You are Here : Home / USA News

ദൈവമേ....അവിടുത്തെ നാടിനെ ഇനി ആര് രക്ഷിക്കും...?

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, September 29, 2013 12:41 hrs UTC

വിദേശമലയാളികളെ മുന്നില്‍ കണ്ടുകൊണ്ട് വിമാനത്താവളങ്ങള്‍ പണിതുയര്‍ത്തി അവിടെ കള്ളന്മാരേയും കൊള്ളക്കാരേയും വെല്ലുന്ന ക്രിമിനല്‍ സ്വഭാവമുള്ളവരെ 'കസ്റ്റംസ്' എന്ന ലേബലൊട്ടിച്ച് അവരോധിച്ച്, അവരില്‍ കൂടി പ്രവാസികളെ കൊള്ളയടിച്ചുകിട്ടുന്ന നാണയത്തുട്ടുകള്‍ക്ക് വിലപേശുന്ന പോലീസ്-രാഷ്‌ട്രീയ ബാന്ധവങ്ങളുടെ യഥാര്‍ത്ഥ രൂപങ്ങളാണ് ഈയ്യടുത്ത നാളുകളില്‍ നാം കേട്ടും കണ്ടും കൊണ്ടിരിക്കുന്നത്. മന്ത്രിമാരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും ആശീര്‍‌വാദത്തോടെയോ മൗനസമ്മതത്തോടെയോ എന്തെല്ലാം തട്ടിപ്പുകളാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കഥ തന്നെ ക്രൈം ത്രില്ലറുകളെപ്പോലും അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു. ഒരു സുപ്രഭാതത്തില്‍ ജനങ്ങള്‍ കേട്ടുണരുന്നത് സോളാര്‍ വാര്‍ത്ത !!

 

 

 

 

 

പിന്നീട് കേള്‍ക്കുന്നത് അവിശ്വസനീയമായ അനുബന്ധ വാര്‍ത്തകള്‍ !! ഒരു പെണ്ണു വിചാരിച്ചാല്‍ എന്തെല്ലാം നടക്കുമെന്ന് നാം പഠിച്ചു കഴിഞ്ഞു. സോളാര്‍ വിഷയം ആളിപ്പടര്‍ന്നപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു എല്ലാവര്‍ക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മനുഷ്യക്കടത്ത്, കള്ളക്കടത്ത് എന്നീ കലാപരിപാടികള്‍ നടക്കുമ്പോഴും, കേരളത്തില്‍ നിന്ന് സ്‌ത്രീകളെ ഗള്‍ഫിലേക്ക് കടത്തി പെണ്‍വാണിഭക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്നും കേട്ടപ്പോള്‍ ജനം നടുങ്ങി. എന്നാല്‍, ആ മനുഷ്യക്കടത്തിന് കൂട്ടുനിന്നത് അവരെ രക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നു അറിയുമ്പോഴുള്ള ധാര്‍മ്മികരോഷം എത്രയാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇടക്കിടെ ഉദ്യോഗസ്ഥരെ നാനാഭാഗത്തേക്കും സ്ഥലം മാറ്റി എന്നുമുള്ള വാര്‍ത്തകളില്‍ എല്ലാം ഭദ്രമായി എന്നു ധരിച്ചുവശായവര്‍ക്കാണ് തെറ്റുപറ്റിയത്. അത് വെറും ഐ വാഷ് അല്ലെങ്കില്‍ കണ്ണില്‍ പൊടിയിടുന്ന മാജിക് ആയിരുന്നെന്ന് പിന്നീട് നടക്കുന്ന സംഭവങ്ങള്‍ ഉദാഹരണം. ഇപ്പോള്‍ ഇതാ ഒരു ഫയാസ് രംഗപ്രവേശം ചെയ്തിരിക്കുന്നു. നാടു ഭരിക്കാമെന്നും, ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാമെന്നുമൊക്കെ വീരവാദം മുഴക്കി നടക്കുന്ന ജനപ്രതിനിധികളും, ജനങ്ങളുടെ കാവലാളുകളാകേണ്ട പോലീസും കള്ളക്കടത്തുകാരും ഒറ്റുകാരും ഒരുമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. പതിറ്റാണ്ടുകളോളം മണലാരണ്യത്തില്‍ പണിയെടുത്ത ശേഷം സ്വന്തം മകളുടെ കല്യാണത്തിന് ഒരിറ്റു പൊന്ന് കൊണ്ടുവരാന്‍ നോക്കുന്ന ഗള്‍ഫിലെ കൂലിപ്പണിക്കാരന്‍റെ ഉടുതുണി പോലും അഴിച്ചു പരിശോധിക്കുന്നവരാണ് നമ്മുടെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് പ്രമാണിമാര്‍ .

 

 

 

 

 

വിദേശത്തു നിന്ന് സ്വന്തം കുഞ്ഞുങ്ങള്‍ക്കു വേണ്ടി നല്ലൊരു കളിപ്പാട്ടം കൊണ്ടുവന്നാലും പ്രമാണിമാരുടെ ദൃഷ്ടിദോഷത്തിനിരയായാല്‍ നഷ്ടപ്പെട്ടതു തന്നെ. വിദേശ മദ്യം മുതല്‍ സുഗന്ധ വസ്തുക്കള്‍വരെ അടിച്ചുമാറ്റുന്ന ഏമാന്മാരെക്കുറിച്ചും മറുനാടന്‍ മലയാളികള്‍ക്കു പറയാന്‍ നൂറുനൂറു കഥകളുണ്ടാകും. കസ്റ്റംസ് പരിശോധനയുടെ പേരില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയും പണപ്പിരിവും പീഡനങ്ങളുമൊന്നും മറുനാടന്‍ മലയാളികള്‍ക്ക് പുതുമയല്ല. നിശബ്ദം, നിസഹയാരായി സഹിക്കുകയാണ് എല്ലാവരും. കയര്‍ത്തിട്ടോ എതിര്‍ത്തിട്ടോ ഒന്നും സംഭവിക്കാനില്ല. അതുകൊണ്ടുതന്നെ ജീവനെങ്കിലും തിരിച്ചുകിട്ടി, കൊള്ളക്കാരുടെ കൈയില്‍ നിന്നു രക്ഷപെട്ട അവസ്ഥയിലാണ് മിക്കവരും കസ്റ്റംസ് പരിശോധനയുടെ കടമ്പ കടന്നു പുറത്തു വരുന്നത്. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന നിയമവിധേയവും കര്‍ക്കശവുമായിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും അത്തരം നിയന്ത്രണങ്ങള്‍ അനിവാര്യമാണു താനും. എന്നാല്‍, സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുമ്പോഴാണ് പ്രശ്നങ്ങള്‍ . നിയമം എല്ലാവര്‍ക്കും ബാധകമാണെന്നിരിക്കേ, സ്വന്തം കുഞ്ഞിന് ഒരു പവന്റെ മാലയോ വളയോ മറ്റു ആഭരണങ്ങളോ കൊണ്ടുവരുമ്പോള്‍ അളന്നു തൂക്കി അതിനു ഡ്യൂട്ടി അടിക്കുകയും, അപ്പുറത്ത് മക്കനയും ഹിജാബുമൊക്കെയായി കിലോക്കണക്കിനു സ്വര്‍ണ്ണം അടിവസ്ത്രത്തിലൊളിപ്പിച്ചു കടത്തുകയും ചെയ്യുന്നവരെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് എന്തു ന്യായം ? നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്തവളങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നിട്ടുള്ള സംഭവങ്ങള്‍ തീര്‍ച്ചയായും ബന്ധപ്പെട്ട അധികാരികള്‍ കര്‍ശനമായി പരിശോധിക്കേണ്ടതുണ്ട്.

 

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും വരെ ഓഫിസുകളോളം നീളുന്ന കണ്ണികളും ചേര്‍ന്നു നടത്തുന്ന രാജ്യാന്തര ക്രിമിനല്‍ ഗൂഢാലോചനകളും കുറ്റകൃത്യങ്ങളുമാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഭരണസാരഥികളും സര്‍ക്കാര്‍ മെഷിനറിയും ക്രിമിനലുകളെ സം‌രക്ഷിക്കാനായി ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ മാത്രമല്ല, സംസ്ഥാനത്തിന്‍റെ പൊതുസ്ഥിതിയെപ്പോലും ഗൗരവമായി ബാധിക്കുന്നതാണ് നെടുമ്പാശേരി വിമാനത്താവളം വഴി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണകള്ളക്കടത്ത്. ഹോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന രീതിയിലാണ് ഇപ്പോഴത്തെ കള്ളക്കടത്തുകാര്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളെയാണ് അവര്‍ കരിയര്‍മാരായി ഉപയോഗിക്കുന്നതെന്നാണ് അതിലൊന്ന്. സ്ത്രീകളായ രണ്ടു കരിയര്‍ ഏജന്‍റുമാരാണ് ഇരുപതു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ന്യൂമാഹി സ്വദേശി ഫയാസ് എന്നയാളെ കേന്ദ്രീകരികച്ച് അന്വേഷണം നടത്തുകയും അയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാള്‍ക്കു വേണ്ട ഒത്താശ ചെയ്തു കൊടുത്തതിന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ സി. മാധവന്‍, പ്രിവന്‍റിവ് ഓഫിസര്‍ സുനില്‍ കുമാര്‍, മറ്റു ചില ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിയുടെ മുന്‍ പഴ്സണല്‍ സ്റ്റാഫ് അഗം ജിക്കുമോന്‍ ജേക്കബ്, കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്‍റെ ഓഫിസ് എന്നിവയെല്ലാം നിരീക്ഷണത്തിലാണ്. സ്വര്‍ണക്കടത്തിനു പുറമേ മനുഷ്യക്കടത്ത്, കള്ളനോട്ട് ഇറക്കുമതി തുടങ്ങിയ കുറ്റങ്ങളും ഫയാസിനും കൂട്ടാളികള്‍ക്കുമെതിരേ ആരോപിക്കപ്പെട്ടിട്ടുണ്ട്. സോളാര്‍ തട്ടിപ്പു കേസിന്‍റെ പേരില്‍ സംശയത്തിന്‍റെയും ആരോപണത്തിന്‍റെയും നിഴലിലായ മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വര്‍ണക്കള്ളക്കടത്തു കൂടിയായപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതായിരിക്കുകയാണ്.

 

 

ആരോപണവിധേയര്‍ പറയുംപോലെ ഫയാസും അയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വെറും മാധ്യമസൃഷ്ടിയായി കരുതാനാവില്ല. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നു ഭരണത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്‍റെ സംസ്ഥാനഘടകം പ്രസിഡന്‍റ് തന്നെ ആരോപിക്കുമ്പോള്‍, അതിന്‍റെ പ്രാധാന്യം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്ന തരത്തില്‍ സമഗ്ര അന്വേഷണമാണു പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. സോളാര്‍ കേസിന്‍റെ അന്വേഷണത്തിന്‍റെ ഗതി കൂടി ഇവിടെ കൂട്ടിവായിക്കണം. അന്വേഷണത്തിന്‍റെ പുകമറ സൃഷ്ടിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയല്ല വേണ്ടത്. കേരളത്തിന്‍റെ ഉറക്കം കെടുത്തുന്ന തട്ടിപ്പു സംഘങ്ങളെ അടിച്ചുപുറത്താക്കി ഭരണയന്ത്രവും ഉദ്യോഗസ്ഥവൃന്ദവും സംശുദ്ധമാക്കണം. മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്രയധികം ആരോപണവിധേയമായ മറ്റൊരു സന്ദര്‍ഭം ഉണ്ടായിട്ടില്ല. ഒരു കേസില്‍ കുടുങ്ങി അടുത്തതിലേക്ക് എന്ന നിലയിലാണ് ഉമ്മന്‍ ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പോക്ക്. ഗണ്‍മാന്‍ സലിം രാജനടക്കമുള്ളവരുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കു വലിയ വീഴ്ചയാണു സംഭവിച്ചത്. സോളാര്‍ തട്ടിപ്പിനെക്കാള്‍ അതീവ ഗുരുതരമാണ് സ്വര്‍ണക്കള്ളക്കടത്തും മനുഷ്യക്കടത്തും കള്ളനോട്ട് ബിസിനസും. അതിനു നേതൃത്വം നല്‍കിയവരും ഒത്താശ ചെയ്തവരും മാതൃകാപരമായി ശിക്ഷിക്കപ്പെട്ടേ പറ്റൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.