You are Here : Home / USA News

സംയുക്ത ഏകദിന സെമിനാര്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, June 18, 2014 09:40 hrs UTC

ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട, ന്യൂയോര്‍ക്ക്, ന്യൂജേഴ്സ്സി ഫിലാഡല്‍ഫിയ റീജിയന്‍, സെന്റ പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, മര്‍ത്തമറിയം വനിതാ സമാജത്തിന്റേയും, സംയുക്ത ആഭിമുഖ്യത്തില്‍ 2014 ജൂണ്‍ 28 (ശനി) ന്യൂജേഴ്‌സി, വിപ്പനിയിലുള്ള ഭദ്രാസന ആസ്ഥാനത്തുവെച്ച്, ഏകദിന ധ്യാനയോഗം നടത്തുന്നു.

“നിന്റെ ദൈവത്തെ എതിരേല്‍പ്പാന്‍ ഒരുങ്ങികൊള്‍ക”(ആമോസ് 4.12) എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ റവ.ഫാ.വിജു എബ്രഹാം തടത്തില്‍ പറമ്പില്‍(വൈസ് പ്രസിഡന്റ് സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്) അദ്ധ്യക്ഷനായിരിക്കും.

പ്രധാന ദൂതന്റെ അകമ്പടിയോടും, കാഹളധ്വനിയോടും കൂടിയുള്ള നമ്മുടെ കര്‍ത്താവിന്റെ രണ്ടാമത്തെ വരവ് ആസന്നമായിരിക്കുന്നുവെന്നും, അതിനായി നാം ഒരുങ്ങിയിരിക്കണമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്ന, തിരുവചനത്തെ അടിസ്ഥാനമാക്കി, സീനിയര്‍ വൈദികനും, അറിയപ്പെടുന്ന മനശാസ്ത്രവിദഗ്ദനും, പ്രമുഖ വചന പ്രഘോഷകനുമായ റവ.ഫാ.ഡോ.എ.പി.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. റവ.ഫാ.വര്‍ഗീസ് മാണിക്കാട്ട്(വൈസ് പ്രസിഡന്റ്, മര്‍ത്തമറിയം വനിതാ സമാജം), ഷെവലിയര്‍ അബ്രഹാം മാത്യൂ(ജന.സെക്രട്ടറി, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്), ശ്രീമതി മിലന്‍ റോയി(ജന.സെക്രട്ടറി മര്‍ത്തമറിയം വനിതാ സമാജം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മെത്രാഭിഷേക ജൂബിലിയോടനുബന്ധിച്ച്, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് ഭദ്രാസനത്തിനു വേണ്ടി തയ്യാറാക്കിയ “ഫാമിലി പ്രെയര്‍ ബുക്കിന്റെ” ആദ്യവില്പനയും തദവസരത്തില്‍ നടത്തപ്പെടു. സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, മര്‍ത്തമറിയം വനിതാ സമാജത്തിന്റേയും ഭാവി പ്രവര്‍ത്തന പരിപാടികളെകുറിച്ചുള്ള കൂട്ടായ ചര്‍ച്ചയും ഉണ്ടായിരിക്കും. വിവിധ ദേവാലയങ്ങളിലെ ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ക്രിസ്ത്യന്‍ ഗാനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകും.

റീജിയനിലെ വിവിധ ദേവാലയങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്ക് തികച്ചും, ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍, ഈ ആത്മീയ വിരുന്നില്‍ സംബന്ധിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി സംഘാടകര്‍ അറിയിച്ചു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ.കറുത്തേടത്ത് ജോര്‍ജ് അറിയച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.