You are Here : Home / USA News

ലാനാ കേരളാ കണ്‍വെന്‍ഷന്‍: ഡോ. ജയകുമാറും, നരേന്ദ്രമേനോനും ഗോപാലകൃഷ്‌ണനും പങ്കെടുക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 26, 2014 07:21 hrs UTC

 

ഷിക്കാഗോ: കേരള സാഹിത്യ അക്കാഡമിയുമായി സഹകരിച്ചുകൊണ്ട്‌ ലിറ്ററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) സംഘടിപ്പിക്കുന്ന ത്രിദിന കേരളാ കണ്‍വെന്‍ഷനില്‍ മലയാളം സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍, സാഹിത്യ അക്കാഡമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്‌ണന്‍, കവിയും ഗ്രന്ഥകാരനുമായ അഡ്വ. പി.ടി. നരേന്ദ്രമേനോന്‍ എന്നിവര്‍ പ്രസംഗിക്കുന്നു.

2014 ജൂലൈ 25 മുതല്‍ 27 വരെ തൃശൂരിലെ സാഹിത്യ അക്കാഡമി ആസ്ഥാന മന്ദിരം, ചെറുതുരുത്തിയിലെ കേരള കലാമണ്‌ഡലം, തിരൂരിലെ തുഞ്ചന്‍ പറമ്പ്‌ എന്നിവിടങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരും പ്രമുഖ പത്രപ്രതിനിധികളും പങ്കെടുക്കുന്നതാണ്‌. തുഞ്ചന്‍ പറമ്പില്‍ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി. വാസുദേവന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സി. രാധാകൃഷ്‌ണന്‍, സഖറിയ, അക്‌ബര്‍ കക്കട്ടില്‍ തുടങ്ങി മലയാളത്തിന്റെ മുന്‍നിര എഴുത്തുകാരെല്ലാം പങ്കെടുത്ത്‌ പ്രസംഗിക്കുന്നതാണ്‌.

കേരളത്തിന്റെ മുന്‍ ചീഫ്‌ സെക്രട്ടറിയും, മലയാളം സര്‍വ്വകലാശാലയുടെ വൈസ്‌ ചാന്‍സലറുമായ ഡോ. കെ. ജയകുമാര്‍ ഐ.എ.എസ്‌ അറിയപ്പെടുന്ന എഴുത്തുകാരനും സിനിമാ ഗാന രചയിതാവും കൂടിയാണ്‌. മുന്നര ദശാബ്‌ദത്തോളം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിനിടയില്‍ കേന്ദ്ര-കേരള സര്‍ക്കാരുകളിലെ വിവിധ ഉന്നത പദവികള്‍ അലങ്കരിച്ചു. സാംസ്‌കാരിക, ടൂറിസം വകുപ്പുകളുടെ സെക്രട്ടറിയെന്ന നിലയില്‍ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹം നേതൃത്വം നല്‍കി. `ദൈവത്തിന്റെ സ്വന്തം നാട്‌' എന്ന വിശേഷണം നല്‍കി വിദേശ രാജ്യങ്ങളില്‍ പോലും സംസ്ഥാനത്തിന്റെ കീര്‍ത്തി പരത്തിയ ഡോ. ജയകുമാര്‍ കേരളത്തിന്റെ പാരിസ്ഥിതിക ഭംഗിയെക്കുറിച്ചും സാംസ്‌കാരിക പാരമ്പര്യങ്ങളെക്കുറിച്ചും രചിച്ച `കേരള - എ പോയം ഇന്‍ ഗ്രീന്‍ ആന്‍ഡ്‌ ഗോള്‍ഡ്‌' (Kerala - A Poem in Green adnd Gold) എന്ന ഗ്രന്ഥം ഏറെ അനുവാച ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപത്തിയേഴ്‌ പുസ്‌തകങ്ങള്‍ രചിച്ച അദ്ദേഹം നാനൂറില്‍പ്പരം ചലച്ചിത്രഗാനങ്ങളും രചിച്ചു. മികച്ചൊരു ചിത്രകാരന്‍കൂടിയായ ഡോ. ജയകുമാറിന്റെ പെയിന്റിംഗുകള്‍ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിലും തെക്കന്‍ കൊറിയയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

കഴിഞ്ഞ മൂന്നുവര്‍ഷത്തിലധികമായി കേരള സാഹിത്യ അക്കാഡമി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ആര്‍ ഗോപാലകൃഷ്‌ണന്‍ അറിയപ്പെടുന്ന എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ്‌. നാല്‌ ബാലസാഹിത്യ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം ദീര്‍ഘകാലം `പൂമ്പാറ്റ'യുടെ പത്രാധിപരായിരുന്നു. `വീക്ഷണം' പത്രത്തിന്റെ എക്‌സിക്യൂട്ടീവ്‌ എഡിറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച `വിശ്വവിജ്ഞാനകോശം' എന്‍സൈക്ലോപീഡിയയുടെ എഡിറ്റോറിയല്‍ ബോര്‍ഡിലും അംഗമായിരുന്നു. 2002-ല്‍ കേരള ലളിതകലാ അക്കാഡമിയുടെ സെക്രട്ടറിയായി ചുമതലയേറ്റ ആര്‍. ഗോപാലകൃഷ്‌ണന്‍ 2006 മുതല്‍ അഞ്ചുവര്‍ഷക്കാലം കാലടി ശ്രീ ശങ്കാരാചാര്യ സര്‍വ്വകലാശാലയുടെ സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസറായും സേവനം അനുഷ്‌ഠിച്ചു. കേരള സര്‍ക്കാരിന്റെ ബുക്ക്‌ ഡെവലപ്‌മെന്റ്‌ കമ്മിറ്റിയുടെ പുരസ്‌കാരം നാലുവട്ടം അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

ആധുനിക മലയാള കവികളില്‍ ശ്രദ്ധേയനായ അഡ്വ. പി.ടി. നരേന്ദ്രമേനോന്‍ വള്ളുവനാടിന്റെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യമാണ്‌. കേരള കലാമണ്‌ഡലം, കേരള സംഗീത നാടക അക്കാഡമി എന്നിവയുടെ ഭരണസമിതികളില്‍ ദീര്‍ഘകാലം അംഗമായിരുന്നു. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ട്രസ്റ്റിന്റെ ചെയര്‍മാനും കുഞ്ചന്‍നമ്പ്യാര്‍ സ്‌മാരകത്തിന്റെ വൈസ്‌ ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ദൂരദര്‍ശന്റേയും ആകാശവാണിയുടേയും ഉപദേശകസമിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കാവ്യസമാഹാരങ്ങളും വിവര്‍ത്തനങ്ങളുമായി അനവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച നരേന്ദ്ര മേനോന്‍ 1985-ല്‍ പ്രഥമ വൈലോപ്പള്ളി അവാര്‍ഡ്‌ കരസ്ഥമാക്കി. 1977-ല്‍ കവിതാ വിഭാഗത്തില്‍ കേരള സാഹിത്യ അക്കാഡമിയുടെ അവാര്‍ഡും അദ്ദേഹത്തിന്‌ ലഭിച്ചു. മികച്ചൊരു സംഘാടകന്‍കൂടിയായ അഡ്വ. നരേന്ദ്ര മോനോന്‍ അമേരിക്ക, ഇംഗ്ലണ്ട്‌, യു.എ.ഇ, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ പ്രഭാഷണ പര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.