You are Here : Home / USA News

സ്‌നേഹ സേവനത്തിന്റെ കെടാവിളക്കായി ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, December 15, 2013 02:11 hrs UTC

ന്യൂയോര്‍ക്ക്‌: കര്‍മ്മഭൂമിയും ജന്മഭൂമിയും തമ്മില്‍ നിസീമമായ സ്‌നേഹത്തിന്റേയും അളവറ്റ കാരുണ്യത്തിന്റേയും പാലം തീര്‍ത്തിരിക്കുകയാണ്‌ ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള എന്ന മാതൃസംഘടന. കേരളത്തിലെ നിര്‍ധനര്‍ക്കും ആലംബഹീനര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും അടിയന്തര സഹായം എത്തിക്കുന്ന ഈ സംഘടന ലോംഗ്‌ ഐലന്റ്‌ ആസ്ഥാനമായി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ഈ സംഘടനയുടെ ഈവര്‍ഷത്തെ ഫണ്ട്‌ റൈസിംഗ്‌ ഡിന്നറും കലാവിരുന്നും ബെല്‍റോസിലെ ക്യൂന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ ടീച്ചിംഗില്‍ വെച്ച്‌ ഒട്ടനവധി സുമനസുകളുടെ സാന്നിധ്യത്തില്‍ ആഘോഷിച്ചു. ദിവാ ജയിംസും സില്‍വിയ കൊല്ലപ്പള്ളിയും ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ തുടങ്ങിയ പരിപാടിയില്‍ ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവുമായിരുന്നു മുഖ്യാതിഥികള്‍.

 

 

ആമുഖ പ്രസംഗം നടത്തിയ പ്രസിഡന്റ്‌ മാത്യു സിറിയക്‌ മഠത്തിക്കുന്നേല്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവരിച്ചു. വിശിഷ്‌ടാതിഥികളെ ലാലി കളപ്പുരയ്‌ക്കല്‍ സദസിന്‌ പരിചയപ്പെടുത്തി. തന്റെ സ്വാഗത പ്രസംഗത്തില്‍ ലാലി കളപ്പുരയ്‌ക്കല്‍ മറ്റുള്ളവര്‍ക്ക്‌ സഹായങ്ങള്‍ എത്തിക്കുമ്പോള്‍ ഉണ്ടാകുന്ന സംതൃപ്‌തിയാണ്‌ ഞങ്ങളുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടെന്നും നന്ദിസൂചകമായ അവരുടെ കത്തുകള്‍ കാണുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക്‌ ആവേശം കൈവരുന്നുവെന്നും അനുസ്‌മരിച്ചു. ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള ജീവകാരുണ്യ പ്രവര്‍ത്തനം തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും, തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും അംഗീകാരത്തിനോ പ്രതിഫലത്തിനോ അല്ലെന്നും അത്‌ തന്റെ കടമയായി കാണുന്നുവെന്ന്‌ പ്രസംഗത്തില്‍ അനുസ്‌മരിച്ചു.

 

ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു തന്റെ പ്രസംഗത്തില്‍ അമേരിക്കന്‍ മലയാളികളുടെ ചാരിറ്റി പ്രവര്‍ത്തനം കേരളത്തില്‍ മാത്രമല്ല വേണ്ടതെന്നും ഇവിടെ സഹായം അര്‍ഹിക്കുന്ന ധാരാളം കുടുംബങ്ങള്‍ ഉണ്ടെന്നും, കൂടാതെ നാട്ടില്‍ ചെയ്യുന്ന സഹായങ്ങള്‍ കഴിയുന്നത്ര ഡയറക്‌ട്‌ ആയി ചെയ്യുവാനും, മൂന്നാമതൊരാളെ ഏല്‍പിച്ചാല്‍ പലപ്പോഴും സഹായം അര്‍ഹിക്കുന്നവര്‍ക്ക്‌ ലഭിക്കാറില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. തുടര്‍ന്ന്‌ സംഭാവനകള്‍ സ്വീകരിക്കപ്പെട്ടു. ഫിലിപ്പീന്‍സില്‍ ദുരിതം വിതച്ച ഹെയാന്‍ ചുഴലിക്കാറ്റില്‍ ഇന്നും ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ വേണ്ടിയുള്ള തുക സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ പള്ളി വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഇന്ത്യാ പ്രസ്‌ ക്ലബിന്റെ നിയുക്ത പ്രസിഡന്റ്‌ ടാജ്‌ മാത്യുവില്‍ നിന്നും ഏറ്റുവാങ്ങി. സംഘടനയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി തനിക്ക്‌ അറിയാമെന്നും എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സര്‍വ്വവിധ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ നന്ദി പ്രസംഗത്തില്‍ ഫാ. ലിഗോറി ജോണ്‍സണ്‍ വര്‍ഷങ്ങളായി ഹെല്‍പിംഗ്‌ ഹാന്‍ഡ്‌ ചെയ്യുന്ന നല്ലകാര്യങ്ങളെ പ്രകീര്‍ത്തിച്ചു. ഏഷ്യാനെറ്റിലെ ജനപ്രിയ ജീവകാരുണ്യ സംരംഭമായ `കണ്ണാടി'ക്കുവേണ്ടിയുള്ള തുക ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ ഡയറക്‌ടറും അമേരിക്കന്‍ കാഴ്‌ചകളുടെ പ്രൊഡ്യൂസറുമായ രാജു പള്ളം, ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയില്‍ നിന്നും സ്വീകരിച്ചു.

 

 

ധനശേഖരണ പരിപാടികള്‍ക്ക്‌ കൊഴുപ്പുപകര്‍ന്ന നൃത്ത വിരുന്നില്‍ ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ നൂപുര ആര്‍ട്‌സ്‌, യുവ ഡാന്‍സ്‌ ടീം, ജീവധാരാ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌, മയൂര സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ തുടങ്ങിയ നൃത്തവിദ്യാലയങ്ങളിലെ കുട്ടികള്‍ മാസ്‌മരിക പ്രകടനങ്ങള്‍ കാഴ്‌ചവെച്ചു. ഇത്‌ നല്ലൊരു മെഗാഷോ ആക്കുവാന്‍ സഹായിച്ച ഡാന്‍സ്‌ ടീച്ചേഴ്‌സ്‌ ആയ ചന്ദ്രികാ കുറുപ്പ്‌, അര്‍ച്ചനാ ഫിലിപ്പ്‌, ജ്യോതി തോമസ്‌, ബിന്ദിയ എന്നിവരെ പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. അടുത്തവര്‍ഷം ഇതിലും മികച്ച പരിപാടികള്‍ അവതരിപ്പിക്കുമെന്ന്‌ ഇവര്‍ എല്ലാവരും ഉറപ്പു നല്‍കി. തുടര്‍ന്ന്‌ ജോഷിയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ ശാലിനി, അലക്‌സ്‌ മണലേല്‍, റോഷന്‍ മാമ്മന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കൂടാതെ ലാലി കളപ്പുരയ്‌ക്കലിന്റെ നേതൃത്വത്തില്‍ ആലപിച്ച സംഘഗാനത്തോടൊപ്പം കാണികളും ഏറ്റുപാടി. തുടര്‍ന്ന്‌ നടന്ന ഗാനമേളയില്‍ ഡെന്നി, സജി, ജോസ്‌ കുര്യന്‍, ഷെര്‍ളി സെബാസ്റ്റ്യന്‍, ആഷ്‌ലി ആന്റണി എന്നിവര്‍ ശ്രവണമനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. കഴിഞ്ഞവര്‍ഷത്തെ ഫണ്ട്‌ റൈസിംഗില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ത്രേസ്യാമ്മ ജോസിനേയും, ഇതിന്റെ ട്രഷറര്‍കൂടിയായ ഏബ്രഹാം ജോസഫിനേയും പ്രത്യേകം ആദരിച്ചു. ഈവര്‍ഷത്തെ മെഗാ സ്‌പോണ്‍സറായ ഫിലിപ്പ്‌ വര്‍ഗീസ്‌, കൊട്ടിലിയന്‍ കേറ്റേഴ്‌സ്‌ എന്നിവരേയും മറ്റ്‌ സ്‌പോണ്‍സര്‍മാരേയും ഷൈലാ പോള്‍ സദസിന്‌ പരിചയപ്പെടുത്തി. സെബാസ്റ്റ്യന്‍ തോമസ്‌, ജോസ്‌ കുര്യന്‍ എന്നിവര്‍ ശബ്‌ദവും വെളിച്ചവും നിയന്ത്രിച്ചു. ആന്റണി മാത്യു വീഡിയോയും, മാത്തച്ചന്‍ മഞ്ചേരില്‍ ഫോട്ടോയും കൈകാര്യം ചെയ്‌തു. ജോസഫ്‌ വര്‍ഗീസ്‌ സ്ലൈഡ്‌ ഷോയ്‌ക്ക്‌ നേതൃത്വം നല്‍കി. ഷാരോണ്‍ പോള്‍, ജെനിത സാജന്‍ എന്നിവര്‍ എം.സിമാരായിരുന്നു. ജയിംസ്‌ തോമസ്‌, ലാന്‍സ്‌ ആന്റണി, ജോബ്‌ ഒ. ജോണ്‍, സിറിയക്‌ ജോര്‍ജ്‌, റെജി വലിയകാലായില്‍, ബ്രയാന്‍ സിറിയക്‌, കെവിന്‍ അഗസ്റ്റിന്‍, ചിന്നമ്മ തൈപ്പറമ്പില്‍, വെറോനിക്ക താണിക്കാട്ട്‌ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സെക്രട്ടറി അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. കൊട്ടീലിയന്‍ കേറ്റേഴ്‌സ്‌ ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.