You are Here : Home / USA News

ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി കിരീടം നിലനിര്‍ത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 02, 2013 10:20 hrs UTC

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം സമാജത്തിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന ക്വിസ്‌ മത്സരത്തില്‍ ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ ഇടവക തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കിരീടം നിലനിര്‍ത്തി. അത്യന്തം വാശിയേറിയ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിനായി ഇടവക വികാരി ഡോ. വര്‍ഗീസ്‌ എം. ഡാനിയേല്‍ അച്ചന്റെ നേതൃത്വത്തില്‍ നടത്തിയ കഠിന പരിശീലനത്തിനുശേഷമാണ്‌ ടീം മാറ്റുരയ്‌ക്കാനായി എത്തിയത്‌.

വാഷിംഗ്‌ടണില്‍ വെച്ച്‌ നടന്ന മത്സരത്തിനുശേഷം ട്രോഫിയുമായെത്തിയ ടീം അംഗങ്ങളായ ഡോ. സ്‌മിതാ വര്‍ഗീസ്‌, മറിയാമ്മ ജോര്‍ജ്‌, ലൈസാ ഏബ്രഹാം, ഷീല ഗീവര്‍ഗീസ്‌ എന്നിവര്‍ക്ക്‌ വികാരി അച്ചന്റെ നേതൃത്വത്തില്‍ ഉജ്വല വരവേല്‍പ്‌ നല്‍കി. പള്ളിയുടെ കവാടത്തില്‍ എത്തിയ ടീം അംഗങ്ങളെ വൈസ്‌ പ്രസിഡന്റ്‌ ഷേര്‍ളി അജിത്‌ വട്ടശേരില്‍, മുന്‍ സെക്രട്ടറിമാരുടെ പ്രതിനിധി അന്നമ്മ സാമുവേല്‍, സീനിയര്‍ സിറ്റിസണ്‍സിനെ പ്രതിനിധീകരിച്ച്‌ ഏലിയാമ്മ വര്‍ഗീസ്‌, ഇളംതലമുറയുടെ പ്രതിനിധി കുമാരി ജെനിതാ ജോജി എന്നിവര്‍ ബൊക്കെ നല്‌കി സ്വീകരിച്ചു.

തുടര്‍ന്ന്‌ നടന്ന അനുമോദന സമ്മേളനത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗം അജിത്‌ വട്ടശേരില്‍, ആലീസ്‌ തുകലില്‍, ബെനിതാ ഷാജി, ലൈസാ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബൈബിള്‍ പഠനം, ക്വയര്‍ ഉള്‍പ്പടെയുള്ള സംഗീത വിഭാഗത്തിന്റെ പരിശീലനത്തിനും ഇടവക മുന്തിയ പരിഗണന നല്‍കുന്നു. യുവജനങ്ങളുടെ നേതൃത്വത്തിലുള്ള സ്‌പോര്‍ട്‌സ്‌ ഡിവിഷന്‍ വിവിധ സമുദായങ്ങളെ കോര്‍ത്തിണക്കി സെന്റ്‌ ജോണ്‍സ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌, ക്രിക്കറ്റ്‌, ബേസ്‌ ബോള്‍ എന്നിവയുടെ മത്സരങ്ങളും നടത്തുന്നു.

നോര്‍ത്ത്‌ അമേരിക്കയില്‍ ആദ്യമായണ്‌ ഒരു മലയാളി ദേവാലയം പരസഹായം ഇല്ലാതെ ഇടവകാംഗങ്ങള്‍ ചേര്‍ന്ന്‌ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്‌. ഇടവകാംഗമായ കോണ്‍ട്രാക്‌ടര്‍ ജോജി ജേക്കബ്‌ കൂടാരത്തില്‍, ജോണ്‍ വര്‍ഗീസ്‌, ട്രസ്റ്റി ജോര്‍ജ്‌ വര്‍ഗീസ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പണി പൂര്‍ത്തിയായി വരുന്ന ദേവാലയത്തിന്‌ ആറായിരം ചതുരശ്ര അടിയുള്ള ഐക്കലാ, നാനൂറ്‌ സ്‌ക്വയര്‍ ഫീറ്റ്‌ ഉള്ള മദ്‌ബഹാ, അയ്യായിരം സ്‌ക്വയര്‍ ഫീറ്റുള്ള പാരീഷ്‌ ഹാള്‍, വിവിധ ഓഫീസുകള്‍, മൂന്നു പാര്‍ക്കിംഗ്‌ ലോട്ടുകള്‍, 1835-ല്‍ നിര്‍മ്മിച്ച 300 പൗണ്ട്‌ തൂക്കംവരുന്ന ഭീമന്‍ മണി, 150 വര്‍ഷങ്ങള്‍ക്കുമുമ്പത്തെ ഓയില്‍ പെയിന്റിംഗ്‌സ്‌ എന്നിവ പള്ളിയുടെ മാറ്റ്‌കൂട്ടും. പണി പൂര്‍ത്തിയായി കഴിയുമ്പോള്‍ ഇതിന്റെ ചുമതലക്കാര്‍ക്ക്‌ ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഇതിന്റെ സംവിധാനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ഇന്ന്‌ ലോകത്ത്‌ ലഭ്യമായ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ദേവാലയം മലങ്കര സഭയിലെ ഹൈടെക്‌ ദേവാലയമാണ്‌.

ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പുരുഷന്മാരോടൊപ്പം സ്‌ത്രീകളും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളും സജീവമായി പങ്കെടുത്തു പ്രവര്‍ത്തിച്ചുവരുന്നത്‌ പ്രത്യേകം എടുത്തുപറയേണ്ടതാണ്‌.

വികാരി റവ.ഫാ. ഡോ. വര്‍ഗീസ്‌ എം. ദാനിയേല്‍, ഭദ്രാസന കൗണ്‍സില്‍ അംഗം അജിത്‌ വട്ടശേരില്‍, തോമസ്‌ വര്‍ഗീസ്‌, വര്‍ഗീസ്‌ വര്‍ക്കി എന്നിവര്‍ ഒരു കുറവും വരാതെ അമേരിക്കന്‍ മണ്ണില്‍ പുതിയ ചരിത്രംകുറിച്ചുകൊണ്ട്‌ അടുത്തമാസം പണി പൂര്‍ത്തിയാക്കി ദേവലയത്തിന്റെ കൂദാശ നടത്താന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവരുന്നു. കൗണ്‍സില്‍ മെമ്പര്‍ അജിത്‌ വട്ടശേരില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.