You are Here : Home / USA News

എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ കാത്തലിക്‌ മിഷനില്‍ തിരുനാളും ഇടവക വാര്‍ഷികവും ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 02, 2013 10:26 hrs UTC

എഡ്‌മണ്ടന്‍, കാനഡ: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ മിഷനില്‍ എളിമയുടേയും സഹനത്തിന്റേയും നേര്‍രൂപമായ വി. അല്‍ഫോന്‍സാമ്മയുടെ പ്രഥമ തിരുനാളും, ഇടവക വാര്‍ഷികവും എഡ്‌മണ്ടന്‍ മലയാളി സമൂഹം ഒന്നടങ്കം ഭക്തിപൂര്‍വ്വം കൊണ്ടാടി. തിരുനാളിനു മുന്നോടിയായി ആരംഭിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഒമ്പത്‌ ദിവസത്തെ നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും നൂറുകണക്കിന്‌ വിശ്വാസികള്‍ അനുഗ്രഹത്തിനുവേണ്ടി ടയ്‌ലര്‍ ചാപ്പലിലേക്ക്‌ ഒഴുകി എത്തി.

ഒക്‌ടോബര്‍ 11-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ആറുമണിക്ക്‌ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനെ എഡ്‌മണ്ടന്‍ മലയാളി സമൂഹം സെന്‍ട്രല്‍ ലിയോണ്‍ ഹാളിലേക്ക്‌ സ്വീകരിച്ചതോടെ മൂന്നുദിവസത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. കൈയ്യില്‍ പൂച്ചെണ്ടേന്തിയ ബാലികാ ബാലന്മാരും താലപ്പൊലിയേന്തിയ മങ്കമാരും, മുത്തുക്കുടകളും വാദ്യമേളങ്ങളോടും കൂടി എഡ്‌മണ്ടന്‍ സമൂഹം അഭിവന്ദ്യ പിതാവിന്‌ നല്‍കിയ സ്വീകരണം വേറിട്ട അനുഭവമായിരുന്നു. പ്രൗഢഗംഭീരമായ സ്വീകരണത്തിനുശേഷം അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മിഷന്‍ ഡയറക്‌ടര്‍ ഫാ. വര്‍ഗീസ്‌ മുണ്ടുവേലി, ഫാ. ജോബി മുഞ്ഞേലി എന്നിവര്‍ സഹകാര്‍മികരായി. ഫാ. സില്‍വിച്ചന്‍ , ഫാ. ഷിമിറ്റ്‌ എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം അഭി. പിതാവ്‌ തിരിതെളിയിച്ച്‌ ഇടവകയുടെ ഒന്നാം വാര്‍ഷികം ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sasmedm.com അഭിവന്ദ്യ പിതാവ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടതോടെ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ മിഷന്റെ വളര്‍ച്ച മറ്റുള്ളവര്‍ക്ക്‌ മാതൃകയാക്കി കാട്ടിക്കൊടുക്കാനുള്ള വേദിയായി. ഒപ്പം മിഷന്റെ ഔദ്യോഗിക ലോഗോയും ഫ്‌ളാഗും പ്രകാശനം ചെയ്യപ്പെട്ടു. ഇടവക വിശ്വാസികളുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായ സുവനീര്‍ `പ്രയാണം 2013' അഭിവന്ദ്യ പിതാവ്‌ മിഷന്‍ ഡയറക്‌ടര്‍ ഫാ. വര്‍ഗീസ്‌ മുണ്ടുവേലിക്ക്‌ കോപ്പി നല്‍കി പ്രകാശനം ചെയ്‌തു. തത്സമയമുള്ള സംഭവ വികാസങ്ങള്‍ ദൃശ്യാവിഷ്‌കാരം നടത്തി സോണി സെബാസ്റ്റ്യനും ജോര്‍ജ്‌ ഇലഞ്ഞിക്കലും ചടങ്ങുകള്‍ കൂടുതല്‍ മിഴിവുള്ളതാക്കി. തുടര്‍ന്ന്‌ ഇടവകയിലെ കൊച്ചുകലാകാരന്മാരും കലാകാരികളും നടത്തിയ പ്രകടനങ്ങള്‍ സദസിനെ കോരിത്തരിപ്പിച്ചു. മിഷന്റെ സ്വന്തം ഗാനമേള ട്രൂപ്പായ സിംഫണിയിലെ ജിജി പടമിടവും, പ്രിന്‍സ്‌ മാത്യുവും, ഐബിന്‍ ജോര്‍ജും, സന്തോഷും, അലക്‌സ്‌ പൈകടയും ചേര്‍ന്ന്‌ കാണികള്‍ക്ക്‌ സംഗീതവിരുന്നൊരുക്കി. തുടര്‍ന്ന്‌ നടന്ന സ്‌നേഹവിരുന്നില്‍ഏവരും പങ്കുകൊണ്ടു.

ഒക്‌ടോബര്‍ 12-ന്‌ ശനിയാഴ്‌ച 3 മണിക്ക്‌ അഭിവന്ദ്യ പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രാരംഭ പ്രാര്‍ത്ഥന നടത്തി പ്രഥമ തിരുനാളിന്റെ പ്രസുദേന്തിമാരായ തോമസ്‌ പുല്ലുകാട്ട്‌, ജോര്‍ജ്‌ കൊമ്പന്‍, സജീവ്‌ ആന്‍ഡ്രൂസ്‌, ജോണ്‍ വട്ടമറ്റം, രജിത്‌ മത്തായി, സുനില്‍ തെക്കേക്കര, സിബി പോള്‍ തെക്കേക്കര, ബിജു അഗസ്റ്റിന്‍ (കട്ടപ്പന), തോമസ്‌ ജോസഫ്‌, ടോം അജിത്‌, സെബി ഉതുപ്പ്‌, പോളി പി. ആന്റണി, ഡേവിസ്‌ കുത്തോകാത്തന്‍, ജോജി കുര്യന്‍ എന്നിവര്‍ക്ക്‌ പാരമ്പര്യ രീതിയില്‍ മുടി ചൂടിച്ചും കത്തിച്ച മെഴുകുതിരി നല്‍കിയും തിരുനാളിന്റെ ആദ്യ ചടങ്ങുകള്‍ മഹനീയമാക്കി. തുടര്‍ന്നുള്ള ചടങ്ങില്‍ അഭിവന്ദ്യ പിതാവിന്റെ കൈയ്യില്‍ നിന്ന്‌ കൊടി പ്രസുദേന്തിമാര്‍ ഏറ്റുവാങ്ങി. മുത്തുക്കുടകളുടേയും വദ്യമേളങ്ങളുടേയും അകമ്പടിയോടെ ടയ്‌ലര്‍ ചാപ്പലിന്റെ കൊടിമരത്തിന്റെ ചുവട്ടിലേക്ക്‌ പ്രദക്ഷിണമായി എത്തിച്ചേര്‍ന്നു. എഡ്‌മണ്ടന്റെ ചരിത്രത്തില്‍ ആദ്യമായി മലയാളി സമൂഹം ഒന്നടങ്കം കാത്തിരുന്ന ആ അനുഗ്രഹ നിമിഷത്തില്‍ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ തിരുനാള്‍ കൊടി ഉയര്‍ത്തിയതോടെ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. തുടര്‍ന്ന്‌ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്ക്‌ അഭി. പിതാവ്‌ മുഖ്യകാര്‍മികത്വം വഹിച്ചു. വി. കുര്‍ബാനയ്‌ക്കുശേഷം അഭി. പിതാവിന്റെ കാര്‍മികത്വത്തില്‍ നടന്ന ഒരു മണിക്കൂര്‍ ആരാധന എഡ്‌മണ്ടന്‍ നിവാസികള്‍ക്ക്‌ തികച്ചും അപ്രതീക്ഷിതമായി കൈവന്ന അനുഗ്രഹവും സമ്മാനവുമായിരുന്നു. ആരാധനയോട്‌ അനുബന്ധിച്ച്‌ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഇടവക വിശ്വാസികള്‍ക്ക്‌ പുതിയൊരു അനുഭവമായിരുന്നു. കമ്മിറ്റിയംഗങ്ങള്‍ തയാറാക്കിയ കേരളീയ ശൈലിയില്‍ റിലീജിയസ്‌ സ്റ്റോറും, ഭക്ഷണശാലയും ഒരുക്കിയിരുന്നു.

പ്രധാന തിരുനാള്‍ ദിനമായ ഒക്‌ടോബര്‍ 13-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ നടന്ന ആഘോഷമായ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക്‌ അഭിവന്ദ്യ പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യ കാര്‍മികനും, മിഷന്‍ ഡയറക്‌ടര്‍ ഫാ. വര്‍ഗീസ്‌ മുണ്ടുവേലി, ഫാ. ജോബി മുഞ്ഞേലി, ഫാ. ജോസഫ്‌ വാടാശേരി എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. തിരുകര്‍മ്മങ്ങള്‍ക്കുശേഷം നിറപ്പകിട്ടാര്‍ന്ന കൊടികളുടേയും മുത്തുക്കുടകളുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട്‌ നടത്തിയ നഗര പ്രദക്ഷിണത്തില്‍ നൂറുകണക്കിന്‌ വിശ്വാസികള്‍ ഭക്തിയോടെ പങ്കെടുത്തു. പ്രദക്ഷിണത്തിനുശേഷം ചാപ്പലില്‍ തിരിച്ചെത്തിയ ഭക്തജനങ്ങള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വണങ്ങി നേര്‍ച്ചകാഴ്‌ചകള്‍ സമര്‍പ്പിക്കുകയും ചെയ്‌തു. വിശ്വാസികള്‍ നടത്തിയ മുടി നേര്‍ച്ചയും, കഴുന്ന്‌ എടുക്കലും ഗതകാല സ്‌മരണ ഉണര്‍ത്തുന്നവയായിരുന്നു. കമ്മിറ്റി അംഗങ്ങള്‍ തയാറാക്കിയ പാച്ചോര്‍ നേര്‍ച്ച സദ്യയില്‍ സമൂഹം ഒന്നടങ്കം പങ്കുചേര്‍ന്നു.

മൂന്നു ദിവസം നീണ്ടുനിന്ന തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക്‌ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നേരിട്ട്‌ ചുക്കാന്‍ പിടിച്ചത്‌ എഡ്‌മണ്ടന്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക്‌ പുതിയ ഉണര്‍വും വിശ്വാസവും ആവേശവും പകര്‍ന്നതിനൊപ്പം അഭിവന്ദ്യ പിതാവിന്‌ എഡ്‌മണ്ടന്‍ മലയാളി സമൂഹത്തിനോടുള്ള സ്‌നേഹവും വിശ്വാസവും എടുത്തുകാണിക്കുന്ന ഒന്നായിരുന്നു. കാനഡയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തിലുള്ള ഏക മിഷനായതുകൊണ്ടും പ്രഥമ തിരുനാളായതുകൊണ്ടും നിറയെ സവിശേഷതകളുള്ള തിരുനാളായിരുന്നു ഇത്‌. മൂന്നു ദിവസം നീണ്ടുനിന്ന തിരുനാളിന്‌ അഭിവന്ദ്യ പിതാവ്‌ കൊടിയിറക്കിയതോടെ തിരശീല വീണു.

കമ്മിറ്റി അംഗങ്ങളായ സുനില്‍ തെക്കേക്കര, മാത്യു ജോസഫ്‌, തോമസ്‌ പുല്ലുകാട്ട്‌, രജിത്‌ മത്തായി, സോണി സെബാസ്റ്റ്യന്‍, വര്‍ക്കി ജോസഫ്‌, വിപിന്‍ തോമസ്‌, റ്റിജോ ജോര്‍ജ്‌, വിന്‍സെന്റ്‌ ലോനപ്പന്‍, ജോര്‍ജ്‌ കൊമ്പന്‍, ജോസ്‌ സഖറിയ, സജയ്‌ സെബാസ്റ്റ്യന്‍, ജിന്‍സണ്‍ ആന്റണി, ജോമോന്‍ ദേവസ്യ, പോളി പുല്ലുകാട്ട്‌ എന്നിവരും വോളന്റിയര്‍മാരായ തോമസ്‌ ജോസഫ്‌, ജോസ്‌ കാഞ്ഞൂര്‍, ബിജു കട്ടപ്പന, ജോമി ജോസഫ്‌, റോയി ജോര്‍ജ്‌, അനൂപ്‌, ഐസി, സിബി തെക്കേക്കര, ബിനു മുട്ടം, ജോബി മുണ്ടയ്‌ക്കല്‍, ജസ്റ്റിന്‍, ജോബി തൊടുപുഴ, ബൈജു ഉമ്മച്ചന്‍, ജോര്‍ജ്‌, സൈമണ്‍ ഫിലിപ്പ്‌, സജീവ്‌ ആന്‍ഡ്രൂസ്‌, സനീഷ്‌, സാജു എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം തിരുളിനെ അവിസ്‌മരണീയമാക്കി.
ആഷ്‌ലി ജെ. മാങ്ങഴ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.