You are Here : Home / USA News

സംഘാടകശക്തിയുടെ വിജയമാവര്‍ത്തിക്കാന്‍ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, October 30, 2013 03:42 hrs UTC

ന്യൂജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാം ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 1, 2, 3 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ അരങ്ങേറുമ്പോള്‍ അതു സംഘാടക കൂട്ടായ്മയുടെ മറ്റൊരു പൊന്‍ വിജയമായി അമേരിക്കന്‍ മലയാള മാധ്യമരംഗത്ത് നിലകൊള്ളും. അമേരിക്കയിലെയും കാനഡയിലെയും മലയാള മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദസമ്മേളനത്തിനു സോമര്‍ സെറ്റിലുള്ള ഹോളിഡേ ഇന്നിലാണ് തിരി തെളിയുക. കേരളത്തിലെയും, അമേരിക്കയിലെയും മാധ്യമ പ്രവര്‍ത്തകരും, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രസിഡന്റ് മാത്യു വര്‍ഗീസാണ് (ജോസ്, ഫ്‌ളോറിഡ).

മാധ്യമ പ്രവര്‍ത്തനത്തിലെ ആധുനിക പ്രവണതകളെ അവതരിപ്പിച്ചു കൊണ്ട് ഐക്യത്തിന്റെ പുതിയൊരു സമവാക്യം രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കോണ്‍ഫറന്‍സിന് തുടക്കമിട്ടത്. 2007 ല്‍ ന്യുയോര്‍ക്കിലായിരുന്നു ആദ്യ കോണ്‍ഫറന്‍സ്. പിന്നീട് 2008 ല്‍ ചിക്കാഗോയില്‍. മൂന്നാമത് കോണ്‍ഫറന്‍സ് ന്യുേജഴ്‌സിയില്‍ 2009 ല്‍ നടന്നു. 2011-ല്‍ നാലാമത് കോണ്‍ഫറന്‍സും ന്യൂജേഴ്‌സിയില്‍ നടന്നു. ന്യൂജേഴ്‌സിയില്‍ നിന്നും ഫ്‌ളോറിഡ കറങ്ങി, വീണ്ടും ന്യൂജേഴ്‌സിയില്‍ തന്നെ ദേശീയ മാധ്യമ കോണ്‍ഫറന്‍സ് വന്നു നില്‍ക്കുകയാണ്.

2011-ഒക്ടോബര്‍ വിട പറയുന്ന ദിവസം വിളിക്കാതെ എത്തിയ അതിഥിയായ ശക്തമായ മഞ്ഞ് വീഴ്ചയെ സാക്ഷിയാക്കി കൊണ്ട് പ്രസിഡന്റ് മാത്യു വര്‍ഗീസ് പറയുകയുണ്ടായി, 2013-ലെ കോണ്‍ഫറന്‍സ്- അതെവിടെ ആയാലും ഒരു വീഴ്ചയും കൂടാതെ എല്ലാവരെയും ഉള്‍പ്പെടുത്തി മാധ്യമപ്രതിബദ്ധതയോടു കൂടി തന്നെ നടത്തുമെന്ന്. ജോസും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഇപ്പോഴിതാ വാക്ക് പാലിക്കുകയാണ്. ശിശിരം ഇലകള്‍ കൊഴിച്ച് ന്യൂജേഴ്‌സിയുടെ പ്രകൃതിഭംഗിക്ക് മനോഹാരിത സമ്മാനിക്കുന്ന ഈ വേളയില്‍ ജോസിന്റെ വാക്കുകള്‍ അലകളായി കോണ്‍ഫറന്‍സ് തീരത്ത് അണയുകയാണ്. കൃത്യമാര്‍ന്ന വാക്കുകളുടെ തീജ്വാലയില്‍ ഒരു മഹാസമ്മേളനത്തിനു കൂടി അമേരിക്കയില്‍ അതിന്റെ അലകള്‍ ഇളകിതുടങ്ങിയിരിക്കുന്നു. സംഘാടക സമിതി ഓഫീസിന് ജീവന്‍ കൈവന്നു. അതിഥികള്‍ എത്തിത്തുടങ്ങി. ഇനി മാധ്യമ സൗഹൃദം നുരയുന്ന നിമിഷങ്ങള്‍.

ജോസിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ പരിചയിക്കുക എന്നതായിരുന്നു. പരിസമാപ്തിയിലേക്ക് കടക്കുന്ന കാലയളവിലെ ഇനിയുള്ള ചുരുക്കം ദിവസങ്ങള്‍ പരിചരിക്കുക എന്നതാണെന്ന് ജോസ് പറയുന്നു. ഏഷ്യാനെറ്റ് യുഎസ്എയുടെ ഓപ്പറേഷന്‍സ് മാനേജര്‍ എന്ന നിലയില്‍ തിളക്കമാര്‍ന്ന 10 വര്‍ഷങ്ങളുടെ പരിചയസമ്പത്തുമായാണ് ജോസ് ഇന്‍ഡ്യപ്രസ് ക്ലബ്ബിന്റെ അമരത്ത് എത്തുന്നത്. അതിനു മുന്‍പ് ഫ്‌ളോറിഡ ചാപ്റ്ററിന്റെ പ്രസിഡന്റായിരുന്നു. അവിഭക്ത ഫൊക്കാനയുടെ നാഷണല്‍ ട്രഷറര്‍, സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ സംഘടനയായ നവകേരള ആര്‍ട്‌സ് ക്ലബിന്റെ പ്രസിഡന്റ്, കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകന്‍, സൗമ്യന്‍, പ്രാസംഗികന്‍ എന്നീ നിലകളിലൊക്കെ പരിചയപ്പെടുത്തിയാണ് 2011-ല്‍ മുന്‍ പ്രസിഡന്റ് റെജി ജോര്‍ജ് നിലവിളക്ക് നല്‍കി ജോസിനെ അധ്യക്ഷസ്ഥാനത്തേക്ക് ആനയിച്ചത്.

മുടക്കുന്ന കാശിന് മാക്‌സിമം മൈലേജ് നല്‍കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന വ്യക്തി എന്നാണ് ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കരയെ കോണ്‍ഫറന്‍സ് മെഗാ സ്‌പോണ്‍സറായ ഒലീവ് ബില്‍ഡേഴ്‌സിന്റെ അമേരിക്കയിലെ മാര്‍ക്കറ്റിങ് മേധാവി വര്‍ഗീസ് കിക്കോഫ് സമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. പ്രസിഡന്റ് സെക്രട്ടറി ബന്ധത്തെ പാലും തേനുമെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. അശ്വമേധം ഓണ്‍ലൈന്‍ മീഡിയയുടെ എംഡി എന്ന നിലയില്‍, രാജു മൈലപ്രയുടെ അധീനയില്‍ ഉണ്ടായിരുന്ന അശ്വമേധം പ്രിന്റ് എഡീഷന് പുതിയ രൂപവും ഭാവവും നല്‍കിയാണ് മധു, വെബ്  മീഡിയ രംഗത്ത് തന്റെ വല നെയ്തത്. 1996 മുതല്‍ ഓള്‍ ഇന്ത്യ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അംഗം. ബിസിനസ് രംഗത്തും സജീവം. കൊട്ടാരക്കര കിംഗ്‌സ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. ടെലിവിഷന്‍ പയനിയര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍, ഫോമ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന അധ്യക്ഷന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത എന്നിവരൊക്കെ കിംഗ്‌സ് സ്ഥാപനങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
മാധ്യമപ്രവര്‍ത്തന രംഗത്ത് നിന്ന് തന്നെയാണ് ട്രഷറര്‍ സുനില്‍ തൈമറ്റം അമേരിക്കയിലെത്തുന്നത്. കേരളകൗമുദിയുടെ പാലക്കാട് ലേഖകനായിരുന്നു സുനില്‍. പത്രപ്രവര്‍ത്തനം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നതിനാല്‍ വന്നയുടനെ കേരള ന്യൂസ് മാസിക തുടങ്ങി. കാലത്തിന്റെ വിളി കേട്ടറിഞ്ഞയുടന്‍ അത് കേരള ന്യൂസ് ലൈവ് ആയി വെബ് മീഡിയയിലേക്ക് മാറി. ഇപ്പോഴതിന്റെ മാനേജിങ് എഡിറ്റര്‍. പ്രസ് ക്ലബ്ബ് ഫ്‌ളോറിഡ ചാപ്റ്റര്‍ സെക്രട്ടറിയായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ബിസിനസ്സ് രംഗത്തും സജീവം.

സാംസ്‌ക്കാരിക, സാമുദായിക രംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യമാണ് വൈസ് പ്രസിഡന്റായ ജോബി ജോര്‍ജിന്റേത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്നും കമാന്‍ഡര്‍ പദവി ലഭിച്ചിട്ടുണ്ട്. മലയാളംപത്രം കറസ്‌പോണ്ടന്റ്, കൈരളി ടിവി ബ്യൂറോ ചീഫ്, മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദി സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയില്‍ വിവിധ അല്‍മായ പദവികള്‍ എന്നിവയൊക്കെ വഹിക്കുന്നു.

അമേരിക്കയിലെ മുഖ്യധാര മാധ്യമരംഗത്ത് തിളങ്ങുന്ന വ്യക്തിത്വമാണ് ജോയിന്റ് സെക്രട്ടറി ജോര്‍ജ് ചിറയിലിന്റേത്. ലാസ് വെഗാസ് റിവ്യു ജേര്‍ണലിന്റെ സര്‍ക്കുലേഷന്‍ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിക്കുന്നു. പത്രത്തിന്റെ സര്‍ക്കുലേഷന്‍, സെയില്‍സ്, ഓഡിയന്‍സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിവയൊക്കെയാണ് കര്‍മ്മ മേഖല. റിവ്യു ജേര്‍ണല്‍ പബ്ലീഷര്‍ ബോബ് ബ്രൗണിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ചുരുക്കം ഉദ്യോഗസ്ഥരില്‍ ഒരാള്‍. ഈ ലാവണത്തിനു മുന്‍പ് ഓക്‌ലഹോമന്‍, ലോറന്‍സ് ജേര്‍ണല്‍, ഡെസ് മോയിന്‍സിലുള്ള ഗാനറ്റ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസിലും മാതൃഭൂമിയിലും പ്രവര്‍ത്തിച്ച മികവുമായാണ് അമേരിക്കയിലെത്തിയത്.
ജീവനുള്ള മാധ്യമമാണ് ഭാഷ. അതില്‍ നിന്ന് ജൈവാംശം ഉള്‍ക്കൊള്ളുമ്പോഴാണ് വ്യക്തിയുടെ ആത്മാവിഷ്‌ക്കാരവും പ്രസ്ഥാനത്തിന്റെ പ്രതിബദ്ധതയും വ്യക്തവും ആരോഗ്യകരവും ആവുന്നത്. ഭാഷാ സൗഹൃദലും ആശയമൈത്രിയും, മാധ്യമ പ്രതിബദ്ധതും സമ്മേളിക്കുന്ന ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് ഹോളിഡേ ഇന്നില്‍ ഇനിയുള്ള ദിവസങ്ങള്‍ കാണാനും കേള്‍ക്കാനും പോകുന്നതും മറ്റൊന്നല്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞു കേള്‍പ്പിക്കണോ?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.