You are Here : Home / USA News

അമേരിക്കന്‍ ഇന്ത്യക്കാരുടെ മുഖ്യധാരാ രാഷ്‌ട്രീയ പങ്കാളിത്തം ഇന്നിന്റെ ആവശ്യം: സ്വാതി ഭണ്‌ഡേക്കര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 30, 2014 07:28 hrs UTC

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ രാഷ്‌ട്രീയ മുഖ്യധാരയില്‍ പങ്കാളികളാകുന്നതുവഴി മാത്രമേ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ നിയമനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്ന്‌ ശ്രീമതി സ്വാതി ഭണ്‌ഡേക്കര്‍ അഭിപ്രായപ്പെട്ടു. അയോവയുടെ ഒന്നാം ഡിസ്‌ട്രിക്‌ടില്‍നിന്നും യു.എസ്‌ കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന സ്വാതി, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ധനശേഖരണാര്‍ത്ഥം വാഷിംഗ്‌ടണ്‍ പ്രദേശത്ത്‌ ശ്രീ വിന്‍സന്‍ പാലത്തിങ്കലിന്റെ ഭവനത്തില്‍ നടത്തിയ ഒത്തുചേരലില്‍ സംസാരിക്കുകയായിരുന്നു. വിന്‍സെന്‍ പാലത്തിങ്കലും വിര്‍ജീനിയയിലെ മറ്റ്‌ ഇന്ത്യന്‍ ഗ്രൂപ്പുകളും ചേര്‍ന്ന്‌ ഇരുപതിനായിരം (20,000) ഡോളര്‍ സ്വാതിയുടെ ഡെമോക്രാറ്റിക്‌ പ്രൈമറിക്കുവേണ്ടി സമാഹരിച്ചു. സ്വാതിയുടെആദ്യത്തെ ടിവി പരസ്യം ഏപ്രില്‍ രണ്ടാം വാരം അയോവ ഒന്നാം ഡിസ്‌ട്രിക്‌ടില്‍ സംപ്രേഷണം ചെയ്‌തുതുടങ്ങി.

 

അയോവ സെനറ്ററും പല കമ്മിറ്റികളുമായി ഏഴു തെരഞ്ഞെടുപ്പുകള്‍ നേരിട്ടുള്ള സ്വാതി ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. ജൂണ്‍ ആദ്യം നടക്കുന്ന പ്രൈമറിയില്‍ തനിക്കെതിരേ മത്സരിക്കുന്ന മറ്റ്‌ ഡെമോക്രാറ്റുകളേക്കാള്‍ ധനശേഖരണത്തില്‍ വളരെ മുന്നിലാണ്‌ സ്വാതി. പ്രൈമറിയില്‍ ജയിച്ചാല്‍ ഡമോക്രാറ്റുകള്‍ക്ക്‌ പ്രാമുഖ്യമുള്ള ഡിസ്‌ട്രിക്‌ടില്‍ നിന്നും സ്വാതിയുടെ കോണ്‍ഗ്രസ്‌ പ്രവേശനം വളരെ എളുപ്പമാകുമെന്നാണ്‌ സൂചന. ഇന്ത്യക്കാരന്റെ ഉച്ഛാരണവും, സംസ്‌കാരവും, പ്രശ്‌നങ്ങളും യു.എസ്‌ കോണ്‍ഗ്രസില്‍ കൊണ്ടുവരാന്‍ സ്വാതിയേക്കാള്‍ യോജിച്ച ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുന്നില്ല എന്നതാണ്‌ സ്വാതിക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ വിന്‍സന്‍ പാലത്തിങ്കല്‍ അഭിപ്രായപ്പെട്ടു. ഇരുപത്തിരണ്ടാം വയസില്‍ മഹാരാഷ്‌ട്രയില്‍ നിന്നും അയോവയിലേക്കു കുടിയേറിയ സ്വാതി യു.എസ്‌ കോണ്‍ഗ്രസിലുണ്ടെങ്കില്‍ ആദ്യ തലമുറ ഇന്ത്യക്കാര്‍ക്ക്‌ അതൊരു വലിയ സഹായമാകും. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കോണ്‍ഗ്രസ്‌ ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കുന്നു എന്നത്‌ ഇതിന്റെ ആവശ്യകത ഏറ്റവും അധികമാക്കുന്നു എന്ന്‌ വിന്‍സന്‍ പാലത്തിങ്കല്‍ വിശദീകരിച്ചു.

 

 

എച്ച്‌ 1 പ്രശ്‌നങ്ങളും ഗ്രീന്‍കാര്‍ഡ്‌ പ്രശ്‌നങ്ങളുമായി തന്നെ സമീപിക്കുന്ന സുഹൃത്തുക്കളോട്‌ അമേരിക്കയില്‍ നിയമനിര്‍മ്മാണം നടക്കുന്ന രീതി താന്‍ വിശദീകരിക്കാറുണ്ടെങ്കിലും പല ഇന്ത്യക്കാരും പ്രത്യേകിച്ച്‌ മലയാളികള്‍ രാഷ്‌ട്രീയ സംഭാവനയുടെ കാര്യം പറയുമ്പോള്‍ പിന്നോട്ടു മാറുന്നതായി കാണുന്നു എന്നത്‌ സങ്കടകരമാണെന്നും വിന്‍സന്‍ പാലത്തിങ്കല്‍ അഭിപ്രായപ്പെട്ടു. ഇതൊക്കെ എന്തോ അഴിമതിയാണെന്ന നമ്മുടെ ഭാവം മാറ്റേണ്ട സമയമായിരിക്കുന്നു. നമുക്ക്‌ വേണ്ടപ്പെട്ടവരെ നമ്മുടെ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഏല്‍പിച്ചാല്‍ അവര്‍ നമുക്കുംകൂടി കുഴപ്പമില്ലാത്ത നിയമങ്ങള്‍ പാസാക്കും. ഇത്‌ ജനാധിപത്യത്തിന്റെ അടിത്തറയാണ്‌. അതല്ലെങ്കില്‍ നിയമം നിര്‍മ്മിക്കുന്നവര്‍ക്ക്‌ നമ്മുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ സാധിക്കില്ല. സ്വാതിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ താത്‌പര്യമുള്ളവര്‍ വിന്‍സന്‍ പാലത്തിങ്കലുമായി ബന്ധപ്പെടുക. ഫോണ്‍: 703 286 5979.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.