You are Here : Home / USA News

ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ ധൃതഗതിയില്‍

Text Size  

Story Dated: Wednesday, March 13, 2019 11:09 hrs UTC

ഡോ. ജോര്‍ജ് കാക്കനാട്ട്

ഹൂസ്റ്റണ്‍: 'തോമസിന്റെ വഴി വിശുദ്ധയിലേക്കുള്ള വഴി' എന്ന ആപ്തവാക്യവുമായി ഏഴാമതു സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണിലുള്ള ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടല്‍ സമുച്ചയത്തില്‍ വച്ചു നടക്കുന്നു. കൂട്ടായ്മയുടെ ഒത്തുചേരല്‍ പാരമ്പര്യത്തിലും സംസ്‌കാത്തിലും അധിഷ്ഠിതമായി, ദൈവ വചനത്തിന്റെ നിര്‍വൃതിയില്‍ ആഘോഷിക്കപ്പെടുന്ന ആരാധന, ക്രിസ്തീയ സ്‌നേഹം പങ്കുവെയ്ക്കലും അനുഭവിക്കലും എന്നിവയാണ് ഈ കണ്‍വന്‍ഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്നു ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഹാളില്‍ നടന്ന പ്രസ് മീറ്റില്‍ വച്ചു അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. 2001ല്‍ സ്ഥാപിതമായ ചിക്കാഗോ സീറോ മലബാര്‍ രൂപത ഇന്ന് കെട്ടുറപ്പിലും, വിശ്വാസ സമൂഹമെന്ന നിലയിലും അമേരിക്കയില്‍ അതിവേഗം വളരുന്ന സഭയായി മാറിയിരിക്കുകയാണ്. 46 ഇടവകകളും, 40ലധികം മിഷനുകളിലുമായി ഏകദേശം എഴുപതോളം വൈദീകരുടെ ശുശ്രൂഷയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റേയും നേതൃത്വത്തിലുള്ള സഭയുടെ വളര്‍ച്ച അത്ഭുതാവഹമാണ്.

 

ഈ കണ്‍വന്‍ഷന്‍ സഭയുടെ കഴിഞ്ഞ കാലഘട്ടത്തിലേക്കുള്ള എത്തിനോട്ടവും, ഇന്നിന്റെ ആവശ്യങ്ങളെ മനസിലാക്കുന്നതോടൊപ്പം ഭാവി എന്തായിരിക്കുമെന്നുള്ള ചിന്തകള്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമായിരിക്കും. ഒപ്പം സഭയുടെ പൗരാണിക പാരമ്പര്യങ്ങളും വിശ്വാസവെളിച്ചങ്ങളും കാത്തുസൂക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനും യോഗ്യമായ വിധത്തില്‍ വിനിയോഗിക്കണമെന്ന് മാര്‍ ആലപ്പാട്ട് ഉത്‌ബോധിപ്പിച്ചു. പരസ്പരം അറിയുകയും ബന്ധങ്ങള്‍ കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതിനും ഈ ഒത്തുചേരല്‍ ഉപയോഗപ്പെടുമെന്നു പിതാവ് പ്രത്യാശിച്ചു. വൈദീകരുടേയും പിതാക്കന്മാരുടേയും നിര്‍ദേശങ്ങളും സാന്നിധ്യവുമുണ്ടെങ്കിലും അത്മായരുടെ നേതൃത്വത്തിലാണ് ഈ കണ്‍വന്‍ഷന്‍ അരങ്ങേറുന്നതെന്ന് കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ പറഞ്ഞു. 'ഉണര്‍ന്നു പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു.

 

കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു' (ഐസയാ 601) എന്ന വാക്യത്തിന്റെ പശ്ചാത്തലത്തില്‍ സഭാംഗങ്ങള്‍ വീണ്ടും ഒന്നിച്ചു കൂടുകയാണ്. കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ അത്യപൂര്‍വ്വമായ ആവേശത്തില്‍ നാലായിരം കവിഞ്ഞതായി അറിയിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കടുക്കച്ചിറയുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം കമ്മിറ്റികള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. എല്ലാ ഇടവകകളില്‍ നിന്നും വികാരിമാരോടൊപ്പം നാല് പ്രതിനിധികള്‍ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതായി അലക്‌സാണ്ടര്‍ അറിയിച്ചു. ഹില്‍ട്ടണ്‍ ഹോട്ടലിലെ തൊണ്ണൂറുശതമാനം മുറികളും ഇതിനോടകം തീര്‍ന്നുവെന്നും അടുത്ത് സ്ഥിതിചെയ്യുന്ന മാരിയറ്റ് മാര്‍ക്കി ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കുമെന്നും ഒരുക്കങ്ങള്‍ വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷന്റെ ഉദ്ഘാടനം ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബര്‍ട്ട് നിര്‍വഹിക്കും. അമേരിക്കയിലെ കല്‍ദായ കത്തോലിക്കാ മെത്രാന്‍ ഫ്രാന്‍സീസ് കാലബാട്ട് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. പ്രമുഖ പ്രാസംഗീകരായ പാറ്റി ഷൈനിയര്‍, ട്രെന്റ് ഹോണ്‍, പോള്‍ കിം, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് തോമസ് തറയില്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.