You are Here : Home / USA News

'ഒരേ സ്വരം' തിരുവോണത്തിന് മലയാളം ടിവിയില്‍; കെ.എസ്.ചിത്ര, എം.ജി. ശ്രീകുമാര്‍ ഒരേ സ്വരമായി മുപ്പത് വര്‍ഷങ്ങള്‍

Text Size  

Story Dated: Friday, September 13, 2013 10:17 hrs UTC

അമേരിക്കന്‍ മലയാളികളുടെ മനം കവര്‍ന്ന സംഗീത വിസ്മയം 'ഒരേ സ്വരം' തിരുവോണനാളില്‍ മലയാളം ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു. ഉച്ചയ്ക്ക് 12 മണിക്കും വൈകീട്ട് 6മണിക്കും പ്രക്ഷേപണം ചെയ്യുന്ന ഒരേ സ്വരം അമേരിക്കന്‍ സ്റ്റേജ് ഷോകളുടെ ചരിത്രത്തിലെ സംഗീതവിസ്മയമാണ്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകരായ കെ.എസ്.ചിത്രയും, എം.ജി. ശ്രീകുമാറുമടങ്ങുന്ന വലിയ ഒരു സംഗീത കൂട്ടായ്മയാണ് ഒരേ സ്വരത്തിനു പിന്നിലുള്ളത്. ഒരു സംഗീത കൂട്ടായ്മയാണ് ഒരേ സ്വരത്തിനു പിന്നിലുള്ളത്. ഒരു ജനതയുടെ സംസ്‌കാരത്തിന്റെ മാറ്റ് കണക്കാക്കുന്നതില്‍ ഉല്‍കൃഷ്ടമായ സംഗീതത്തിന് വലിയ സ്ഥാനമുണ്ട്. അവരുടെ സംഗീതത്തിന്റെ മേന്മ എത്രമാത്രം ഉയര്‍ന്നതാണോ അത്രയ്ക്ക് ഉയര്‍ന്നതാവും അവരുടെ സംസ്‌കാരവും. ഒരു സംസ്‌കാരത്തെ സംഗീതത്തിലൂടെ ആവിഷ്‌ക്കരിച്ച കെ.എസ്. ചിത്രയും, എം.ജി.ശ്രീകുമാറും അവരുടെ സംഗീത വസന്തത്തിന്റെ സുവര്‍ണ്ണകാലം മലയാളിക്ക് മുന്‍പില്‍ തുറന്നിട്ടിട്ട് മുപ്പത് വര്‍ഷങ്ഹള്‍ പിന്നിടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങി നിരവധി ഭാഷകളിലായി ഇരുപതിനായിരത്തിലധികം ഗാനങ്ങളാണ് കെ.എസ്. ചിത്ര ഇതിനോടകം പാടിക്കഴിഞ്ഞിരിക്കുന്നത്. ഇതില്‍ നാലായിരത്തിലധികം ഗാനങ്ങള്‍ ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളുമാണ്. 2005 ല്‍ പത്മശ്രീ നല്‍കി ആദരിച്ച ഈ അനുഗ്രഹീത ഗായികയ്ക്ക് 6 തവണ കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് പതിനാറ് തവണ കേരള സംസ്ഥാന അവാര്‍ഡ്, 9 തവണ ആന്ഡ്ര സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, 4 തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ്, മൂന്ന് തവണ കര്‍ണ്ണാടക സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. കൂടാതെ നൂറിലധികം പ്രത്യേക പുരസ്‌കാരങ്ങളും നമ്മുടെ വാനമ്പാടിയെ തേടി എത്തിയിട്ടുണ്ട്. 1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍നായരുടെ പുത്രിയായി തിരുവനന്തപുരത്ത് ജനിച്ച ചിത്രയുടെ ആദ്യ ഗുരുനാഥന്‍ പിതാവ് തന്നെ ആയിരുന്നു. പിന്നീട് കെ. ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസം എന്ന ചിത്രത്തില്‍ പാടി സിനിമയിലേക്ക് കടന്നു വന്ന ചിത്രയുടെ വളര്‍ച്ചയുടേയും, വിഷമത്തിന്റേയും വഴികള്‍ മലയാളികള്‍ കണ്ടതാണ്. ഏകമകള്‍ നന്ദനയുടെ അപ്രതീക്ഷിതമായ മരണത്തിനുമുന്നില്‍ വിറങ്ങലിച്ച് നിന്ന ചിത്രയെ മലയാളിയുടെ നിത്യപ്രാര്‍ത്ഥനയില്‍ നിന്ന് മോചിതയാക്കി സജീവമായ തിരിച്ചുവരവിനുശേഷം ആദ്യമായി നടത്തുന്ന സംഗീതവിസ്മയമാണ് ഒരേ സ്വരമെന്ന ജീവിതഗന്ധിയായ പ്രത്യേകതയും ഈ നാദമാധുരിക്കുണ്ട്. അമേരിക്കയിലുടനീളം കെ.എസ്. ചിത്രയ്ക്ക് ലഭിക്കുന്ന ആദരവ് ദക്ഷിണേന്ത്യന്‍ വാനമ്പാടിക്ക് മുമ്പൊരിക്കലും ലഭിക്കാത്ത തരത്തിലുള്ളതാണ്. മുപ്പത് വര്‍ഷത്തെ സംഗീതത്തിന് അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന അംഗീകാരംകൂടിയാണത്. എം.ജി. ശ്രീകുമാര്‍ അമേരിക്കന്‍ മലയാളിയാണെന്ന് ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അത്രത്തോളം സൗഹൃദവലയമുള്ള എം.ജി. ശ്രീകുമാറും സംഗീത രംഗത്ത് എത്തിയിട്ട് 30 വര്‍ഷം പിന്നിടുന്നു. കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടിയ ആ ഗാനമാധുരി മലയാളിയുടെ മനസ്സ് സ്ഥുടം ചെയ്ത് കഴിഞ്ഞു. പിന്നണി ഗായകന്‍, സംഗീതസംവിധായകന്‍, ടെലിവിഷന്‍ അവതാരകന്‍, ടെലിവിഷന്‍ ജഡ്ജ് എന്നീ നിലകളില്‍ തന്റെ സാന്നിദ്ധ്യം ഒരോദിവസവും അറിയിക്കുന്ന എം.ജി. ശ്രീകുമാറിന് രണ്ട് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിരവധിതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. കൂലി എന്ന ചിത്രത്തില്‍ വെള്ളിക്കൊലുസ്സോടെ എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് എം.ജി. സിനിമയിലേക്ക് വരുന്നത്. എം.ജി.രാധാകൃഷ്ണന്‍, ഡോ.കെ.ഓമനക്കുട്ടി എന്നിവരുടെ സഹോദരന്‍ കൂടിയായ എം.ജി. അറിയപ്പെടുന്ന സംഗീതപണ്ഡിതന്‍ മലബാര്‍ ഗോപാലന്‍ നായരുടെ മകനാണ്. കഥാപ്രസംഗത്തിന്റെ ആദ്യരൂപമായ ഹരികഥ അവതരിപ്പിക്കുന്നതില്‍ അഗ്രഗണ്യയായിരുന്നു എം.ജി.ശ്രീകുമാറിന്റെ മാതാവ്. 'സൂര്യകിരീടം വീണുടഞ്ഞുരാവിന്‍ തിരുനടയില്‍' എന്ന ഒറ്റഗാനം മതി എം.ജി.യുടെ മനസ്സറിഞ്ഞ് പാടുന്ന ശൈലി മനസിലാക്കാന്‍. അങ്ങനെ എത്രയെത്ര പാട്ടുകള്‍ മലയാളിക്ക് സമ്മാനിച്ച ഈ സംഗീതപ്രപഞ്ചത്തിന്റെ സാന്നിദ്ധ്യം അമേരിക്കന്‍ മലയാളികള്‍ വിവിധവേദികളിലായി ആസ്വദിച്ചുകൊണ്ടിരിക്കുന്നു. പാടിയ പാട്ടുകളെല്ലാം മധുരം ഇനി പാടാനിരിക്കുന്നതാണ് അതിമധുരം എന്ന് വിശ്വസിക്കുന്ന നമ്മുടെ മുന്നിലേക്ക് വിനയാന്വിതരായി കടന്നുവരുന്ന കെ.എസ്. ചിത്രയ്ക്കും എം.ജി. ശ്രീകുമാറിനും ഒരേ സ്വരവുമായി ഇനിയും വേദികളില്‍നിന്നും വേദികളിലേക്കുള്ള യാത്രയ്ക്ക് ഓരോ മലയാളിയും പ്രാര്‍ത്ഥനാ നിര്‍ഭരരാകുന്നു. ഒരേസ്വരം മ്യൂസിക്കല്‍ ഷോ തിരുവോണനാളില്‍ മലയാളിയുടെ പ്രിയപ്പെട്ട ചാനലായ മലയാളം ടിവിയില്‍ കാണുമ്പോള്‍ അമേരിക്കയിലുടനീളം അവതരിപ്പിച്ച ഒരേസ്വരത്തിന്റെ വ്യത്യസ്തമാര്‍ന്ന മുഖമായിരിക്കും പ്രേക്ഷകര്‍ കാണുക. പാട്ടുകള്‍ക്കൊപ്പം നൃത്തവും, ഫ്യൂഷന്‍, സംഗീതപ്രതിഭകളെ പരിചയപ്പെടുത്തല്‍ തുടങ്ങി നിരവധി വിഭവങ്ങളുമായിരിക്കും ഒരേ സ്വരം നിങ്ങളിലെത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 1-732-648-0576

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.