You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രൗഢഗംഭീരമായ ദുഖ്‌റാന തിരുനാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 13, 2013 02:59 hrs UTC

ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്‌തോലനും ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുഖ്‌റാന തിരുനാള്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടും വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടുംകൂടി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ജൂണ്‍ 30-ന് ഞായറാഴ്ച പതാക ഉയര്‍ത്തിയതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാളിന് തുടക്കംകുറിച്ചു. ഇതോടനുബന്ധിച്ച് നടത്തപ്പെട്ട തിരുകര്‍മ്മങ്ങള്‍ക്ക് രുപതാ വികാരി ജനറാള്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ജൂലൈ 1-ന് തിങ്കളാഴ്ചയും, 2-ന് ചൊവ്വാഴ്ചയും രാവിലെയും വൈകിട്ടും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരുന്നു. ജൂലൈ 3-ന് ബുധനാഴ്ച ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടേയും, അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റേയും പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു. അന്നത്തെ കര്‍മ്മാദികള്‍ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു.

 

ജൂലൈ നാലിന് വ്യാഴാഴ്ച രാവിലെയും വൈകിട്ടും വി. കുര്‍ബാനയും മറ്റ് തിരുകര്‍മ്മങ്ങളും ഉണ്ടായിരുന്നു. ജൂലൈ 5-ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് സീറോ മലബാര്‍ നൈറ്റ് നടത്തപ്പെട്ടു. ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ രുപതാ പ്രൊക്യുറേറ്റര്‍ റവ.ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും റവ. ഫാ. തോമസ് വാതപ്പള്ളി തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. വൈകിട്ട് 7 മണിക്ക് സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറി. ജൂലൈ 6-ന് ശനിയാഴ്ച വൈകുന്നേരം 4.30-ന് നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ റവ.ഫാ. ടോം പന്നലക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് തിരുനാള്‍ സന്ദേശം നല്‍കി. വൈകിട്ട് 7 മണിക്ക് വിവിധ കലാപരിപാടികളോടെ തിരുനാള്‍ നൈറ്റ് അരങ്ങേറി. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 7-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. ആഘോഷമായി നടത്തപ്പെട്ട തിരുനാള്‍ റാസ കുര്‍ബാനയില്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജോയി ആലപ്പാട്ട്, റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ഡോ. തോമസ് കളം സി.എം.ഐ, ഫാ. ജോര്‍ജ് നങ്ങച്ചിവീട്ടില്‍, ഫാ. ജോയി പുതുശേരില്‍ സി.എം.ഐ, ഫാ. ബഞ്ചമിന്‍ ചിന്നപ്പന്‍, ഫാ. പ്രദീപ്, ഫാ. ജോസ് എലുവത്തിങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. റവ.ഡോ. തോമസ് കളം സി.എം.ഐ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, അടിമ സമര്‍പ്പണം, തിരുശേഷിപ്പ് വണക്കം തുടങ്ങിയ കര്‍മ്മാദികള്‍ നടത്തപ്പെട്ടു.

 

6.30-ന് പ്രൗഢഗംഭീരവും വര്‍ണ്ണാഭവുമായ പ്രദക്ഷിണം ആരംഭിച്ചു. പരമ്പരാഗത കേരളത്തനിമയില്‍ 18-ലധികം വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങള്‍ തോളില്‍ വഹിച്ച്, വിവിധ ചെണ്ടമേള ഗ്രൂപ്പുകള്‍, വാദ്യമേളം, ബാന്റ് സെറ്റ്, നൂറുകണക്കിന് മുത്തുക്കുടകള്‍, കൊടികള്‍ എന്നിവയുടെ അകമ്പടിയോടെ, കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിരതരായി ഒരു മൈല്‍ ദൂരം വരുന്ന നഗരവീഥിയിലൂടെ പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ പ്രദക്ഷിണം തങ്ങളുടെ നാട്ടിന്‍പുറങ്ങളിലെ ദേവാലയങ്ങളില്‍ നടന്നിരുന്ന തിരുനാള്‍ ആഘോഷങ്ങളുടെ മധുരിക്കുന്ന പൂര്‍വ്വകാല സ്മരണകള്‍ ഓരോരുത്തരിലും ജനിപ്പിച്ചു. നഗരവീഥികളുടെ ഇരുവശവും നിന്നിരുന്ന തദ്ദേശവാസികള്‍ക്ക് ഇതൊരു നവ്യാനുഭവമായിരുന്നു. തിരുനാളിന്റെ ആരംഭം മുതല്‍ നടന്ന എല്ലാ തിരുകര്‍മ്മങ്ങളിലും അഭിവന്ദ്യ അങ്ങാടിയത്ത് പിതാവും, വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ക്കു പുറമെ വികാരി ജനറാള്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍, ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രൊക്യുറേറ്റര്‍ റവ.ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, റവ.ഡോ. തോമസ് കളം സി.എം.ഐ, റവ.ഫാ. ടോം പന്നലക്കുന്നേല്‍, റവ.ഫാ. തോമസ് വാതപ്പള്ളി, റവ.ഫാ. ജോയി പുതുശേരില്‍ സി.എം.ഐ, റവ.ഫാ. ബഞ്ചമിന്‍ ചിന്നപ്പന്‍, റവ.ഫാ. പ്രദീപ്, റവ.ഫാ. സ്റ്റീഫന്‍ ജോസഫ്, റവ.ഫാ. ജോര്‍ജ് നങ്ങച്ചിവീട്ടില്‍, റവഫാ. ഷാജി പഴുക്കത്തറ, റവ.ഫാ. ജോസ് എലുവത്തിങ്കല്‍ എന്നീ വൈദീകരും കാര്‍മ്മികരായിരുന്നു. പ്രഗത്ഭരായ ഗായകരും, പിന്നണി ഗായകരും അണിനിരന്ന കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ തിരുകര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.

 

കുഞ്ഞുമോന്‍ ഇല്ലിക്കലാണ് ഗായകസംഘത്തിന് നേതൃത്വം നല്‍കിയത്. കേരളത്തനിമയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി പത്തുമില്യന്‍ ഡോളര്‍ ചെലവു ചെയ്ത് നിര്‍മ്മിച്ച കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ മഹാമഹത്തിന്റെ വിജയത്തിനു സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് മറ്റ് ഇടവകകളില്‍ നിന്നും സ്റ്റേറ്റുകളില്‍ നിന്നും വന്ന എല്ലാവര്‍ക്കും വികാരി ഫാ. ജോയി ആലപ്പാട്ട് പ്രത്യേകം നന്ദി പറഞ്ഞു. ഇടവകയിലെ 13 വാര്‍ഡുകളിലൊന്നായ ഡെസ്‌പ്ലെയിന്‍സ് (സെന്റ് മാത്യൂസ്) വാര്‍ഡാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. ബിജി സി. മാണി ചാലിക്കോട്ടയില്‍ (ജനറല്‍ കോര്‍ഡിനേറ്ററ്) ബ്രിജിറ്റ് ജോര്‍ജ്, നിഷാ മാണി, സന്തോഷ് കാട്ടൂക്കാരന്‍, സജി മണ്ണഞ്ചേരി എന്നിവരാണ് വാര്‍ഡ് പ്രതിനിധികളായി നേതൃത്വം നല്കിയത്. വികാരി ഫാ. ജോയി ആലപ്പാട്ട്, അസി. വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൈക്കാരന്മാരായ മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട്, ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, ഇടവകാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ബഹു. സിസ്റ്റേഴ്‌സ്, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസുകുട്ടി നടയ്ക്കപ്പാടം, ജോസ് കടവില്‍, ജോണ്‍ വര്‍ഗീസ് തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വാര്‍ഡ് ഭാരവാഹികള്‍, സണ്‍ഡേ സ്കൂള്‍, മലയാളം സ്കൂള്‍ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, കള്‍ച്ചറല്‍ അക്കാഡമി ഭാരവാഹികള്‍ എന്നിവര്‍ തിരുനാള്‍ മോടിയാക്കുവാന്‍ പ്രവര്‍ത്തിച്ചു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച പങ്കെടുത്ത അയ്യായിരത്തില്‍പ്പരം ആളുകള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുവാന്‍ ഫുഡ് കമ്മിറ്റി കോര്‍ഡിനേറ്റേഴ്‌സായ ജോയി വട്ടത്തില്‍, ജോര്‍ജുകുട്ടി തെങ്ങുംമൂട്ടില്‍, റോയി ചാവടിയില്‍, ജോസ് ചാമക്കാല, ജോയി ചക്കാലയ്ക്കല്‍, സാലിച്ചന്‍, ജോസ് പവ്വത്തില്‍, വിജയന്‍, കുഞ്ഞമ്മ കടമപ്പുഴ, ജോസ് ഈരൂരിക്കല്‍, മോനിച്ചന്‍ എന്നിവര്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചത്. മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായ കരിമരുന്ന് കലാപ്രകടനത്തോടെ (വെടിക്കെട്ട്) അന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ സമാപിച്ചു. ജൂലൈ 14-ന് ഞായറാഴ്ച രാവിലെ 11 മണിക്ക് റവ.ഡോ. ഏബ്രഹാം വെട്ടുവേലി എം.എസ്.എഫ്.എസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിക്കുശേഷം തിരുനാള്‍ പതാക ഇറക്കുന്നതോടുകൂടി വി. തോമാശ്ശീഹായുടെ ദുഖ്‌റാന തിരുനാള്‍ സമാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.