You are Here : Home / USA News

ഗൃഹാതുരത്വം ഉണര്‍ത്തുന്ന ന്യൂവാര്‍ക്കില്‍ നിന്നും ഹൃദയപൂര്‍വ്വം

Text Size  

Story Dated: Thursday, April 30, 2020 01:27 hrs UTC

 (ജോര്‍ജ് തുമ്പയില്‍)
 
ന്യൂജേഴ്‌സി: ലോകത്തിലെ ക്രിമിനല്‍ കേന്ദ്രങ്ങളിലൊന്നാണെങ്കിലും (മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.) ന്യൂവാര്‍ക്ക് നഗരം ലേഖകന് പ്രിയപ്പെട്ടതാണ്. പൗരോഹിത്യ ശുശ്രൂഷയില്‍ 60 വര്‍ഷങ്ങള്‍ പിന്നിട്ട നല്ല ശമരിയക്കാരനായ ഫാ. മാത്യു കുന്നത്തിന്റെ സഹായത്താല്‍ അമേരിക്കയിലെത്തിയപ്പോള്‍, ആദ്യം താമസിച്ചതും ജീവിതം കരുപിടിപ്പിച്ചതും ഈ കോസ്‌മോപോളിറ്റന്‍ നഗരത്തില്‍ വെച്ചാണ്. കുഞ്ഞുങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസങ്ങളും സെന്റ് ജയിംസ് ആശുപത്രിയിലെ (ഇന്നില്ല-അടച്ചു പോയി. അവിടുത്തെ ചാപ്ലെയ്ന്‍ ആയിരുന്നു മാത്യു അച്ചന്‍) ഭാര്യയുടെ ജോലി, ജീവസന്ധാരണത്തിന്റെ പുതിയ അധ്യായത്തില്‍ റെസ്പിറ്റോറി തെറാപ്പി എന്ന കേട്ടുകേഴ്‌വി പോലുമില്ലാതിരുന്ന ഒരു പ്രൊഫഷണലിലേക്കുള്ള ബാലപാഠങ്ങള്‍ അഭ്യസിച്ച യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഡെന്റിസ്ട്രി (യുഎംഡി)യുടെ സ്കൂള്‍ ഓഫ് ഹെല്‍ത്ത് റിലേറ്റഡ് പ്രൊഫഷന്‍സ് തുടങ്ങി ന്യൂവാര്‍ക്ക് എന്ന നഗരം ഹൃദയത്തോടെ ചേര്‍ത്തുപിടിച്ചു അന്ന്. 28 വര്‍ഷങ്ങള്‍ക്കു ശേഷവും അങ്ങിനെതന്നെ, ഒരു മാറ്റവുമില്ലാതെ. ഈ ഇഴയടുപ്പത്തിന് ഒരു ഉദാഹരണം പറയാം. വന്ന സമയത്ത് തലമുടി വെട്ടാന്‍ നാല് അഞ്ച് ബാര്‍ബര്‍ ഷോപ്പുകളില്‍ (യൂണിസെക്‌സ് സലൂണ്‍ എന്നായിരുന്നു അന്നത്തെ ബോര്‍ഡ് എന്നാണ് ഓര്‍മ്മ-കൗതുകകരമായ തോന്നിയ സൈന്‍ ബോര്‍ഡ്) പോയെങ്കിലും ഫെറി സ്ട്രീറ്റിന് കോണോടു ചേര്‍ന്നു കിടക്കുന്ന ജഫേഴ്‌സണ്‍ സ്ട്രീറ്റിലെ മരിയാല്‍വാസ് എന്ന് പോര്‍ട്ടുഗീസ് ബാര്‍ബര്‍ഷോപ്പിലെ തലമുടി വെട്ടലാണ് മനസിന് ഇഷ്ടപ്പെട്ടത്. അന്റോണിയോ മരിയാല്‍വാസും ഭാര്യയുമാണ് വെട്ടുകാര്‍. ഈ കഥ ചുരുക്കട്ടെ. ന്യൂവാര്‍ക്കില്‍ നിന്നും വെസ്റ്റ് ഓറഞ്ചിലൂടെ, ഈസ്റ്റ് ഹാനോവറില്‍ എത്തി നങ്കൂരമിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും എല്ലാ മാസവും (നാട്ടില്‍ പോകുന്ന സമയത്ത് മാത്രം പോയിട്ടില്ല) മരിയാല്‍വാസിലേക്ക് 40 മൈല്‍ വണ്ടിയോടിച്ച് തലമുടി വെട്ടാന്‍ പോകുന്നു എന്നു പറയുമ്പോള്‍ ന്യൂവാര്‍ക്കിനോടുള്ള അഭിനിവേശം മനസിലാക്കുമല്ലോ. തലമുടി വെട്ടാന്‍ പോകുമ്പോള്‍ അച്ചട്ടായി ചെയ്യുന്ന മറ്റു ചില കാര്യങ്ങളുണ്ട്- ഫെറി സ്ട്രീറ്റിലൂടെ വെറുതേ ഒരു നടത്തം, എബിസി സ്റ്റോറില്‍ ഒരു ചെറിയ ഷോപ്പിങ്, സീബ്രാസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരു ഗ്രോസറി ഷോപ്പിംഗും. വൃത്തിയാക്കിയ ഫ്രെഷ് ചിക്കന്‍ ഇത്രയും വിലക്കുറവില്‍ ന്യൂജേഴ്‌സിയില്‍ മറ്റൊരിടത്തും ലഭിക്കുകയില്ല. പിന്നെ, പച്ചക്കപ്പ, ചേമ്പ്, ഉണക്കമീന്‍ മുതലായ ഗൃഹാതുരത്വം ഉണര്‍ത്തുന്ന മറ്റ് പലതും. ഏറ്റവും ഒടുവില്‍ എലം സ്ട്രീറ്റിലെ ബാര്‍ബിക്യൂ കടയില്‍നിന്നും ഒരു പാഴ്‌സലും വാങ്ങി മടക്കം.
 
ഇപ്പോഴിങ്ങനെ ഒക്കെ ഓര്‍ക്കാന്‍ കാരണം എന്താണെന്നല്ലേ? ന്യൂജേഴ്‌സിയിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി (ടീനെക്ക്/ ബര്‍ഗന്‍ഫീല്‍ഡിനൊപ്പം) ന്യൂവാര്‍ക്കും ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ ന്യൂവാര്‍ക്കിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററില്‍ കൊറോണയുടെ പിടിയിലമര്‍ന്ന അനേകരെ ശുശ്രൂഷിക്കാന്‍ അവസരം ഒരുങ്ങിയപ്പോള്‍ ഇതൊരു നിയോഗമായി എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ എഴുതി വച്ചിരുന്നതായി തോന്നുന്നു. എത്രയോ തവണ സന്ദര്‍ശിച്ചിട്ടുള്ള ന്യൂവാര്‍ക്ക് പബ്ലിക്ക് ലൈബ്രറി, നഗരവാസികളോട് ഒരു കാര്യം ആവശ്യപ്പെടുന്നു. അത് ഏതാണ്ട് ഇങ്ങനെയാണ്, "ഈ കൊറോണ കാലം ഡോക്യുമെന്റ് ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. ഞങ്ങള്‍ക്കു നല്‍കുവാനായി നിങ്ങളുടെ കൈയില്‍ ഒരു ചിത്രമോ, വീഡിയോയോ, അതുമല്ലെങ്കില്‍ നല്ല വാക്കുകളോടു കൂടിയ ഒരു ലേഖനമുണ്ടോ? അതു ഞങ്ങള്‍ക്ക് ആവശ്യമുണ്ട്.'
 
 
കൊറോണ വൈറസ് പാന്‍ഡെമിക് അവസാനിക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കാനായാണ് ന്യൂവാര്‍ക്ക് ലൈബ്രറി ഇത്തരമൊരു ശേഖരം നടത്തുന്നത്. നല്ല ലേഖനങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ ഡ്രോയിംഗുകളാണ് ഇവര്‍ ശേഖരിക്കുന്നത്. ന്യൂവാര്‍ക്കിന്റെ അയണ്‍ബൗണ്ട് ഏരിയായിലെ സീബ്ര സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ ഷോപ്പര്‍മാര്‍ സാമൂഹിക അകലം പാലിച്ച് ആറടി അകലെ നില്‍ക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള കൊറോണ ചിത്രങ്ങളെയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് ലൈബ്രറിയുടെ ഡയറക്ടര്‍ ടോം അങ്ക്‌നര്‍ പറഞ്ഞു. "ഞങ്ങള്‍ ഇത് മുമ്പ് ചെയ്തിട്ടില്ല. ഇന്നത്തെ ആളുകള്‍ക്ക് താല്‍പ്പര്യമുണര്‍ത്തുന്ന ഒരു നിമിഷത്തിന്റെ സ്‌നാപ്പ്‌ഷോട്ട് സൃഷ്ടിക്കുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണിത്, എന്നാല്‍ ഇപ്പോള്‍ മുതല്‍ 20 മുതല്‍ 30 വര്‍ഷം വരെ ഗവേഷകര്‍ക്ക് ഞങ്ങള്‍ ശേഖരിക്കുന്ന ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ കഴിയും.' അദ്ദേഹം പറഞ്ഞു. ചാള്‍സ് എഫ്. കമ്മിംഗ്‌സ് ന്യൂജേഴ്‌സി ഇന്‍ഫര്‍മേഷന്‍ സെന്ററിനടുത്താണ് ഈ ലൈബ്രറി.
 
കൊറോണ വൈറസ് അവശേഷിച്ച അനുഭവങ്ങളുടെ വലിയ ഈ ശേഖരം സമീപഭാവിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും ചരിത്ര ഗവേഷണത്തിനായി നിലനിര്‍ത്തുമെന്നും അങ്ക്‌നര്‍ പറഞ്ഞു. ന്യൂവാര്‍ക്കില്‍ താമസിക്കുന്ന, ജോലി ചെയ്യുന്ന അല്ലെങ്കില്‍ സ്കൂളില്‍ പോകുന്നവര്‍ക്കായി എഴുതിയ ഓരോ ഓര്‍മ്മയും പാന്‍ഡെമിക് സമയത്ത് അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ വിവരിക്കുന്നതായിരിക്കണം. ഇത് 1,500 വാക്കുകളില്‍ കൂടുതലാകരുത്. അടിക്കുറിപ്പ് നല്‍കിയ ഫോട്ടോകള്‍ സ്വാഗതം ചെയ്യുന്നു, അഞ്ച് മിനിറ്റില്‍ കൂടാത്ത ഹ്രസ്വ വീഡിയോകളും.
 
യൂണിയന്‍ ടൗണ്‍ഷിപ്പ് ലൈബ്രറി ആന്‍ഡ് ഹിസ്‌റ്റോറിക്കല്‍ സൊസൈറ്റി, മോണ്‍മൗത്ത് കൗണ്ടി ഹിസ്‌റ്റോറിക്കല്‍ അസോസിയേഷന്‍, ടക്കര്‍ട്ടണ്‍ പോര്‍ട്ട് എന്നിവയും സമാനമായ പ്രോജക്ടുകള്‍ ചെയ്യുന്നുണ്ടെന്ന് അങ്ക്‌നര്‍ പറഞ്ഞു.
 
ഇങ്ങനെ നല്‍കുന്നതില്‍ പേര്, പ്രായം, നിങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന നിങ്ങളെക്കുറിച്ചുള്ള മറ്റേതെങ്കിലും വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. എന്‍ട്രികള്‍ മെയ് 31 നകം ചാള്‍സ് എഫ്. കമ്മിംഗ്‌സ് ന്യൂജേഴ്‌സി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ന്യൂവാര്‍ക്ക് പബ്ലിക് ലൈബ്രറി, 5 വാഷിംഗ്ടണ്‍ സ്ട്രീറ്റ്്, പിഒ ബോക്‌സ് 630, ന്യൂവാര്‍ക്ക്, എന്‍ജെ 07101.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.