You are Here : Home / USA News

എസ്‌.എം.സി.സിയുടെ പുതിയ നേതൃത്വം ചുമതലയേറ്റെടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 04, 2013 11:36 hrs UTC

ഷിക്കാഗോ: പ്രസിഡന്റ്‌ സിറിയക്‌ കുര്യന്റെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (നോര്‍ത്ത്‌ അമേരിക്ക) 2014- 15 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വം ചുമതലയേറ്റെടുത്തു. നവംബര്‍ 23-ന്‌ ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ ഹെംപ്‌സ്റ്റഡിലുള്ള സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍ എസ്‌.എം.സി.സി വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി പുല്ലാപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ്‌ 2014- 15 വര്‍ഷത്തേക്കുളള നേതൃത്വത്തിന്റെ സ്ഥാനാരോഹണം നടന്നത്‌. രാവിലെ പതിനൊന്നുമണിയോടെ പള്ളിയുടെ പാരീഷ്‌ ഹാളില്‍ എസ്‌.എം.സി.സിയുടെ വിവിധ ചാപ്‌റ്ററുകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ഒത്തുചേര്‍ന്നു. ശ്രീമതി മേഴ്‌സി കുര്യനും, ശ്രീമതി ഷേര്‍ളി സെബാസ്റ്റ്യനും ചേര്‍ന്ന്‌ ആലപിച്ച ഈശ്വരപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ഇടവക വികാരി ലിഗറി അച്ചന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. എസ്‌.എം.സി.സി ബോര്‍ഡ്‌ ചെയര്‍മാന്‍ മാത്യു തോയലില്‍ എല്ലാവരേയും സ്വാഗതം ചെയ്‌തുകൊണ്ട്‌ എസ്‌.എം.സി.സിയുടെ ചരിത്രവും വളര്‍ച്ചയുടെ വഴികളിലെ നിമ്‌നോന്ന ഘട്ടങ്ങളേയും വിവരിക്കുകയുണ്ടായി.

 

ചടങ്ങില്‍ അധ്യക്ഷതവഹിച്ച വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സ്ഥാനമൊഴിയുന്ന നേതൃത്വത്തിന്റെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളേയും, നിരവധിയായ സംഭാവനകളേയും അനുമോദിക്കുകയുണ്ടായി. ആരോഗ്യപരമായ കാരണങ്ങളാല്‍ ചടങ്ങിലെത്താന്‍ കഴിയാതെപോയ സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ശ്രീ സേവി മാത്യുവിന്റെ നേതൃപാടവത്തേയും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ എസ്‌.എം.സി.സിയെ വളര്‍ത്തി വലുതാക്കുന്നതില്‍ നടത്തിയ പ്രവര്‍ത്തനങ്ങളേയും ശ്രീ ജോര്‍ജുകുട്ടി വിവരിച്ചപ്പോള്‍ വലിയ കയ്യടിയോടെ സദസ്‌ സ്വീകരിച്ചത്‌ ശ്രീ സേവി മാത്യുവിന്റേയും ടീമിന്റേയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. ഇടവക വികാരി ലിഗറി ജോണ്‍സണ്‍ അത്മായ സംഘടനകളുടെ പ്രാതിനിധ്യവും കരുത്തുമായ ഒരു വിശ്വാസ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിലും ആ വിശ്വാസ തീക്ഷണത കൈവിടാതെ അമേരിക്കന്‍ മണ്ണില്‍ വളരുന്ന സീറോ മലബാര്‍ സമൂഹത്തിന്റെ പുതുതലമുറയ്‌ക്ക്‌ കൈമാറുന്നതിനുമുള്ള പങ്ക്‌ വിവരിച്ചു. ഡിട്രോയിറ്റില്‍ വെച്ച്‌ നടന്ന കണ്‍വന്‍ഷന്റെ വിശദാംശങ്ങള്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ശ്രീ അരുണ്‍ ദാസ്‌ വിവരിച്ചു.

 

 

കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയമാക്കുന്നതില്‍ വളരെ നാളുകളോളം പ്രയത്‌നിച്ച എല്ലാവരുടേയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം നന്ദിപൂര്‍വ്വം അഭിനന്ദിച്ചു. കണ്‍വന്‍ഷന്റെ ഭാഗമായി സ്വരൂപിച്ച സാമ്പത്തിക മിച്ചം എസ്‌.എം.സി.സിയുടെ ദേശീയ കമ്മിറ്റിക്കും, ഡിട്രോയിറ്റ്‌ ചാപ്‌റ്ററിനും ചിക്കാഗോ രൂപതയ്‌ക്കുമായി തുല്യമായി പങ്കുവെച്ച്‌ നല്‍കിയതായി അദ്ദേഹം അറിയിച്ചു. ശ്രീ സിറിയക്‌ കുര്യന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ശ്രീ സേവി മാത്യുവിന്റേയും ടീമിന്റേയും പ്രവര്‍ത്തനങ്ങളേയും നേട്ടങ്ങളേയും എടുത്തുപറയുകയും അനുമോദിക്കുകയുമുണ്ടായി. എസ്‌.എം.സി.സിയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ട്‌ ഒരു കണ്‍വന്‍ഷന്‍ സുവനീര്‍ പബ്ലിക്‌ റിലേഷന്‍ ചെയര്‍മാന്‍ ശ്രീ ജയിംസ്‌ കുരീക്കാട്ടിലിന്റെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതായും, എല്ലാ പ്രവര്‍ത്തകരും അത്‌ വിജയകരമായി പ്രസിദ്ധീകരിക്കുന്നതിന്‌ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏലിക്കുട്ടി ഫ്രാന്‍സീസ്‌ അവതരിപ്പിച്ച ട്രഷറര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങ്‌ നടന്നു. ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. സിജില്‍ പാലയ്‌ക്കലോടിയുടെ അഭാവത്തില്‍ ജോ. ട്രഷറര്‍ മാത്യു ചാക്കോ, സ്ഥാനമൊഴിയുന്ന ശ്രീമതി ഏലിക്കുട്ടി ഫ്രാന്‍സീസില്‍ നിന്നും രേഖകള്‍ സ്വീകരിച്ചു. തുടര്‍ന്ന്‌ സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്ന ശ്രീ അരുണ്‍ ദാസ്‌, ശ്രീ സിറിയക്‌ കുര്യനില്‍ നിന്നും, പ്രസിഡന്റായി അവരോധിതനായ സിറിയക്‌ കുര്യന്‍ ശ്രീ ജോര്‍ജുകുട്ടി പുല്ലാപ്പള്ളിയില്‍ നിന്നും ഡോക്യുമെന്റുകള്‍ സ്വീകരിച്ചു. ഇടവക വികാരി ഫാ. ലിഗറി അച്ചന്‍ പുതിയ ഭാരവാഹികള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു.

 

 

അധികാരം ഏറ്റെടുത്തുകൊണ്ട്‌ പ്രസംഗിച്ച സിറിയക്‌ കുര്യന്‍ എല്ലാവര്‍ക്കും നന്ദിപറയുകയും പുതിയ പ്രസിഡന്റ്‌ എന്ന നിലയ്‌ക്കുള്ള തന്റെ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്‌തു. ഒരു സ്ഥാനമോ, അധികാരമോ എന്നതിലുപരി ദൈവജനത്തെ സ്‌നേഹിക്കാനുള്ള ഒരു അവസരമായി താനിതിനെ കാണുന്നുവെന്ന്‌ അദ്ദേഹം അറിയിച്ചു. വൈസ്‌ പ്രസിഡന്റ്‌ ബോസ്‌ കുര്യന്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനോദ്ദേശവും രൂപരേഖയും അവതരിപ്പിച്ചു. ഡോ. ജോസ്‌ കാനാട്ട്‌ (ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍, ന്യൂയോര്‍ക്ക്‌), ശ്രീ തോമസ്‌ കൂവള്ളൂര്‍ (ജസ്റ്റീസ്‌ ഫോര്‍ ഓള്‍), ശ്രീ ജോസഫ്‌ കുന്നേല്‍ (പ്രസിഡന്റ്‌, എസ്‌.എം.സി.സി ചാപ്‌റ്റര്‍, ബോസ്റ്റണ്‍) എന്നിവര്‍ പുതിയ നേതൃത്വത്തിന്‌ ആശംസള്‍ അര്‍പ്പിച്ചു. വിവിധ ചാപ്‌റ്ററുകളെ പ്രതിനിധീകരിച്ചുകൊണ്ട്‌ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (സാന്റാഅന്ന, കാലിഫോര്‍ണിയ), അലക്‌സ്‌ തോമസ്‌ (റോക്ക്‌ലാന്റ്‌, ന്യൂയോര്‍ക്ക്‌), സുനില്‍ ജോസഫ്‌ (ബോസ്റ്റണ്‍) എന്നിവര്‍ അവരവരുടെ ചാപ്‌റ്ററുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ചടങ്ങിന്റെ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്ന ശ്രീമതി ലൈസി അലക്‌സ്‌, എസ്‌.എം.സി.സി ബോര്‍ഡ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ എന്ന നിലയ്‌ക്ക്‌ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. എസ്‌.എം.സി.സി ദേശീയ നേതൃത്വത്തോടൊപ്പം ചടങ്ങ്‌ വിജയകരമായി നടത്താന്‍ പ്രയത്‌നിച്ചത്‌ സെന്റ്‌ മേരീസ്‌ ഇടവകാംഗങ്ങളായ സെബാസ്റ്റ്യന്‍ ജോസഫ്‌, ജോണ്‍ ജോബ്‌ മറ്റപ്പള്ളില്‍, പൗലോസ്‌ പെരുമറ്റം, ബോബന്‍ തോട്ടം, ട്രസ്റ്റി ജെയിംസ്‌ തോമസ്‌ എന്നിവരാണ്‌. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ യോഗം സമാപിച്ചു. ജയിംസ്‌ കുരീക്കാട്ടില്‍ ഒരു പത്രപ്രസ്‌താവനയിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.