You are Here : Home / USA News

റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസ്സോസ്സിയേഷന്‍ ഓണം-ഈദ് ആഘോഷിച്ചു

Text Size  

Story Dated: Sunday, October 20, 2013 10:14 hrs UTC

ചെറിയാന്‍ കിടങ്ങന്നൂര്‍
റിയാദ് : സൗദി അറേബ്യയിലെ റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസ്സോസ്സിയേഷന്റെ (റിഫ) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണം-ഈദ് പരിപാടികള്‍ സമുചിതമായി ആഘോഷിച്ചു. വെള്ളിയാഴ്ച വാദി ഹനീഫയിലെ അല്‍നഖീല്‍ ഇസ്ത്രഹയില്‍ രാവില പത്തു മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ റിഫ പ്രസിഡന്റ് ചേമ്പില്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദമ്പതികള്‍ക്കുമായി വിവിധ കലാകായികവിനോദ മത്സരങ്ങള്‍ നടന്നു. ഇതിന്റെ ഉത്തരവാദിത്വം ഫുവാദ്-ഹസീന ദമ്പതികള്‍ക്കായിരുന്നു. മാവേലിയുടെ പരമ്പരാഗത വേഷഭൂഷാധികളില്‍ ചെറിയ മാറ്റം വരുത്തി അറബ് സംസ്‌കാരവുമായി സമന്വയിപ്പിച്ചുകൊണ്ട് റാഫി പാങ്ങോട് അവതരിപ്പിച്ച പുത്തന്‍ മാവേലി വേറിട്ട അനുഭവമായി. അറബി ഭാഷ മാത്രം സംസാരിച്ചും അറബ് പാട്ടുകള്‍ പാടിയും ജനങ്ങളുമായി സംവദിച്ചും പുതിയ മാവേലിയെ റാഫി സജീവമാക്കി. നിബു വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം ബിജു മുല്ലശ്ശേരിയുടെ നേതൃത്വത്തില്‍ വിവിധ ഇന്‍ഡോര്‍ കലാപരിപാടികള്‍ നടന്നു.

കേരളത്തിലെ വനിതകളുടെ തനത് സംഘനൃത്തകലാരൂപമായ തിരുവാതിരക്കളി (കൈകൊട്ടിക്കളി) അതിന്റെ തനതായ ശാന്തവും സുലളിതവുമായ അംഗചലനങ്ങളിലും പദവിന്യാസത്തിലും കൂടിയുള്ള ലാസ്യഭംഗിയോടെ അഞ്ചു പാട്ടുകളുടെ അകമ്പടിയോടെ പരമ്പരാഗത ചിട്ട വട്ടങ്ങളോടെ പ്രത്യേകം പരിശീലനം സിദ്ധിച്ച റിഫയുടെ നര്‍ത്തകിമാര്‍ വേദിയില്‍ അവതരിപ്പിച്ചത് നവ്യാനുഭാവമായി. രമ്യാ മുരളിയുടെ നേതൃത്വത്തിലും ശിക്ഷണത്തിലും പ്രമിത ബിജു, നീത ഹരികൃഷ്ണന്‍, നിഷ ബിനീഷ്, ലസില സുനില്‍, ബിജി ജേക്കബ്, പ്രലോഭ അഭിലാഷ്, നിമ സൂരജ് എന്നിവരാണ് തിരുവാതിരക്കളി അരങ്ങില്‍ അവതരിപ്പിച്ചത്.

ശോഭ മുരളി, മുരളീധരന്‍ നായര്‍ , ബിജു മുല്ലശ്ശേരി, നിഷ ബിനീഷ്, ബിജി ജേക്കബ്, ഗോപു സുനില്‍ കണ്ണൂര്‍ , അബ്‌നീത് ബാബു, മുഹമ്മദ് ഹിലാല്‍ , ഹിബ അബ്ദുള്‍ സലാം, സഞ്ജന പ്രസാദ് എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചു. നാട്യം നൃത്തവിദ്യാലയത്തിലെ പ്രധാനാധ്യാപികയും നര്‍ത്തകിയുമായ വീണ ടീച്ചറുടെ ശിക്ഷണത്തില്‍ പരിശീലനം സിദ്ധിച്ച നീരാഞ്ജന ബിജു, അന്‍വിത, ഫിസ ഫുവാദ് , നിഹാല നൗഷാദ്, വിദ്യ വിജയന്‍ , റോജ രാജന്‍ , അമൃത ബാബു, അഞ്ജു സൂസന്‍ റോയ്, അശ്വതി ഷാജി, സിയറ ജോര്‍ജ്ജ്, അങ്കിത ബാബു സ്‌നേഹ പ്രതീഷ്, അതുല്യ ത്യാഗരാജന്‍ എന്നീ കുട്ടികള്‍ ആകര്‍ഷണീയവും വൈവിധ്യ പൂര്‍ണ്ണങ്ങളുമായ നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചു.

ഹിബ അബ്ദുള്‍ സലാം കലാപരിപാടികളുടെ അവതരണം നിര്‍വഹിച്ചു. റിഫ സെക്രട്ടറി രാജീവ് ഹരിപ്പാട് സ്വാഗതവും ഈദ്ഓണാഘോഷ പരിപാടികളുടെ ജനറല്‍ കണ്‍വീനര്‍ കെ.പി.ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു. കായിക മത്സരത്തിലെ വിജയികള്‍ക്കും കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കുമുള്ള സമ്മാനദാനം ചടങ്ങില്‍ നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.