You are Here : Home / USA News

ടെക്‌സാസില്‍ ഫോമാ കണ്‍വന്‍ഷന്‍ നടത്തിയിട്ടുണ്ട്; ഇനി ഒരു അവസരം ന്യൂയോര്‍ക്കിനു നല്‍കുക

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, June 09, 2018 11:45 hrs UTC

ന്യൂയോര്‍ക്ക്: 2006 ല്‍ ഫോമായുടെ ആദ്യ കണ്‍വന്‍ഷന്‍ ടെക്‌സാസിലെ ഹ്യൂസ്റ്റണില്‍ വച്ചാണ് നടത്തിയത്. അതുകൊണ്ട് 2020 ഫോമാ കണ്‍വന്‍ഷന്‍ നടത്താനുള്ള അവസരം ന്യൂയോര്‍ക്കില്‍ നല്‍കണമെന്ന് ഫോമാ നാഷ്ണല്‍ കമ്മറ്റി അംഗങ്ങളായ എ.വി.വര്‍ഗീസും, സണ്ണി കല്ലൂപ്പാറയും അഭ്യര്‍ത്ഥിച്ചു. ചിക്കാഗോ കണ്‍വന്‍ഷനോടുകൂടി ഫോമാ വളരെ ശക്തി പ്രാപിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് പോലുള്ള ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു നഗരത്തില്‍ വച്ച് അടുത്ത കണ്‍വന്‍ഷന്‍ നടത്തിയാലെ ഫോമായുടെ ഇപ്പോഴത്തെ ചാലകശക്തി നിലനിര്‍ത്തുവാന്‍ കഴിയൂ. ലോക മലയാളികളുടെ മുഴുവന്‍ ശ്രദ്ധയും, ഫോമയിലേക്ക് ആകര്‍ഷിക്കുന്നതിനും, സംഘടനയുടെ യശസ് ഉയര്‍ത്തുന്നതിനും ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ നടത്തുന്നതാണ് ഗുണകരമെന്ന് ഇരുവരും പറഞ്ഞു. ന്യൂയോര്‍ക്കിന് ചുറ്റുപാടുമുള്ള, ന്യൂഇംഗ്ലണ്ട്, മിഡ് അറ്റ്‌ലാന്റിക്, കാപ്പിറ്റല്‍ എന്നീ ഫോമാ റീജനുകള്‍ക്കൊപ്പം, ന്യൂയോര്‍ക്കിലെ എംപയര്‍, മെട്രോ എന്നീ റീജനുകളും കൂടി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അയ്യായിരത്തിലധികം ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തില്‍ '2020' കണ്‍വന്‍ഷന്‍ നടത്തുവാന്‍ സാധിക്കും.

 

വാഷിംഗ്ടണ്‍ മുതല്‍ ബോസ്റ്റന്‍ വരെയുള്ള ഒരു റീജനുകളിലാണ് ഫോമയുടെ പകുതിയിലധികം അംഗ സംഘടനകളുമുള്ളത്. ഈ സ്റ്റേറ്റുകളില്‍ നിന്നും വാഹനം ഓടിച്ച് ന്യൂയോര്‍ക്കില്‍ എത്താവുന്നതു കൊണ്ട്, കുടുംബമായിട്ടായിരിക്കും എല്ലാവരും വരിക. പ്രത്യേകിച്ച് കണ്‍വന്‍ഷനുകളില്‍ നിന്നും വിട്ടു നില്‍ക്കുന്ന നമ്മുടെ കുട്ടികളേയും, യുവജനങ്ങളേയും ഫോമയിലേക്ക് ആകര്‍ഷിക്കുവാനും, ന്യൂയോര്‍ക്കാണ് ഏറ്റം അനുയോജ്യമായ സ്ഥലം. അതുപോലെ, ഫോമാ കണ്‍വന്‍ഷന്‍, പൂര്‍ണ്ണമായും ഒരു ഫാമിലി കണ്‍വന്‍ഷനായി മാറുകയും ചെയ്യും. ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ക്കും ഡ്രൈവ് ചെയ്തു വരാവുന്നതു കൊണ്ട് വിമാന ടിക്കറ്റില്‍, പണവും ലാഭിക്കുകയും ചെയ്യാം. മറ്റൊരു എടുത്തു പറയേണ്ട കാര്യം, ന്യൂയോര്‍ക്കില്‍ വച്ച് കണ്‍വന്‍ഷന്‍ നടത്തിയാല്‍ വലിയ കമ്പനികളുടെയും, സ്ഥാപനങ്ങളുടേയും ധാരാളം സ്‌പോണ്‍സര്‍ഷിപ്പ് നമുക്ക് കിട്ടും. അതിലൂടെ അമേരിക്കയിലെ മറ്റേതു സ്റ്റേറ്റില്‍ വച്ച് കണ്‍വന്‍ഷന്‍ നടത്തിയാലും, ചെലവാകുന്നതിലും കുറഞ്ഞ പാക്കേജില്‍ കണ്‍വന്‍ഷന്‍ നടത്തുവാന്‍ സാധിക്കുമെന്നും എ.വി. വര്‍ഗീസും സണ്ണി കല്ലൂപ്പാറയും പറഞ്ഞു.

സംഘടനയുടെ വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ഇനി നമ്മള്‍ പുറകോട്ടല്ല പോകേണ്ടതെന്നും ഫോമക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്ന രീതിയില്‍ 2020 കണ്‍വന്‍ഷന്‍ നടത്തുവാന്‍ സാധിക്കുന്നത് ന്യൂയോര്‍ക്കിലാണെന്നും, അതുകൊണ്ട് ഫോമയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന എല്ലാവരുടേയും പിന്തുണ '2020 ന്യൂയോര്‍ക്ക്' ടീമിന് ഉണ്ടാകണമെന്ന് സണ്ണിയും വര്‍ഗീസും അഭ്യര്‍ത്ഥിച്ചു. ജോണ്‍സി വര്‍ഗീസും, മാത്യു വര്‍ഗീസ്(ബിജു), ഷിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കുന്ന 2020 ന്യൂയോര്‍ക്ക് ടീമിലെ എല്ലാ സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.