ്യുന്നതുള്‍പ്പടെയുള്ള പണികള്‍ പൂര്‍ത്തിയായി. കാലാവസ്ഥയും മറ്റ്‌ സാഹചര്യങ്ങളും അനുകൂലമായാല്‍ 2014 ഡിസംബറിനു മുമ്പായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന്‌ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍ അറിയിച്ചു. ഇടവകാംഗങ്ങളുടെ അവിരാമമായ പ്രാര്‍ത്ഥനയുടേയും കൂട്ടായ പരിശ്രമങ്ങളുടേയും ഫലമായി പുതിയ ദേവാലയം, നാം മക്കള്‍ക്കായി പലതും കരുതിവയ്‌ക്കുംപോലെതന്നെ വരുംതലമുറയ്‌ക്കായി ഒരു വിശ്വാസി സമൂഹം കരുതിവെയ്‌ക്കുന്ന അതിശ്രേഷ്‌ഠമായ സമ്മാനമായിരിക്കും ഈ ദേവാലയമെന്ന്‌ ബഹു. വികാരി കൂട്ടിച്ചേര്‍ത്തു. ദേവാലയ നിര്‍മ്മാണത്തിന്‌ തുടക്കംകുറിക്കുന്ന വേളയില്‍ ഇത്‌ സാധ്യമാക്കാന്‍ സഹകരിച്ച എല്ലാ ഇടവകാംഗങ്ങള്‍ക്കും, സാമ്പത്തികമായും മറ്റ്‌ രീതിയിലും സഹായം വാഗ്‌ദാനം ചെയ്‌ത മറ്റ്‌ ഇടവക സമൂഹത്തിനും പ്രത്യേകിച്ച്‌ ഇതിനു നേതൃത്വം കൊടുത്ത ബില്‍ഡിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ക്കും മറ്റ്‌ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ബഹുമാനപ്പെട്ട വികാരി അച്ചന്‍ നന്ദി അറിയിച്ചു. ദേവാലയ നിര്‍മ്മാണത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും, വിശ്വാസികളുടെ ആത്മീയ ഉണര്‍വിനുമായി തുടര്‍ച്ചയായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തത്സമയം കാണുന്നതിനുള്ള സജ്ജീകരണങ്ങള്‍ അണിയറയില്‍ നടന്നുവരുന്നു. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.st.thomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.