You are Here : Home / USA News

അമേരിക്കന്‍ തിയേറ്ററുകളില്‍ നിന്ന് സന്‍ജു 2.7 മില്യന്‍ ഡോളര്‍ നേടി

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, July 05, 2018 11:44 hrs UTC

കഴിഞ്ഞ വാരാന്ത്യത്തില്‍ അമേരിക്കയില്‍ ഏറ്റവുമധികം കളക്ട് ചെയ്ത ചിത്രങ്ങളുടെ പട്ടികയില്‍ ഹിന്ദി ചിത്രം സന്‍ജുവും ഇടം നേടി. വെറും 356 സ്‌ക്രീനു (തിയേറ്റര്‍)കളില്‍ മാത്രം പ്രദര്‍ശനം നടത്തിയാണ് ചിത്രം ഇത്രയും വലിയ സാമ്പത്തിക വിജയം നേടിയതെന്ന് ഹോളിവുഡ് വൃത്തങ്ങള്‍ പറഞ്ഞു. ബയോപിക്കുകള്‍ ഇപ്പോള്‍ ബോളിവുഡില്‍ ധാരാളം നിര്‍മ്മിക്കപ്പെടുന്നുണ്ട്. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം. എസ്. ധോണിയെകുറിച്ചു നിര്‍മ്മിച്ച ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിന് ഒരു രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍. ആദ്യ ഭാഗത്തിലെ നായകന്‍ തന്നെയാവും രണ്ടാം ഭാഗത്തിലും ധോണിയെ അവതരിപ്പിക്കുക. ജീവചരിത്ര പ്രധാനമായ ചിത്രങ്ങള്‍ ഏറെയും പരാജയമായ ചരിത്രമാണുള്ളത്. എന്നാല്‍ സന്‍ജു 200 കോടി രൂപ ക്ലബില്‍ അടുത്ത ദിനങ്ങളില്‍ ചേരും എന്നാണു റിപ്പോര്‍ട്ട്.

 

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായിരുന്ന നര്‍ഗീസ് - സുനില്‍ ദത്ത് ദമ്പതിമാരുടെ പുത്രനും നടനും താരവുമായി മാറിയ സന്‍ജയ് ദത്തിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളാണ് ചിത്രം വിവരിക്കുന്നത്. 1978 - 79 കാലത്ത് ഒരു കനേഡിയന്‍ ഫിലിം കമ്പനി ബോളിവുഡിനെ കുറിച്ചൊരു ഡോക്യുമെന്ററി നിര്‍മ്മിച്ചു. ദത്ത് ദമ്പതിമാരുമായി അഭിമുഖം നടത്തുന്ന രണ്ട് പത്രപ്രവര്‍ത്തകരായി ഫിറോസ് റംഗൂണ്‍ വാലയും പങ്കെടുത്തു. അന്നാണ് ഞാന്‍ സന്‍ജുവിനെ ആദ്യമായി കണ്ടത്. മെലിഞ്ഞ് നീണ്ട ഒരു ചെറുപ്പക്കാരന്‍ മുറ്റത്ത് ഉലാത്തിയിരുന്നു. അത് മകന്‍ സന്‍ജയ് ആണെന്നും വില്‍സണ്‍ കോളേജില്‍ പഠിക്കുകയാണെന്നും നര്‍ഗീസ് പറഞ്ഞു. പിന്നീട് സന്‍ജുവിന്റെ ആദ്യ ചിത്രം റോക്കിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ചിത്രത്തില്‍ സന്‍ജു സമ്മതിക്കുന്നതുപോലെ പഠനം പൂര്‍ത്തിയാക്കാതെ സിനിമാഭിനയത്തിലേയ്ക്ക് തിരിഞ്ഞു. റോക്കി റിലീസാവുന്നതിന് ഏതാനും ദിവസം മുന്‍പ് നര്‍ഗീസ് കാന്‍സര്‍ മൂലം മരിച്ചു. ഇതിനകം മയക്കു മരുന്നിന് അടിമയായി മാറിയ സന്‍ജുവിന്റെ ആദ്യ ചിത്രം പരാജയമാകാതിരിക്കാന്‍ പ്രധാനകാരണം സിനിമാ പ്രേമികള്‍ക്ക് ദത്ത് കുടുംബത്തോട് ഉണ്ടായിരുന്ന സ്‌നേഹവും ആരാധനയും ആയിരുന്നു. തുടര്‍ന്ന് കുറെയധികം ഫ്‌ലോപ്പുകളും ലഹരി വിമുക്ത ചികിത്സകളും കഴിഞ്ഞു സിനിമയില്‍ തിരിച്ചെത്തിയപ്പോള്‍ ചില വന്‍ വിജയങ്ങളുമായി സന്‍ജു വലിയ താരമായി മാറി.

 

1993 ല്‍ നടന്ന ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ഘാട് കോപ്പര്‍ സ്‌ഫോടന പരമ്പരയില്‍ സന്‍ജയ് ഒരു പ്രതിയായപ്പോള്‍ അയാള്‍ക്ക് ഏകാന്ത ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. സന്‍ജുവിന്റെ കൈവശം തോക്കുകള്‍ ഉണ്ടായിരുന്നതായും ദത്തിന്റെ വീടിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ആര്‍ഡിഎക്‌സ് ഉണ്ടായിരുന്നതായും ആരോപിക്കപ്പെട്ടു. കേന്ദ്രത്തില്‍ ഭരണം കയ്യാളിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാനിക്കപ്പെട്ടിരുന്ന സുനില്‍ ദത്തിന് മകന് ജാമ്യം നേടി കൊടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബോംബെയിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയായ ശിവസേന ഇടപെട്ടാണ് സന്‍ജുവിന് ജാമ്യം ലഭിച്ചത് എന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ സന്‍ജുവിന് വീണ്ടും വിജയം നേടിയവയും പരാജയപ്പെട്ടവയു മായി ചിത്രങ്ങള്‍ ഉണ്ടായി. എന്നാല്‍ ഒരു നടനായി അംഗീകരിക്കപ്പെട്ടത് വിധു ചോപ്ര- രാജ് കുമാര്‍ ഹിരാനി- അഭിജാത് ജോഷി കൂട്ടുകെട്ടിന്റെ മുന്നാഭായ് എംബിബിഎസിന് ശേഷമാണ്. സന്‍ജുവിന്റെ പിതാവായി സുനില്‍ വേഷമിട്ടു ഇതായിരുന്നു സുനിലിന്റെ അവസാന ചിത്രം. ചിത്രം വലിയ സാമ്പത്തിക വിജയമായി. ഇതേ ടീം ലഗേ രഹോ മുന്നാഭായ് 200 കോടി രൂപയിലധികം കളക്ട് ചെയ്തു വിജയം ആവര്‍ത്തിച്ചു. സന്‍ജുവിന് 5 വര്‍ഷം തടവ് ശിക്ഷ നല്‍കിയ സുപ്രീം കോടതി വിധിയില്‍ ആര്‍ഡിഎക്‌സിനെ കുറിച്ച് പരാമര്‍ശം ഉണ്ടായി. ഏതോ മാധ്യമ പ്രവര്‍ത്തകന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞതാണ് ഈ കഥ എന്ന് സ്ഥാപിച്ച് ചിത്രം അവസാനിക്കുന്നു. താന്‍ ചില കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഒരിക്കലും ഒരു തീവ്രവാദി ആയിരുന്നിട്ടില്ല എന്നു സന്‍ജു പല തവണ ആവര്‍ത്തിക്കുന്നുണ്ട്. രാജ്കുമാര്‍ ഹിരാനിയും അഭിജാത് ജോഷിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. സന്‍ജുവിന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ പൂര്‍ണമായും വിസ്മരിച്ചിട്ടുണ്ട്. റിച്ചാ ശര്‍മ്മയുമായുള്ള പ്രണയം, വിവാഹം, അതിലുണ്ടായ അമേരിക്കയില്‍ വളരുന്ന മകള്‍, പിന്നെയുള്ള പ്രണയങ്ങള്‍ - ഇവയില്‍ വിവാഹത്തിനടുത്തെത്തിയവ തുടങ്ങിയതിനൊന്നും തിരക്കഥയില്‍ സ്ഥാനമില്ല. ഇപ്പോഴത്തെ ഭാര്യ മാന്യതയും രണ്ട് മക്കളും മാത്രമാണ് കഥയിലുള്ളത്. രണ്ട് സഹോദരിമാര്‍ നമ്രതയും പ്രിയയും രണ്ടോ മൂന്നോ രംഗങ്ങളില്‍ മാത്രമാണ് ഉള്ളത്. തിരക്കഥാകൃത്തുക്കള്‍ സ്വതന്ത്രരായി പെരുമാറി എന്ന് അനുമാനിക്കാം. ഹൃദയ ദ്രവീകരണ ശക്തിയുള്ള രംഗങ്ങളും അവ തന്മയത്വമായി അവതരിപ്പിക്കുവാനും രാജ് കുമാര്‍, അഭിജാത് ടീമിന്റെ കഴിവ് ഈ ചിത്രത്തിലും ശ്ലാഘനീയമായി തുടരുന്നു. സംഭാഷണവും ഓരോ രംഗത്തിന്റെയും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നിട്ടുണ്ട്. സന്‍ജുവായി രണ്‍ധീര്‍ കപൂറിന്റെ പ്രകടനം പ്രശംസനീയമാണ്. അപൂര്‍വം ചില രംഗങ്ങളില്‍ സന്ദര്‍ഭം മനസിലാക്കുവാന്‍ ശ്രദ്ധിച്ചില്ല എന്ന അപാകത മാത്രം ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. റോക്കിയുടെ ചിത്രീകരണ രംഗത്ത് ഇരുത്തം വന്ന നടനെ പോലെയാണ്. വര്‍ഷങ്ങള്‍ക്കുശേഷം വിധാതായില്‍ പോലും സന്‍ജുവിന്റെ അഭിനയവും ഡയലോഗ് ഡെലിവറിയും മോശമാണ് എന്നു നിരൂപകര്‍ എഴുതിയിട്ടുണ്ട്. സന്‍ജു കണ്ടെത്തിയ നടന്‍ വിക്കി കൗശല്‍ ആണ്. സന്‍ജുവിന്റെ സുഹൃത്തായി അവിശ്വസനീയ പ്രകടനം കാഴ്ച വച്ച ഈ നടന്‍ വലിയ പ്രതീക്ഷ ഉയര്‍ത്തുന്നു. സുനില്‍ ദത്തിനെ അവതരിപ്പിക്കുവാന്‍ പരേഷ് റാവല്‍ നന്നായി പരിശ്രമിച്ചു വെങ്കിലും വിജയിച്ചില്ല. സുനിലിന്റെ വ്യക്തി പ്രഭാവത്തിന് അടുത്തെങ്ങും എത്താന്‍ പരേഷിന് കഴിഞ്ഞില്ല. ദിയാ മിക്‌സയാണ് മാന്യത. ഇവരും വിന്നീ ഡയസായി പ്രത്യക്ഷപ്പെടുന്ന അനുഷ്‌ക ശര്‍മ്മയും ഒപ്പിച്ചു മാറ്റി. ബൊമന്‍ ഇറാനി, സോണം കപൂര്‍, ജിം സര്‍ബ്, കരിഷ്മ ടന്ന, ടബു തുടങ്ങി അപ്രധാന കഥാപാത്രങ്ങളായി ഒരു വലിയ താരനിരയുണ്ട്. പഴയ സുഹൃത്ത് അന്‍ജാന്‍ ശ്രീവാസ്തവയെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവായും കണ്ടു. ജീവചരിത്ര പ്രധാനമായ ചിത്രങ്ങളുടെ പരിമിതികള്‍ ഏറെയും പ്രതീക്ഷകള്‍ അന്തമില്ലാത്തതുമാണ്. ഇതായിരിക്കാം വിധുവിനെയും രാജ് കുമാറിനെയും അഭിജാതിനെയും ജീവിത കഥയിലെ പ്രധാനപ്പെട്ടതും ഏവരും ആകാംക്ഷ യോടെ കാത്തിരിക്കുന്നതുമായ സന്ദര്‍ഭങ്ങള്‍ മാത്രം പറയുവാന്‍ പ്രേരിപ്പിച്ചത്. സന്‍ജുവിന്റെ ജീവിതത്തില്‍ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കുന്നതിന് ഈ ടീമിന് കഴിഞ്ഞു. സന്‍ജുവിനെ ഒരു താരമായും സാധാരണ മനുഷ്യനായും കാണുന്ന വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഏവരും ഒന്നുപോലെ ചിത്രം സ്വീകരിച്ചു എന്നാണ് ബോക്‌സ് ഓഫിസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.