You are Here : Home / USA News

"ഉദ്ധവഗീത" പ്രഭാഷണ പരമ്പര വിജയകരമായി പര്യവസാനിച്ചു

Text Size  

Story Dated: Wednesday, August 08, 2018 02:58 hrs UTC

ന്യൂയോര്‍ക്ക്: ജൂലൈ 29 ഞായറാഴ്ച മുതല്‍ ആഗസ്റ്റ് 4 ശനിയാഴ്ച വരെ ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടന്നുവന്ന സ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീത" യജ്ഞവും പ്രഭാഷണ പരമ്പരയും വിജയകരമായി പര്യവസാനിച്ചു. എല്ലാ ദിവസവും യജ്ഞാന്ത്യത്തില്‍ വിവിധ കലാപരിപാടികളും പ്രസാദ വിതരണവും നടന്നിരുന്നു. ഈ സത്‌സംഗത്തില്‍ പങ്കെടുത്തവര്‍ക്ക് ആദ്ധ്യാത്മിക കാര്യങ്ങളില്‍ ഒരു തികഞ്ഞ അവബോധമുണ്ടാക്കുവാന്‍ സ്വാമിജിക്ക് കഴിഞ്ഞു. ഭാഗവതം വില്ലേജ് ട്രസ്റ്റ് അംഗങ്ങളായ രാം പോറ്റി, ഡോ. നിഷാ പിള്ള തുടങ്ങിയവരടങ്ങുന്ന ബൃഹത്തായ കമ്മിറ്റി ഈ യജ്ഞത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ഡോ. ഉണ്ണികൃഷ്ണന്‍ തമ്പിയായിരുന്നു കോ-ഓര്‍ഡിനേറ്റർ. സതീഷ് മേനോന്‍ വീഡിയോ & കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവയ്ക്ക് നേതൃത്വം കൊടുത്തു. ബാഹുലേയന്‍ രാഘവന്‍, സുശീലാമ്മ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഫുഡ് കമ്മിറ്റി പ്രസാദ വിതരണവും സ്വാദിഷ്ടമായ വിഭവങ്ങളടങ്ങിയ സദ്യയും എല്ലാ ദിവസവും ഒരുക്കിയിരുന്നു.

താമര രാജീവ്, താരാ സായി വാസന്തി എന്നിവര്‍ കുട്ടികളുടെ സ്റ്റേജ് പ്രോഗ്രാം കോഓര്‍ഡിനേറ്റ് ചെയ്തു. താലപ്പൊലിയേന്തിയ കുട്ടികളുടെ ഘോഷ യാത്രയ്ക്ക് വനജ നായര്‍ നേതൃത്വം കൊടുത്തു. സമാപന ദിവസം നിരവധി കുട്ടികള്‍ "വിദ്യാ ഗോപാല മന്ത്രാര്‍ച്ചനയില്‍" പങ്കെടുത്തു. നായര്‍ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനത്തു സമാരംഭം കുറിച്ച യജ്ഞത്തില്‍ നാനാജാതി മതസ്ഥര്‍ പങ്കെടുത്തു. ജനബാഹുല്യം കണക്കിലെടുത്ത് യജ്ഞ സമാപന ചടങ്ങുകള്‍ വൈഷ്ണവ ടെമ്പിളിന്റെ വലിയ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. കമനീയമായ സ്റ്റേജ് നിര്‍മ്മാണവും അലങ്കാരങ്ങളും ഒരുക്കിയ സുധാകരന്‍ പിള്ളയെ അനുമോദിക്കുകയും സ്വാമി ഉദിത് ചൈതന്യജിയും യജ്ഞ സംഘാടകരും ചേര്‍ന്ന് പ്രശംസാ ഫലകം നല്‍കി ആദരിക്കുകയും ചെയ്തു. രഘുനാഥന്‍ നായര്‍, രാജഗോപാല്‍ കുന്നപ്പള്ളില്‍ എന്നിവര്‍ സ്റ്റേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നിര്‍വഹിച്ചു. യജ്ഞാരംഭത്തില്‍ അനിതാ കൃഷ്‌ണയും സംഘവും നടത്തിയ സംഗീതക്കച്ചേരി കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഓരോ ദിവസവും വിവിധ ട്രൂപ്പുകള്‍ കലാപരിപാടി അവതരിപ്പിച്ചു.

മീന മാമ്മി ഗ്രൂപ്പിന്റെ ഭജന, എന്‍.ബി.എ. വൈസ് പ്രസിഡന്റ് രാം ദാസ് കൊച്ചുപറമ്പിലിന്റെ കീര്‍ത്തനാലാപനം, വിമന്‍സ് ഫോറത്തിന്റെ ഹരിനാമ കീര്‍ത്തനാലാപനം, ദിവ്യ ശര്‍മ്മയുടെ കർണ്ണാട്ടിക് മ്യുസിക് എന്നിവ കൂടാതെ ശബരീനാഥ് നായര്‍, അപര്‍ണ്ണ ഷിബു, അനുഷ്‌ക ബാഹുലേയന്‍, പ്രണവ് എന്നിവരും കലാപരിപാടികളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. യജ്ഞ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതു ചടങ്ങില്‍ ആദ്ധ്യാത്മിക ചിന്തകനായ സാമുവേല്‍ കൂടല്‍ പങ്കെടുത്തു പ്രഭാഷണം നടത്തി. അദ്ദേഹത്തെ ബാഹുലേയന്‍ രാഘവന്‍ സദസ്സിന് പരിചയപ്പെടുത്തുകയും രാം പോറ്റി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. സാമുവേല്‍ കൂടല്‍ രചിച്ച സാമുവേലിന്റെ സുവിശേഷം രണ്ടാം ഭാഗം സ്വാമിജിക്ക് ഒരു കോപ്പി സമര്‍പ്പിച്ചുകൊണ്ട് പ്രകാശനം നടത്തി. ആദ്ധാത്മിക ചിന്തയിലേക്ക് മനസ്സ് തിരിയാനുണ്ടായ സാഹചര്യവും കാഴ്ചപ്പാടും സനാതന ധര്‍മ്മത്തിന്റെ കാഴ്ചപ്പാടും യേശുദേവന്റെ കാഴ്ചപ്പാടും ഒന്നുതന്നെയാണെന്ന് ഉപനിഷത്തുകളെ ഉദ്ധരിച്ചുകൊണ് അദ്ദേഹം സമര്‍ത്ഥിച്ചത് സത്‌സംഗത്തില്‍ പങ്കെടുത്തവരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. സ്വാമിജിക്കും, സാമുവേല്‍ കൂടലിനും, സദസ്സിനും, കലാപരിപാടികളില്‍ ഓരോ ദിവസവും പങ്കെടുത്തവര്‍ക്കും ഭാഗവതം വില്ലേജ് കമ്മിറ്റി അംഗമായ ഗോപിനാഥ് കുറുപ്പ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. പ്രസാദ വിതരണത്തോടെയും, വിശേഷാല്‍ സദ്യയോടെയും യജ്ഞം സമംഗളം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.