You are Here : Home / USA News

യു എന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ പ്രതിഷേധം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 05, 2019 12:12 hrs UTC

ന്യൂയോര്‍ക്ക്: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്തു നടത്തിയ ഭീകരാക്രമണത്തിനെതിരെ അമേരിക്കയിലെ വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധ പ്രകടനം നടത്തി. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ ഫെബ്രുവരി 14 നു ഇന്ത്യയുടെ നാല്പതിലധികം സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധ പ്രകടനത്തില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സജീവമായി പങ്കെടുത്തു. കൊടും തണുപ്പിനെയും മഞ്ഞു വീഴ്ചയെയും വകവെക്കാതെ വൃദ്ധരും കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് ജനങ്ങളാണ് പാകിസ്ഥാനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി ന്യൂ യോര്‍ക്കിലെ യു എന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ തടിച്ചുകൂടിയത്. പ്രതിഷേധത്തിന് ശേഷം യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് പാകിസ്ഥാന്റെ മണ്ണില്‍ നിന്നും ഇന്ത്യക്കും ലോകരാഷ്ട്രങ്ങള്‍ക്കെതിരെയും ഭീകരാക്രമണങ്ങള്‍ അഴിച്ചു വിടുന്ന ഭീകരരെ ഇന്ത്യക്കു കൈമാറണമെന്നും അല്ലാത്ത പക്ഷം പാകിസ്ഥാനെ ഒരു ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു ഒരു നിവേദനം കൈമാറി. ഇന്ത്യ പാക്കിസ്ഥാനു നേരെ നടത്തിയ മിന്നലാക്രമണത്തെ പ്രവാസികളായ എല്ലാ ഇന്ത്യക്കാരും സ്വാഗതം ചെയ്തു. അതുപോലെതന്നെ അതിനു വേണ്ട നിശ്ചയദാഢ്യത്തോടെയുള്ള തീരുമാനം കൈകൊണ്ട നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനും ഇന്ത്യന്‍ സൈന്യത്തിനും അഭിവാദ്യങ്ങളും അര്‍പ്പിച്ചു. ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കുന്നതിനായി ലോകരാഷ്ട്രങ്ങളെ മുഴുവന്‍ ഇന്ത്യക്കു അനുകൂലമായി കൊണ്ടുവരാന്‍ സാധിച്ചത് സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ നേടിയെടുത്ത ഏറ്റവും വലിയ നയതന്ത്രവിജയമാണ്. സമാനമായ ഒരു പ്രതിഷേധ പ്രകടനം ഒരാഴ്ച മുന്‍പ് പാകിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്‍പിലും പിന്നീട് ടൈം സ്ക്വയറിലും നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.