You are Here : Home / USA News

ലാനാ കണ്‍വെന്‍ഷനില്‍ അമേരിക്കന്‍ മലയാള സാഹിത്യത്തെപ്പറ്റി ചര്‍ച്ചാസെമിനാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 15, 2013 10:36 hrs UTC

ഷിക്കാഗോ: നവംബര്‍ അവസാനവാരം ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന ലാനയുടെ ത്രിദിന ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ `അമേരിക്കയിലെ മലയാള സാഹിത്യം; വളര്‍ച്ചയും വികാസവും' എന്ന സെമിനാര്‍ സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ പ്രമുഖ സാഹിത്യ പ്രവര്‍ത്തകരായ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌, ഡോ. ശശിധരന്‍ കൂറ്റാല എന്നിവരാണ്‌ മുഖ്യ പ്രബന്ധം അവതരിപ്പിക്കുന്നത്‌. പീറ്റര്‍ നീണ്ടൂര്‍, വാസുദേവ്‌ പുളിക്കല്‍, വര്‍ഗീസ്‌ ഏബ്രഹാം എന്നിവരാണ്‌ മറ്റ്‌ പ്രാസംഗികര്‍. ബാബു പാറയ്‌ക്കല്‍ സെമിനാറിന്റെ മോഡറേറ്ററായിരിക്കും. പ്രമുഖ നോവലിസ്റ്റും ഉപന്യാസകാരനുമായ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ (ഹൂസ്റ്റണ്‍) കഴിഞ്ഞ നാല്‌ ദശാബ്‌ദത്തിലധികമായി അമേരിക്കയിലെ സാഹിത്യമണ്‌ഡലത്തിലെ സജീവസാന്നിധ്യമാണ്‌. മൂന്നു നോവലുകള്‍ ഉള്‍പ്പടെ എട്ട്‌ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണ്ണിക്കരോട്ടിന്റെ `അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' വടക്കേ അമേരിക്കയിലെ മലയാള സാഹിത്യപ്രവര്‍ത്തനങ്ങളുടെ ഗവേഷണാത്മകമായ ആധികാരിക ഗ്രന്ഥമായി വിലയിരുത്തപ്പെടുന്നു.

 

എഴുത്തിന്റെ വഴികളില്‍ അനവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം സമകാലിക രാഷ്‌ട്രീയ-സാഹിത്യ-സാമൂഹ്യ മേഖലകളിലെ വിവിധ വിഷയങ്ങളെപ്പറ്റി ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതുന്നു. വിവിധ മത-സാമൂഹ്യ സംഘടനകളുടെ നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ പ്രസിഡന്റാണ്‌. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷനില്‍ എം.ഫിലും ഡോക്‌ടറേറ്റും നേടിയ ഡോ. ശ്രീധരന്‍ കൂറ്റാല (ന്യൂയോര്‍ക്ക്‌) അമേരിക്കയിലേക്ക്‌ കുടിയേറുന്നതിനു മുമ്പ്‌ കോഴിക്കോട്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളജില്‍ പ്രൊഫസറും വകുപ്പ്‌ മേധാവിയുമായിരുന്നു. മികച്ച കോളജ്‌ അദ്ധ്യാപകനുള്ള അവാര്‍ഡ്‌ കരസ്ഥമാക്കിയ അദ്ദേഹം ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ ചെസ്റ്റര്‍ കമ്യൂണിറ്റി കോളജില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ടെലിവിഷന്‍ ജേര്‍ണലിസം മേഖലയില്‍ മൂന്നുവര്‍ഷക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍ വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നു. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ പി.എച്ച്‌.ഡി വിദ്യാര്‍ത്ഥികളുടെ എക്‌സ്റ്റേണല്‍ എക്‌സാമിനര്‍ ആയും പ്രവര്‍ത്തിക്കുന്നു.

 

അമേരിക്കയിലെ മലയാള സാഹിത്യപ്രവര്‍ത്തനങ്ങളെപ്പറ്റിയും സാഹിത്യകൃതികളെപ്പറ്റിയും ശശിധരന്‍ കൂറ്റാല  തന്റെ പ്രബന്ധത്തില്‍ വിമര്‍ശനാത്മകമായ വിലയിരുത്തല്‍ നടത്തുന്നതായിരിക്കും. കവിയും സിനിമാഗാന രചയിതാവുമായ പീറ്റര്‍ നീണ്ടൂര്‍ അമേരിക്കന്‍ സാഹിത്യമേഖലയിലെ നിറസാന്നിധ്യമാണ്‌. സമകാലീന സംഭവങ്ങളെ വിമര്‍ശകന്റെ സൂക്ഷ്‌മനിരീക്ഷണങ്ങളോടെ വിലയിരുത്തുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ആവിഷ്‌കാരസൗന്ദര്യംകൊണ്ടും ആലാപന സൗകുമാര്യതകൊണ്ടും വായനക്കാരനെ ആകര്‍ഷിക്കുന്നു. `വിഷമവൃത്തം' എന്ന കാവ്യസമാഹാര ഗ്രന്ഥത്തിനു പുറമെ `ഉവര്‍പ്പ്‌' എന്ന പേരില്‍ സ്വന്തം കാവ്യഗീതങ്ങളുടെ വീഡിയോ സിഡിയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കവിയും ഉപന്യാസകാരനുമായ വാസുദേവ്‌ പുളിക്കല്‍ മികച്ച കാവ്യഗീതങ്ങളുടെ രചനവഴി അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ആസ്വാദ്യത പിടിച്ചുപറ്റിയ കവിയാണ്‌. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി വിവിധ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും എഴുതുന്ന അദ്ദേഹം ഇതിനോടകം തന്റെ രണ്ട്‌ കവിതാ സമാഹാരങ്ങള്‍ പുസ്‌തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ആനുകാലിക വര്‍ത്തമാനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്‌ഠ നേടിയ പ്രവാസി സാഹിത്യകാരനാണ്‌ വര്‍ഗീസ്‌ ഏബ്രഹാം (ഡെന്‍വര്‍). നാട്ടിലേയും അമേരിക്കയിലേയും സമകാലിക സംഭവങ്ങളേയും പ്രവണതകളേയും നാടിനെ സ്‌നേഹിക്കുന്ന ഒരു എഴുത്തുകാരന്റെ കണ്ണിലൂടെ നോക്കി കണ്ട്‌ വിമര്‍ശനക്കുറിപ്പുകളെഴുതി പ്രതിബദ്ധത തെളിയിച്ചുകൊണ്ടിരിക്കുന്നു. `കിഴക്കുനിന്ന്‌ പടിഞ്ഞാറുവരെ' എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖന സമാഹാരം ഏറെ അനുവാചശ്രദ്ധ നേടി. ജീവിതത്തിന്റെ പുതിയൊരു ആകാശത്തെ സരളഭംഗിയായി അവതരിപ്പിച്ച `നിറങ്ങളില്‍ ജീവിക്കുന്നവര്‍' എന്ന ആദ്യ നോവലിലൂടെ തന്നെ ശ്രദ്ധേയനായ എഴുത്തുകാരനാണ്‌ ബാബു പാറയ്‌ക്കല്‍. ശ്രദ്ധേയങ്ങളായ ചെറുകഥകളും, ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി ലേഖനങ്ങളും വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവരുന്നു. ലഘുനാടകങ്ങളുടെ രചനകളും നിര്‍വഹിച്ച അദ്ദേഹം നല്ലൊരു സംഘാടകന്‍ കൂടിയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.