You are Here : Home / USA News

പരി. ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ ദേഹവിയോഗത്തില്‍ അനുശോചന സമ്മേളനം നടത്തി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, June 06, 2014 10:06 hrs UTC

 

ഫിലഡല്‍ഫിയ: കാലം ചെയ്ത മുന്‍ മലങ്കര മെത്രാപ്പോലീത്തയും കാതോലിക്ക ബാവയുമായ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ സ്മരണകള്‍ക്കു മുന്നില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അനുശോചനം രേഖപ്പെടുത്തി. ന്യൂജേഴ്‌സിയിലെ നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡിലുള്ള സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുന്നു അനുശോചന യോഗം ചേര്‍ന്നത് . ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. എം.കെ കുറിയാക്കോസ് സ്വാഗതം പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്റെ വേര്‍പാട് സഭയ്ക്കുണ്ടായ തീരാനഷ്ടമാണെന്ന് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് അനുശോചനപ്രസംഗത്തില്‍ പറഞ്ഞു. മെത്രാപ്പോലീത്തയുമായി തനിക്കുണ്ടായിരുന്ന സുദീര്‍ഘമായ ആത്മബന്ധത്തെക്കുറിച്ച് മാര്‍ നിക്കോളോവോസ് അനുസ്മരിച്ചു. നിരവധി തവണ തന്റെ കുടുംബവീടായ നിലമ്പൂരില്‍ വന്നിട്ടുള്ളതും വലിയ ബാവയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച സേവനകാലത്തെയും ഓര്‍മ്മിച്ച മാര്‍ നിക്കോളോവോസ് മലബാര്‍ ഭദ്രാസനത്തിന്റെ എക്കാലത്തെയും വലിയ ആര്‍ക്കിടെക്ടായിരുന്നു കാലം ചെയ്ത വലിയ ബാവയെന്നു വിശേഷിപ്പിച്ചു. സ്ത്രീകള്‍ക്ക് പൊതുയോഗങ്ങളില്‍ സംബന്ധിക്കുവാന്‍ അനുവാദം നല്‍കിയതും മെത്രാപ്പോലീത്തന്മാരുടെ തെരഞ്ഞെടുപ്പിന് മാനദണ്ഡവും പെരുമാറ്റചട്ടവും ഏര്‍പ്പെടുത്തിയതും വലിയ ബാവയാണ്. സ്ത്രീകള്‍ക്ക് വോട്ടിങ് അനുമതി അനുവദിച്ച ചരിത്രപ്രസിദ്ധമായ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് കാരണക്കാരനായ മെത്രാപ്പോലീത്തയോട് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ എക്കാലത്തും കടപ്പെട്ടിരിക്കുന്നുവെന്നും മാര്‍ നിക്കോളോവോസ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുള്ള വലിയ ബാവ അമേരിക്കന്‍ ഭദ്രാസനത്തിനു നല്‍കിയ സേവനങ്ങള്‍ മഹത്തരമാണെന്നും മാര്‍ നിക്കോളോവോസ് ഉദ്‌ഘോഷിച്ചു. ജീവിതത്തിന്റെ മൂല്യങ്ങളെ സദാ ഉയര്‍ത്തിപിടിച്ച അധ്യാപകന്‍, പ്രൊഫസര്‍, ഭരണാധികാരി എന്നീ നിലകളിലൊക്കെ മലങ്കരസഭയുടെ പ്രോജ്വലിക്കുന്ന നക്ഷത്രത്തെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

റവ. ഡോ. സി.സി മാത്യൂസ്, ഫാ. പൗലോസ് ടി.പീറ്റര്‍ , ഫാ. ടി. എ തോമസ്, സഭ മാനേജിങ് കമ്മിറ്റിയംഗം പോള്‍ കറുകപ്പിള്ളി, മുന്‍ സഭാ മാനേജിങ് കമ്മിറ്റിയംഗവും കൗണ്‍സില്‍ മെമ്പറുമായ ഫിലിപ്പോസ് ഫിലിപ്പ്, മര്‍ത്തമറിയം വനിതാസമാജത്തെ പ്രതിനിധീകരിച്ച് ഷൈനി രാജു എന്നിവര്‍ വലിയ ബാവായെ അനുസ്മരിച്ചു സംസാരിച്ചു.

നാലു മൂറോന്‍ കൂദാശകളില്‍ സഹകാര്‍മ്മികനായിരുന്ന വലിയ ബാവ 2009 ഏപ്രില്‍ 4ന് നടന്ന മൂറോന്‍ കൂദാശയില്‍ പ്രധാന കാര്‍മികനായിരുന്നു. ഏറ്റവും അധികം മെത്രാന്‍ വാഴ്ച (14 പേര്‍) നടന്നതും സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ അംഗസംഖ്യ (33 പേര്‍) എക്കാലത്തേതിലും വലുതായി തീരുകയും ചെയ്തത് വലിയ ബാവ കാതോലിക്കയായിരുന്നപ്പോഴായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.