You are Here : Home / USA News

മാധ്യമരംഗത്തെ നവ്യാനുവങ്ങള്‍ പങ്കിട്ട് ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിനു സമാപനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, November 04, 2013 04:39 hrs UTC

ന്യൂജേഴ്‌സി: കേരളത്തിന്റെ മൂല്യം എന്താണെന്നു മനസ്സിലാകുന്നത് കേരളത്തിനു പുറത്തുള്ള പ്രവാസികള്‍ക്ക് നാടിനോടുള്ള ഇഷ്ടം കാണുമ്പോഴാണെന്ന് കെ.എന്‍ ബാലഗോപാല്‍ എം.പി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാം ദേശീയ കോണ്‍ഫറന്‍സ് സോമര്‍സെറ്റിലെ ഹോളിഡേ ഇന്നില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെക്കാള്‍ മലയാളത്തെ സ്‌നേഹിക്കുകയും മലയാളത്തെ അറിയുകയും ചെയ്യുന്ന പ്രവാസികളാണ് ഇന്നു കേരളത്തിന്റെ കരുത്തെന്ന് ബാലഗോപാല്‍ എം.പി കൂട്ടിച്ചേര്‍ത്തു. ഇതിനു നിമിത്തമായത് കേരളത്തില്‍ എന്നതു പോലെ നിശിതമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന അമേരിക്കയിലെ മലയാള മാധ്യമപ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം എത്ര പ്രിയപ്പെട്ട സ്ഥലമാണെന്ന് വിദേശ മലയാളികളുടെ കേരളത്തോടുള്ള സ്‌നേഹം കാണുമ്പോഴാണ് ബോധ്യമാകുക. ഇവിടെ നടന്ന ചര്‍ച്ചകളും വ്യത്യസ്തമായി. പ്രസക്തമായ കാര്യങ്ങളെപ്പറ്റി കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കാറില്ലെന്നതാണ് സ്ഥിതി. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ലോകമാണ് ഇപ്പോള്‍ രാഷ്ട്രീയത്തെ തന്നെ നിന്ത്രിക്കുന്നത്. അജണ്ട മാധ്യമങ്ങള്‍ തീരുമാനിക്കുന്നു. അതിനു വ്യത്യസ്തമായി ചിന്തിക്കാന്‍ നാമൊക്കെ ശ്രമിക്കാറുണ്ടെന്നും ബാലഗോപാല്‍ എം.പി പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് മാത്യു വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര, ട്രഷറര്‍ സുനില്‍ തൈമറ്റം, അഡൈ്വസറി ബോര്‍ഡ് ചെയര്‍ റെജി ജോര്‍ജ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോര്‍ജ് ജോസഫ്, ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ജോര്‍ജ് തുമ്പയില്‍, കൃഷ്ണകിഷോര്‍ എന്നിവരായിരുന്നു പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വി.ടി ബല്‍റാം എംഎല്‍എ, വി.ടി സതീശന്‍ എം.എല്‍.എ, ജോസ് പനച്ചിപ്പുറം, ആര്‍.ശ്രീകണ്ഠന്‍ നായര്‍, ജെ. ഗോപീകൃഷ്ണന്‍, വിനു ജോണ്‍, ഡോ. മാത്യു കുഴല്‍നാട് എന്നിവര്‍ സംസാരിച്ചു. സുവനിയര്‍ പ്രകാശനവും നടന്നു. സുവനിയറിന്റെ ആദ്യ പ്രതി വി.ടി ബല്‍റാം എംഎല്‍എ ഡോ. എം.വി പിള്ളയ്ക്കു നല്‍കി. മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ രംഗപൂജയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ബിന്ധ്യ പ്രസാദ് നൃത്തപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇതുവരെയുള്ള പരിപാടികളുടെ ഒരു വീഡിയോ പ്രസന്റേഷനും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.

രാവിലെ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫിന്റെ അഭിവാദ്യത്തോടെയും ആമുഖത്തോടെയുമാണ് ഇന്ററാക്്ടീവ് സെഷനുകള്‍ക്ക് തുടക്കമായത്. ഒക്ലഹോമ, കാലിഫോര്‍ണിയ ചാപ്റ്ററുകള്‍ ആതിഥേയത്വം വഹിച്ച 'തൂലിക ചലിക്കുമ്പോള്‍' എന്ന പരിപാടി മലയാള മനോരമ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം ലളിതമായും വിശദമായവിധത്തിലും വിഷയാവതരണം നടത്തി. അച്ചടി സംവിധാനങ്ങളുടെ നൂതന സാങ്കേതിവിദ്യകളിലൂടെയൊക്കെ പനച്ചി കടന്നു പോയി. ഓഗ്മെന്റല്‍ റിയാലിറ്റി, ലെഗസി മീഡിയയുമൊക്കെ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കടന്നു വന്നു. തൊഴിലില്ലായ്മ വേതനത്തിനായി മുട്ടേണ്ട വാതിലുകളിലൊക്കെ മുട്ടി അലഞ്ഞ സദാനന്ദന്റെ കഥ അതിവൈകാരികമായി അദ്ദേഹം അവതരിപ്പിച്ചത് വൈകാരികമായി തന്നെ ആസ്വാദകര്‍ ഉള്‍ക്കൊണ്ടു. മനു തുരുത്തിക്കാടന്‍, ജോര്‍ജ് ചിറയില്‍, ഷാജി ജോര്‍ജ്, ശങ്കരന്‍കുട്ടി, സോദരന്‍ വര്‍ഗീസ് എന്നിവര്‍ ഈ സെഷന്‍ കോര്‍ഡിനേറ്റ് ചെയ്തു. ജോര്‍ജ് ജോസഫായിരുന്നു മോഡറേറ്റര്‍. കെ. എന്‍. ബാലഗോപാല്‍ എംപി, വി.ടി ബലറാം എംഎല്‍എ, പ്രൊഫ. മാത്യു കുഴല്‍നാട്, ശ്രീകണ്ഠന്‍ നായര്‍, ജെ. ഗോപീകൃഷ്ണന്‍, വിനു. വി ജോണ്‍ എന്നിവരൊക്കെ ചര്‍ച്ചകളില്‍ പങ്കെടുത്തു.

അലക്‌സ് കോശി വിളനിലം, വിനീത നായര്‍, ജിനു എലിസബത്ത്, ടാജ് മാത്യു, സി.പി ചെറിയാന്‍, അനില്‍ ആറന്മുള, തമ്പി ആന്റണി, പോള്‍ കറുകപ്പള്ളില്‍, ജോയിച്ചന്‍ പുതുക്കുളം, പ്രേമ ആന്റണി തെക്കേത്ത്, വിന്‍സണ്‍ ഇമ്മാനുവല്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
ഫിലഡല്‍ഫിയ ചാപ്റ്റര്‍ ആതിഥേയത്വം വഹിച്ച 'ഡിജിറ്റല്‍ പോയിന്റ' എന്ന സെഷന്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍ നയിച്ചു. ദൃശ്യ മാധ്യമ രംഗത്തെ അതിനൂതനമായ സങ്കേതങ്ങളെ പറ്റി പ്രതിപാദിച്ചതു കൂടാതെ ടെലിവിഷന്‍ അവതാരകരും രാഷ്ട്രീയക്കാരും തമ്മില്‍ ടിവി സ്്ക്രീനിലുമൊക്കെയുള്ള സംവാദങ്ങളെക്കുറിച്ചുമൊക്കെ രസകരമായി അദ്ദേഹം അവതരിപ്പിച്ചു. സത്യസന്ധമായി കാര്യങ്ങളെ നോക്കി കാണുന്ന ന്യൂസ് അവറിന്റെ രീതീയില്‍ തന്നെയാണ് ഈ സെഷനിലെ സംവാദത്തെ അദ്ദേഹം നേരിട്ടത്.

വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ് നടവയല്‍, ജോവേദിയില്‍ ഫിലഡല്‍ഫിയ ചാപ്റ്ററിനെ പ്രതിനിധാനം ചെയ്തു. ശിവന്‍ മുഹമ്മയായിരുന്നു മോഡറേറ്റര്‍.

'മാറ്റത്തിന്റെ മാധ്യമരംഗം' എന്ന പേരില്‍ അമേരിക്കയിലെ മലയാള മാധ്യമരംഗം നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയും കൈവരിച്ച വിജയങ്ങളെപ്പറ്റിയുമുള്ള ചര്‍ച്ചയും നടന്നു. മലയാളംപത്രം എഡിറ്ററും നിയുക്ത പ്രസിഡന്റുമായ ടാജ് മാത്യു ഈ സെഗ്മെന്റ് കോര്‍ഡിനേറ്റ് ചെയ്തു. ഹ്യൂസ്റ്റണ്‍ ചാപ്റ്ററാണ് ഇതിന് ആതിഥേയത്വം വഹിച്ചത്. ജോര്‍ജ് കാക്കനാട്ട്, അനില്‍ ആറന്മുള, കോശി തോമസ് എന്നിവര്‍ ചാപ്റ്ററിനെ പ്രതിനിധാനം ചെയ്തു. മികച്ച രീതിയിലുള്ള വിമര്‍ശനവും ക്രിയാത്മക ചര്‍ച്ചകളും വേദിയെ ധന്യമാക്കി.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം പത്രനര്‍മ്മം എന്ന പേരിലുള്ള ചിരിയരങ്ങ് നടന്നു. രാജു മൈലപ്ര, ശ്രീകണ്ഠന്‍ നായര്‍, ജോസ് പനച്ചിപ്പുറം, ഡോ. എം. വി പിള്ള, ഡോ. റോയ് തോമസ്, ജേക്കബ് റോയ് എന്നിവര്‍ പരിപാടി നയിച്ചു. ദിനപത്രവുമായും ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത തലങ്ങളിലൂടെ ചിരിയരങ്ങ് ഉയര്‍ന്നു ആസ്വാദകര്‍ക്ക് നര്‍മ്മത്തിന്റെ നവ്യാനുഭവമാണ് ചിരിയരങ്ങ് സമ്മാനിച്ചത്.

പയനിയര്‍ ഡല്‍ഹി ലേഖകന്‍ ജി. ഗോപീ കൃഷ്ണന്‍ നയിച്ച എക്‌സ്‌ക്ലൂസിവിന്റെ വഴികള്‍ എന്ന ചര്‍ച്ചയാണ് രണ്ടാം ദിവസം രാവിലെ നടന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ടു ജി സ്‌പെക്ട്രം പുറത്തു കൊണ്ടു വന്ന ജെ. ഗോപീകൃഷ്ണന്‍ അതിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ വിവരിച്ചു. നിമിത്തം, ഗുരുത്വം, ദൈവകൃപ എന്നതായിരുന്നു തന്നോടൊപ്പം ഉണ്ടായിരുന്നത്. ആത്മാവില്‍ നെരിപ്പോടുമായി നടന്ന ആ ദിവസങ്ങളിലെ കഥ മനോഹരവും ഹൃദയസ്പര്‍ശിയായി വിവരിച്ചത് കാണികള്‍ ആകാംക്ഷാപൂര്‍വ്വമാണ് കേട്ടിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ കഥ പറഞ്ഞ വാട്ടര്‍ഗേറ്റിനോടു തുല്യമായ അന്വേഷണമാണ് ടു ജി സ്‌പെക്ട്രം കാര്യത്തിലും നടന്നത്. ഈ അന്വേഷണത്തിന് വേണ്ട വിവരങ്ങള്‍ നല്‍കിയ വ്യക്തിയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനായില്ലെങ്കിലും സമീപഭാവിയില്‍ അത് ചെയ്യും. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിലെ മൗലിക തത്ത്വമായ ഫോളോ ദി മണി (സംശയിക്കുന്നയാളുടെ പണത്തിനു പിന്നാലെ പോകണം) എന്ന തത്ത്വമാണ് ടു ജി സ്‌പെക്ട്രം അന്വേഷണത്തിനും ഉപയോഗിച്ചത്.

ചിക്കാഗോ ചാപ്റ്റര്‍ ഈ സെഷന് ആതിഥേയത്വം വഹിച്ചു. ജോസ് കണിയാലി, ശിവന്‍ മുഹമ്മ, ബിജു കിഴക്കേക്കുറ്റ്, ബിജു സഖറിയ, ഡോ. റോയ്. പി. തോമസ്, ജോണ്‍ ഇലക്കാട്ട്, ജോയിച്ചന്‍ പുതുക്കുളം, ജോയ് ചെമ്മാച്ചേല്‍ എന്നിവര്‍ പ്രതിനിധാനം ചെയ്തു. ജോര്‍ജ് ജോസഫ് ആയിരുന്നു മോഡറേറ്റര്‍.

ഗ്ലോബല്‍ മീഡിയ ട്രെന്‍ഡ്‌സ് എന്ന സെഷനില്‍ സിഎന്‍എന്‍ പ്രൊഡ്യൂസര്‍മാരായ സോവി ആഴാത്ത്, ഡോ. ദേവി നമ്പ്യാപറമ്പില്‍, ഡോ. കൃഷ്ണ കിഷോര്‍, ജോര്‍ജ് ചിറയില്‍, അമേരിക്കയിലെ മുഖ്യധാര മാധ്യമരംഗത്തെപ്പറ്റി സംസാരിച്ചു. വ്യത്യസ്തവും ഗൗരവമേറിയതുമായ ചര്‍ച്ചയാണ് ഇവിടെ നടന്നത്. യു ട്യൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ രംഗങ്ങളിലെ കുതിച്ചു ചാട്ടവും പുരോഗതിയും ചര്‍ച്ചകള്‍ക്ക് വിധേയമായി. കോണ്‍ഫറന്‍സിലെ ശ്രദ്ധേയമായ വേദിയായി ഇതു മാറുകയും ചെയ്തു. മോഡറേറ്ററായി രംഗത്തു വന്ന അല്‍ക നായര്‍ വിദഗ്ധമായി ഈ സെഷന്‍ കൈകാര്യം ചെയ്യുകയും ചെയ്തു.

ടെലിവിഷന്‍ രംഗത്തെ പയനിയര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ കത്തിക്കയറിയ സെഷനായിരുന്നു വാര്‍ത്തയുടെ പിന്നാമ്പുറം. ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ അവഗാഹവും അവതരണത്തിലെ വൈദഗ്ധ്യവും ഇവിടെ വെളിപ്പെടുകയായിരുന്നു. വാര്‍ത്തയുടെ പിന്നാമ്പുറ കഥകള്‍ സരസമായി ഒരു നിമിഷം പോലും കളയാതെ അദ്ദേഹം ഉപയോഗിച്ചു. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഇതു ഹോസ്റ്റ് ചെയ്തു. ജോസ് കാടാപുറത്തിന്റെ നേതൃത്വത്തിലുള്ള ചാപ്റ്റര്‍ അംഗങ്ങള്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

വൈകുന്നേരം അഞ്ചു മണിക്ക് സമാപനസമ്മേളനം നടന്നു. വി.ഡി സതീശന്‍ എംഎല്‍ എ മുഖ്യപ്രഭാഷണം നടത്തി. വളരെ ക്രമീകൃതമായ രീതിയില്‍ സമ്മേളനം നടത്തിയതിലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. ഇവിടെ കണ്ട മറ്റൊരു പ്രത്യേകത ഇതിലെ അംഗങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു എന്നതാണ്. നാട്ടില്‍ പക്ഷേ അങ്ങനെയല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, പ്ലാനിങ് കമ്മീഷന്‍, അന്യസംസ്ഥാന ലോട്ടറികള്‍, ചീമേനി പവര്‍പ്ലാന്റ്, സോളാര്‍ വിഷയം തുടങ്ങിയവയൊക്കെ പരാമര്‍ശിച്ചു വി.ഡി സതീശന്‍ എം.എല്‍.എ അതിഗംഭീരമായ പ്രസംഗമാണ് ചെയ്തത്.
കെ.എന്‍ ബാലഗോപാല്‍ എംപി, വി.ടി ബല്‍റാം എംഎല്‍എ, ജോസ് പനച്ചിപ്പുറം, ആര്‍. ശ്രീകണ്ഠന്‍ നായര്‍, ജെ. ഗോപീകൃഷ്ണന്‍, വിനു വി. ജോണ്‍, സോവി ആഴാത്ത്, ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ഫോമ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് മാത്യുവര്‍ഗീസ് അധ്യക്ഷനായിരുന്നു. തുടര്‍ന്ന് അതിഥികള്‍ക്ക് ഉപഹാരം നല്‍കി. കോണ്‍ഫറന്‍സിനു സാമ്പത്തിക സഹായം നല്‍കിയ സ്‌പോണ്‍സര്‍മാര്‍ക്ക് ആദരവ് നല്‍കുന്ന സെഗ്മെന്റായിരുന്നു അടുത്തത്. ഇവന്റ് സ്‌പോണ്‍സര്‍ ഡോ. സിദ്ദിഖ് അഹമ്മദ്, മെഗാ സ്‌പോണ്‍സര്‍മാരായ ഒലീവ് ബില്‍ഡേഴ്‌സിന്റെ ഡോ. പി.വി.മത്തായി, ഡി ആന്‍ഡ് കെ കണ്‍സ്ട്രക്ഷന്‍സിന്റെ ദിലീപ് വര്‍ഗീസ്, ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ ബോബി ചെമ്മണ്ണൂര്‍, ജോണ്‍ ടൈറ്റസ്, ടൊമാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ തോമസ് മൊട്ടക്കല്‍, ശാന്തിഗ്രാം വെല്‍നസ് സെന്ററിന്റെ ഡോ. ഗോപിനാഥന്‍ നായര്‍, മണിഡാര്‍ട്ടിന്റെ അജിത്ത് പോള്‍, സ്‌പോണ്‍സര്‍മാരായ ഡോ. ജോസ് കാനാട്ട്, രാജു വര്‍ഗീസ്, ജോസ് തോമസ് സിപിഎ, മറിയാമ്മ പിള്ള, ജോര്‍ജ് മാത്യു, റോയി എണ്ണച്ചേരില്‍, ജേക്കബ് എബ്രഹാം, ഡോ. മാധവന്‍നായര്‍, ഡോ. നരേന്ദ്രകുമാര്‍, ജയിന്‍ ജേക്കബ് സിപിഎ, രാജു പള്ളത്ത്, ശിവന്‍ മുഹമ്മ, അനിയന്‍ ജോര്‍ജ്, തോമസ് കോശി, ജോര്‍ജ് ജോസഫ് മെറ്റ്‌ലൈഫ്, ഡോ. ഫ്രീമു വര്‍ഗീസ്, ആനന്ദന്‍ നിരവേല്‍, തമ്പി ആന്റണി, ജോണ്‍ സി വര്‍ഗീസ്, ബിജു കിഴക്കേക്കുറ്റ് എന്നിവരെ പ്രശംസാ ഫലകം നല്‍കി ആദരിച്ചു.25 വര്‍ഷമായി വോയ്‌സ് ഓഫ് ഏഷ്യ എന്ന പത്രം ഹ്യൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കോശി തോമസിനെയും ഭാര്യ മോനി തോമസിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച ക്യാമറാമാനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബിനു സക്കറിയെയും ആദരിച്ചു. മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്നിവരെയും പ്രശംസാഫലകം നല്‍കി ആദരിച്ചു. ഗുരു ബീനാ മേനോന്‍ ഏറ്റുവാങ്ങി.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡ് ചടങ്ങു മുതല്‍ ഹോളിഡേ ഇന്‍ വേദിയില്‍ തലേന്നു വരെ നടന്ന ചടങ്ങുകളുടെ വീഡിയോ പ്രസന്റേഷനോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. ഗായകന്‍ കെ.ഐ അലക്‌സാണ്ടര്‍ ശ്ലോകം ആലപിച്ചു. പ്രസിഡന്റ് മാത്യുവര്‍ഗീസ്, നിയുക്തപ്രസിഡന്റ് ടാജ് മാത്യുവിനെ നിറദീപം നല്‍കി പ്രതീകാത്മകമായി അധികാര കൈമാറ്റം നടത്തി. ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര സ്വാഗതവും വൈസ്പ്രസിഡന്റ് ജോബി ജോര്‍ജ് കൃതജ്ഞതയും രേഖപ്പെടുത്തി. ഡോ. കൃഷ്ണ കിഷോര്‍, ജോര്‍ജ് തുമ്പയില്‍ എന്നിവരായിരുന്നു എന്‍സിമാര്‍.

തുടര്‍ന്ന് നടന്ന അത്താഴവിരുന്ന് കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നൃത്ത അവതരണത്തോടെയാണ് ആരംഭിച്ചത്. അനുപമ റോബിനും നൃത്തം അവതരിപ്പിച്ചു. നിഷാ തയ്യില്‍ ഗാനം ആലപിച്ചു.അഞ്ചാമത് കോണ്‍ഫറന്‍സിനു വേണ്ടി പ്രവര്‍ത്തിച്ച നാഷണല്‍ കമ്മിറ്റിയെ അഡൈ്വസറി ബോര്‍ഡ് ആദരിച്ചു. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ റജി ജോര്‍ജ് (ചെയര്‍മാന്‍), ജോസ് കണിയാലില്‍, ജോര്‍ജ് ജോസഫ്, ടാജ് മാത്യു, ശിവന്‍ മുഹമ്മ എന്നിവര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് മാത്യു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര, ട്രഷറര്‍ സുനില്‍ തൈമറ്റം, വൈസ് പ്രസിഡന്റ് ജോബി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ജോര്‍ജ് ചിറയില്‍ എന്നിവര്‍ക്ക് കെ.എന്‍. ബാലഗോപാല്‍ എം.പി വി.ടി സതീശന്‍ എംഎല്‍എ, വി.ടി. ബല്‍റാം എംഎല്‍എ എന്നിവര്‍ പ്രശംസ ഫലകങ്ങള്‍ നല്‍കി. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റജി ജോര്‍ജിന് വി.ടി ബല്‍റാം എംഎല്‍എ പ്രശംസ ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.ഒലീവ് ബില്‍ഡേഴ്‌സിന്റെ അമേരിക്കയിലെ പ്രതിനിധിയായ വര്‍ഗീസ്, ശാന്തിഗ്രാം വെല്‍നെസ് സെന്ററിന്റെ ഡോ. ഗോപിനാഥന്‍ നായര്‍, ഡോ. അംബിക നായര്‍, പാലക്കാട് ട്രേഡ് ലിങ്ക്‌സിന്റെ സുധീര്‍ കുമാര്‍, മണിഡാര്‍ട്ടിന്റെ അജിത് പോള്‍, തമ്പി ആന്റണി എന്നിവരും സംസാരിച്ചു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ കവിത സമാഹാരം വേദിയില്‍ പ്രകാശനം ചെയ്തു.
നാഷണല്‍ കമ്മിറ്റിയോടും അഡ്വസൈറി ബോര്‍ഡ് അംഗങ്ങളോടുമൊപ്പം കോണ്‍ഫറന്‍സ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ മാത്യു വര്‍ഗീസ്, മധുകൊട്ടാരക്കര, സുനില്‍ തൈമറ്റം, റജി ജോര്‍ജ്, ജോര്‍ജ് ജോസഫ്, രാജു പള്ളത്ത്, സുനില്‍ ട്രൈസ്റ്റാര്‍, ഡോ. കൃഷ്ണ കിഷോര്‍, ജോര്‍ജ് തുമ്പയില്‍ എന്നിവരാണ് കോണ്‍ഫറന്‍സിന്റെ കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.