You are Here : Home / USA News

ഫൊക്കാനയെ നശിപ്പിക്കരുത്

Text Size  

Story Dated: Monday, June 18, 2018 11:14 hrs UTC

ജോസഫ് കുരിയപ്പുറം

മഹാനുഭവരായ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, അമേരിക്കന്‍ മണ്ണില്‍ മലയാണ്മയെ ഊട്ടി വളര്‍ത്തിയ ഡോ. എം. അനിരുദ്ധന്‍ തുടങ്ങിയവര്‍ 1982-ല്‍ മുന്‍കൈയ്യെടുത്ത്, അമേരിക്കന്‍ മലയാളികള്‍ക്കായി ഒരു കൂട്ടായ്മ വേണമെന്ന സദുദ്ദേശത്തോടെ രൂപം കൊടുത്ത, അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടന 'ഫൊക്കാന' 36 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. മാതൃകാപരമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സംഘടനയില്‍ അക്ഷന്തവ്യമായ പിടിപ്പുകേടിന്റേയും ചതിയുടേയും വഞ്ചനയുടേയും ഫലമായി 2006-ല്‍ പിളര്‍പ്പുണ്ടായി. സത്യത്തിന്റേയും നീതിയുടേയും പക്ഷത്തു നിന്ന ഫൊക്കാന വിഭാഗത്തിന് കോടതി വിധിയും അനുകൂലമായിരുന്നു. തുടര്‍ന്നങ്ങോട്ട് ഇന്നുവരെ ഏതാനും വ്യക്തികളും അവര്‍ നിര്‍ദ്ദേശിക്കുന്നവരുടേയും അവരെ പിന്താങ്ങുന്നവരുടേയും മാത്രമായി ഫൊക്കാന എന്ന മഹാസംഘടന ചുരുങ്ങിയിരിക്കുന്നു. 2026 വരെയുള്ള ഫൊക്കാനയുടെ പ്രസിഡന്റുമാരെ തീരുമാനിച്ചു കഴിഞ്ഞെന്നാണ് തലമുതിര്‍ന്ന ഒരു നേതാവിന്റെ വീരസ്യം.

 

ഇതേ രീതിയില്‍ കൊണ്ടുവന്ന മൂന്നു പ്രസിഡന്റുമാര്‍ ഫൊക്കാനയുടെ മൂന്ന് മുന്‍ കണ്‍വന്‍ഷനുകള്‍ നടത്തി ഭീമമായ നഷ്ടവും സംഘടനയ്ക്ക് വരുത്തി വെച്ചത് പകല്‍ പോലെ സത്യം ! 2016-ല്‍ കൊണ്ടുവന്ന, ജാതി സംഘടനയുടെ പിന്‍ബലമുണ്ടായിരുന്ന സ്ഥാനാര്‍ഥി താന്‍ പ്രതിനിധാനം ചെയ്തിരുന്ന സംഘടനയെത്തെന്നെ പിന്‍വലിച്ചുകൊണ്ട് മുഖം രക്ഷിച്ചെങ്കിലും, മേല്പറഞ്ഞ തല്പരകക്ഷികളായ നേതാക്കള്‍ അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കിയിരിക്കുന്നത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മതേതര സംഘടനകള്‍ക്ക് നാണക്കേടുണ്ടാക്കുമെന്നു മാത്രമല്ല ദൂരവ്യാപകമായ പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാനിടയുണ്ട്. ഫൊക്കാനയില്‍ ചേരാന്‍ താന്‍ രൂപീകരിച്ച സംഘടനയുടെ പേരില്‍ അല്പം ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ആ സംഘടന ഇപ്പോഴും ഒരു മതസംഘടന തന്നെയെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍. ആഗസ്റ്റ് 10, 11, 12 തിയ്യതികളില്‍ ചിക്കാഗോയില്‍ വെച്ച് നടക്കുന്ന ഒരു സാമുദായിക ദേശീയ കണ്‍വന്‍ഷനില്‍ അമേരിക്കയിലേയും കാനഡയിലേയും നിരവധി അംഗസംഘടനകളാണ് പ്രതിനിധാനം ചെയ്യുന്നത്.

 

അവയില്‍ ഒന്ന് മേല്പറഞ്ഞ സംഘടനയുമുണ്ട്. ഫൊക്കാനയുടെ ഭരണഘടനയുടേയും സാമ്പത്തിക കാര്യങ്ങളുടേയും മേല്‍നോട്ടമുള്ള ട്രസ്റ്റീ ബോര്‍ഡ് കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഓഡിറ്റു ചെയ്ത മുഴുവന്‍ കണക്കുകളും അംഗസംഘടനകളെ അറിയിക്കുകയോ അതാതു സമയത്ത് ഇന്റേണല്‍ റവന്യൂ സര്‍വീസ്സസിന് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഓരോ വര്‍ഷവും ഒരു പ്രഹസനം പോലെ തുണ്ടുകടലാസില്‍ ഏതാനും തുക രേഖപ്പെടുത്തി കൈയ്യടിച്ചു പാസ്സാക്കി സ്വയം സായൂജ്യമടയുന്നതല്ലാതെ അടുക്കും ചിട്ടയോടും കൂടി ഒരു എക്‌സ്റ്റേണല്‍ ഓഡിറ്റു നടത്തി കണക്കുകള്‍ സുതാര്യമാക്കാന്‍ ട്രസ്റ്റീ ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ കണ്‍വന്‍ഷനുകളും നഷ്ടത്തില്‍ കലാശിക്കുന്നു എന്നു പറയുമ്പോഴും, ഒരു കണക്കിലും പെടുത്താതെ ഏകദേശം അര ലക്ഷത്തോളം ഡോളര്‍ ട്രസ്റ്റീ ബോര്‍ഡ് ഭാരവാഹികള്‍ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നറിയുമ്പോഴാണ് സ്ഥിതി എത്ര ഭീകരമാണെന്ന് അംഗസംഘടനാ ഭാരവാഹികള്‍ മനസ്സിലാക്കേണ്ടത്. കണ്‍വന്‍ഷന്‍ കഴിഞ്ഞ് 150 ദിവസങ്ങള്‍ക്കുള്ളില്‍ കണക്ക് ബോധിപ്പിച്ചില്ലെങ്കില്‍ ആദ്യം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്യണമെന്നും, എന്നിട്ടും കണക്കു ബോധിപ്പിക്കുന്നില്ലെങ്കില്‍ അവരെ ഫൊക്കാനയുടെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും, അവരുള്‍പ്പെടുന്ന സംഘടനകളെയടക്കം ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ഫൊക്കാന ഭരണഘടനയില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ഭരണഘടനയും സാമ്പത്തിക കാര്യങ്ങളും രണ്ടും ട്രസ്റ്റീ ബോര്‍ഡ് കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഗുരുതരമായ ഈ വീഴ്ച സംഭവിക്കുന്നത്.

 

കണക്കു കാര്യങ്ങളില്‍ വീഴ്ച വരുത്തിയ നേതാക്കളേയും അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകളേയും മാറ്റി നിര്‍ത്തിയാല്‍ ഫൊക്കാനയില്‍ ഇപ്പോഴുള്ള അംഗ സംഘടനകളില്‍ പകുതിയിലേറെ പുറത്തുപോകേണ്ടിവരും എന്ന അവസ്ഥയാണുള്ളത്. ജനറല്‍ ബോഡി നിശ്ചയിക്കുന്ന മൂന്നു പേരുടെ സംഘമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ഫൊക്കാനയുടെ ഇലക്ഷന്‍ കൈകാര്യം ചെയ്തിരുന്നത്. ആ ജോലിയും ട്രസ്റ്റീ ബോര്‍ഡ് ഏറ്റെടുത്തതോടുകൂടി 'സുതാര്യമായ തിരഞ്ഞെടുപ്പ്' എന്ന പ്രക്രിയ ഫൊക്കാനയില്‍ അവസാനിച്ചു. കണ്‍വന്‍ഷനുകള്‍ അടുക്കുമ്പോള്‍ ഈ ട്രസ്റ്റീ ബോര്‍ഡ് ഒരു പ്രസിഡന്റിനേയും അതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഏതെങ്കിലും സംഘടനകളേയും അവതരിപ്പിക്കുന്നു. ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുള്ള മാതൃകയില്‍ നിന്നും വ്യതിചലിച്ച് മിക്കവാറും എല്ലാ കടലാസു സംഘടനകള്‍ക്കും ഒന്‍പത് പ്രതിനിധികളെ വീതം അയയ്ക്കാനുള്ള സംവിധാനം ട്രസ്റ്റീ ബോര്‍ഡ് ചെയ്തുകൊടുക്കുന്നു. യഥാര്‍ത്ഥ സംഘടനകളുടെ അംഗബലം നിശ്ചയിച്ച് അതനുസരിച്ച് പ്രതിനിധികളെ അയച്ചാല്‍ ഈ ഇറക്കുമതി നേതാക്കള്‍ പച്ചതൊടാതെ പുറത്താകും. നാനൂറിലധികം അംഗസംഖ്യയുള്ള സംഘടനകള്‍ക്കു മാത്രമേ 9 പ്രതിനിധികളെ ലഭിക്കുകയുള്ളൂ എന്ന നിയമം നിലനില്‍ക്കേ എല്ലാ കടലാസു സംഘടനകള്‍ക്കും ഏതടിസ്ഥാനത്തിലാണ് 9 വീതം പ്രതിനിധികളെ ട്രസ്റ്റീ ബോര്‍ഡ് സമ്മാനിക്കുന്നത്?

 

വിവേചനബുദ്ധിയുള്ള അമേരിക്കന്‍ മലയാളി ഈ ചോദ്യം ഇലക്ഷന്‍ കമ്മീഷനോടും ട്രസ്റ്റീ ബോര്‍ഡിനോടും ചോദിക്കാന്‍ മടി കാണിക്കേണ്ടതില്ല. ഈ ലേഖകന്റെ നിരീക്ഷണത്തില്‍ ഏകദേശം നൂറിലധികം 'ചാത്തന്‍' വോട്ടുകള്‍ 2018-ലെ ഇലക്ഷനില്‍ രേഖപ്പെടുത്താന്‍ ട്രസ്റ്റീ ബോര്‍ഡും ഇലക്ഷന്‍ കമ്മീഷനും കൂടി അനുവാദം കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെയാണ് 2016-ലെ തിരഞ്ഞെടുപ്പില്‍ സ്വന്തം സംഘടനയെത്തന്നെ പിന്‍വലിക്കേണ്ടി വന്ന വ്യക്തിയെ പ്രസിഡന്റായി അവതരിപ്പിക്കുന്നത്. ഒരു പുതിയ സംഘടനയെ ഫൊക്കാനയില്‍ അംഗത്വം നല്‍കുന്നതിന് ഒരു വര്‍ഷത്തെ 'വെയ്റ്റിംഗ് പീരിയഡ്' ഉണ്ടെന്ന നിയമം ഇലക്ഷന്‍ കമ്മീഷന് അറിയാഞ്ഞിട്ടല്ല. അവര്‍ അമേരിക്കന്‍ മലയാളികളെ വിഢികളാക്കുന്നതിന്റെ തെളിവുകൂടിയാണിത്. ഫിലഡല്‍ഫിയയും ന്യൂജെഴ്‌സിയും ഉള്‍പ്പെടുന്ന ഒരേ റീജനില്‍ അടുത്തടുത്ത് രണ്ട് കണ്‍വന്‍ഷന്‍ നടത്തും എന്നു പറയുന്നതിന്റെ സാംഗത്യവും ഈ പ്രതിഭാധനന്മാര്‍ തന്നെ പറയട്ടെ..!

 

ഫൊക്കാനയുടെ ഇലക്ഷന്‍ നിയമപ്രകാരം ഒരു സംഘടനയില്‍ നിന്ന് പരമാവധി മത്സരിക്കാന്‍ യോഗ്യതയുള്ളവര്‍ രണ്ടു പേരാണ്. പക്ഷെ 2018-ലെ ഇലക്ഷനില്‍ ന്യൂയോര്‍ക്കിലെ ഒരു സംഘടനയില്‍ നിന്ന് ആറു പേരാണ് സ്ഥാനാര്‍ത്ഥികള്‍ ! ഒരു വീട്ടില്‍ നിന്നുള്ള മാതാപിതാക്കളും മകനും അക്കൂട്ടത്തിലുണ്ട്. ട്രസ്റ്റീ ബോര്‍ഡും ഇലക്ഷന്‍ കമ്മിറ്റിയും അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ പ്രവര്‍ത്തികള്‍ നടക്കുന്നത്. അമേരിക്കന്‍ മലയാളികള്‍ക്കും കേരളീയര്‍ക്കും എണ്ണമറ്റ സല്‍ക്കര്‍മ്മങ്ങള്‍ നടത്തി മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഫൊക്കാനയുടെ സമീപകാല ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരെയും ലജ്ജിപ്പിക്കുന്ന തരത്തിലാണ്. പള്ളിയിലെ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ വേണ്ടി ഒരു നേതാവ് പരുമല പള്ളിക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കുന്നു, മറ്റൊരു ഒരു നേതാവ് നാട്ടില്‍ ആളാവാന്‍ ആറന്മുള വള്ളം കളിക്ക് 5 ലക്ഷം രൂപ നല്‍കുന്നു, രണ്ടും ഫൊക്കാനയുടെ അക്കൗണ്ടില്‍ ചേര്‍ക്കുന്നു...!! കൈയ്യില്‍ നിന്ന് ഒരു പൈസ പോലും ചിലവാക്കാതെ അങ്ങനെ നേതാവ് പട്ടം നേടി. ചിക്കാഗോയിലെ ഫൊക്കാന പ്രവര്‍ത്തകര്‍ കേരളത്തിലെ അംഗവൈകല്യമുള്ളവര്‍ക്ക് ഗുണകരമായ ''ജില്ലയ്ക്കൊരു കാല്‍'' പദ്ധതി നല്ല രീതിയില്‍ കൊണ്ടുപോയെങ്കിലും പിന്നീട് പരാജയപ്പെട്ടത് നടത്തിപ്പിലെ പോരായ്മകള്‍ തന്നെയാണ്. ഫൊക്കാനയുടെ എക്കാലത്തേയും അഭിമാനമായിരുന്ന 'ഭാഷയ്ക്കൊരു ഡോളര്‍' പദ്ധതി ബഹുമാന്യരായ ഐ. വര്‍ഗീസ്, ഡോ. പാര്‍ത്ഥസാരഥി പിള്ള, ഡോ. സണ്ണി വൈക്ലിഫ് തുടങ്ങിയവര്‍ ഇരന്നു പിരിച്ചെടുത്ത 'ഡോളറും പെട്ടിയും' ഫൊക്കാനയിലെ മാന്യ ട്രസ്റ്റീ ബോര്‍ഡ് പിടിച്ചെടുത്ത് അതിലുണ്ടായിരുന്ന പണം മുഴുവന്‍ അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ആ പദ്ധതി തന്നെ നിര്‍ത്തലാക്കുകയും ചെയ്തു ! ആ പെട്ടിയില്‍ എത്ര ഡോളര്‍ ഉണ്ടായിരുന്നെന്നോ അതിന്റെ പ്രയോജകരര്‍ ആരൊക്കെയായിരുന്നെന്നോ ഉള്ള യാതൊരു കണക്കുകളും ഈ ട്രസ്റ്റീ ബോര്‍ഡ് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടില്ല...... ആരും അതേക്കുറിച്ച് ചോദിച്ചിട്ടുമില്ല...!

മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണ് ഫൊക്കാന. അതില്‍ കയറിക്കൂടിയവരെല്ലാം ആഴക്കടലിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പോലും അറിയുന്നില്ല. ആ മുങ്ങുന്ന കപ്പലിനെ രക്ഷിച്ചെടുക്കാന്‍ ശക്തരും സത്യസന്ധരുമായ കപ്പിത്താന്മാരെയാണ് ആവശ്യം. വടക്കേ അമേരിക്കന്‍ മലയാളികളുടെ അഭിമാനമാകേണ്ടിയിരുന്ന ഒരു മഹാസംഘടനയെ കഴിഞ്ഞ പത്തു വര്‍ഷമായി ചവിട്ടിയരച്ച് നഷ്ടത്തിന്റെ കഥകള്‍ മാത്രം നിരത്തി സ്വജനപക്ഷപാതത്തിന്റേയും അഴിമതിയുടേയും കൂത്തരങ്ങാക്കി മാറ്റിയ ഈ ട്രസ്റ്റീ ബോര്‍ഡ് നമുക്ക് ആവശ്യമുണ്ടോ? തിരഞ്ഞെടുക്കപ്പെടുന്ന നാഷണല്‍ കമ്മിറ്റിക്ക് ചെയ്യാന്‍ സാധിക്കാത്ത ഏതെങ്കിലും ആനക്കാര്യം ഈ നേതാക്കന്മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമോ? അമേരിക്കന്‍ മലയാളിക്കോ ഫൊക്കാനയ്ക്കോ ആവശ്യമില്ലാത്ത ഈ 'അഴിമതി' സ്ഥാപനം ഈ തിരഞ്ഞെടുപ്പോടുകൂടി അവസാനിക്കണം. ഇനിയും പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത സംഘടനാതല്പരരായ അമേരിക്കന്‍ മലയാളികള്‍ പ്രതികരിക്കണം.....!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.