You are Here : Home / USA News

നോര്‍ത്ത്‌ അമേരിക്ക യുവജന സഖ്യത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ തുടക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 30, 2014 10:10 hrs UTC

- ബെന്നി പരിമണം        

    

ന്യുയോര്‍ക്ക്‌: മലങ്കര മാര്‍ത്തോമ സുറിയാനി സഭ നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസന യുവജന സഖ്യത്തിന്റെ 2014- 2016 വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ തുടക്കമായി. ജൂണ്‍ 14 ശനിയാഴ്‌ച വൈകിട്ട്‌ 4.30 ന്‌ ന്യുയോര്‍ക്ക്‌ സ്‌റ്റാറ്റന്‍ ഐലന്റ്‌ മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന ഭദ്രാസന യുവജന സഖ്യ സമ്മേളനത്തില്‍ വെച്ച്‌ യുവജന സഖ്യം ഭദ്രാസന പ്രസിഡന്റും നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനാധിപനുമായ അഭി. ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയൊഡോഷ്യസ്‌ എപ്പിസ്‌കോപ്പാ ഭദ്രദീപം കൊളുത്തി പ്രവര്‍ത്തന പരിപാടികളുടെ ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഭദ്രാസന യുവജന സഖ്യത്തിന്റെ ഔദ്യോഗിക വെബ്‌ സൈറ്റ്‌ (www.mtysnacd.org) ന്റെ ഉദ്‌ഘാടനവും അഭി. തിരുമേനി നിര്‍വ്വഹിച്ചു. സൗത്ത്‌ ഈസ്‌റ്റ്‌ സെന്റര്‍ എ യുവജന സഖ്യം പ്രസിഡന്റ്‌ ഫാ. മാത്യൂസ്‌ എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ എത്തിയ ഏവരെയും ഭദ്രാസന യുവജന സഖ്യം സെക്രട്ടറി റെജി ജോസഫ്‌ സ്വാഗതം ചെയ്യുകയും ഭദ്രാസന അസംബ്ലി പ്രതിനിധി ലാജി തോമസ്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.

ഫാ. എബ്രഹാം കുരുവിള, എബ്രഹാം ഡാനിയേല്‍ എന്നിവര്‍ സഖ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. സാമവേല്‍ ജോര്‍ജ്‌, ഫാ. എബ്രഹാം കുരുവിള എന്നിവര്‍ പ്രാര്‍ഥനകള്‍ക്ക്‌ നേതൃത്വം നല്‍കി. സ്‌റ്റാറ്റന്‍ ഐലന്റ്‌ മാര്‍ത്തോമ യുവജന സഖ്യ ഗായക സംഘം ആലപിച്ച ശ്രുതി മധുരമായ ഗാനങ്ങള്‍ സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. ഭദ്രാസനത്തിലെ വിവിധ ശാഖാ യുവജന സഖ്യാംഗങ്ങളും വിശ്വാസികളും ഭദ്രാസന അസംബ്ലി അംഗങ്ങളായ അലക്‌സ്‌ മാത്യു, അനില്‍ തോമസ്‌, മുന്‍ സഖ്യം ഭദ്രാസന അസംബ്ലി പ്രതിനിധി ബിന്ദു സി. തോമസ്‌ തുടങ്ങിയവര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പാ പ്രസിഡന്റായിരിക്കുന്ന ഭദ്രാസന യുവജന സഖ്യത്തിന്‌ ദീര്‍ഘ വീക്ഷണവും കര്‍ന്മോത്സുകരുമായ പുതിയ നേതൃത്വം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നു. ഫാ. ബിനോയ്‌ ജെ. തോമസ്‌ (ഭദ്രാസന സെക്രട്ടറി), ഫാ. ഷാജി തോമസ്‌ (വൈസ്‌. പ്രസിഡന്റ്‌) റെജി ജോസഫ്‌(സെക്രട്ടറി), മാത്യൂസ്‌ തോമസ്‌ (ട്രഷറര്‍), ലാജി തോമസ്‌ (ഭദ്രാസന അസംബ്ലി) പ്രതിനിധി എന്നിവര്‍ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. ആരാധന, പഠനം, സാക്ഷ്യം, സേവനം എന്നിവയിലൂന്നി ക്രിസ്‌തു കേന്ദ്രീകൃത പ്രവര്‍ത്തന ശൈലിയിലൂടെ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഭദ്രാസന യുവജന സഖ്യം സെക്രട്ടറി റെജി ജോസഫ്‌ അഭ്യര്‍ത്ഥിച്ചു. പുതിയ കാലയളവില്‍ ഭദ്രാസന യുവജന സഖ്യം നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മ്മ പരിപാടികള്‍ സഖ്യം ദേശീയ സമ്മേളനം, സഖ്യത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ യുവധാര കലാമേള, മിഷന്‍ ബോര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി റജി ജോസഫ്‌ സമ്മേളനത്തില്‍ വിശദീകരിച്ചു. ഭദ്രാസന മീഡിയ കമ്മറ്റിയ്‌ക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണ്‌.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.