ന്യൂയോര്‍ക്ക് : ഫാമിലി കോണ്‍ഫറന്‍സ് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കപ്പുറം. ഒരുക്കങ്ങള്‍ തകൃതിയില്‍. ഊണും ഉറക്കവുമില്ലാതെ ഒരു കൂട്ടര്. നിരവധി കമ്മിറ്റികളുള്ളതില് ഓരോന്നിനും ഓരോ ദിവസം വെച്ച് ടെലികോണ്‍ഫറന്‍സുകള്‍. എല്ലാവര്ക്കും ഒരേ ലക്ഷ്യം മാത്രം. മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് വിജയത്തിലെത്തിക്കുക, വ്യക്തി ജീവിതങ്ങളില്‍ ആത്മീയ തേജസ് വര്‍ദ്ധിപ്പിക്കുക.
കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചുള്ള ഘോഷയാത്ര ജൂലൈ 16 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്റ് കണ്വന്ഷന് സെന്ററിന്റെ അങ്കണത്തില്‍ ആരംഭിക്കുമെന്ന് ഈ 21 അംഗ കമ്മറ്റിയുടെ കോ-ഓര്‍ഡിനേറ്റര്‍ ആയ അജിത് വട്ടശ്ശേരില്‍ അറിയിച്ചു.
ഫാമിലി കോണ്‍ഫറന്‍സ് ബാനറിന് പിന്നില്‍ സഭാ പതാകയും, അമേരിക്കന്‍ പതാകയും, ഇന്‍ഡ്യന്‍ പതാകയുമേന്തി കോണ്‍ഫറന്‍സ് ഭാരവാഹികളും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും അണി നിരക്കും. സണ്ഡേസ്ക്കൂള് കുട്ടികളാണ് അവര്‍ക്ക് പിന്നില്‍. നൂറില്‍പ്പരം മുത്തുക്കുടകള്‍ക്ക് പുറകിലായി പ്രത്യേകമായ ഡ്രസ് കോഡുകള്‍ക്കനുസൃതമായി സ്ത്രീകള്‍ അണി നിരക്കും. തോമസ് ഉമ്മ(ഷിബു)ന്റെ നേതൃത്വത്തിലുള്ള 27 അംഗ ശിങ്കാരി മേളമാണ് അടുത്തത്. അവര്‍ക്ക് പുറകിലായി പുരുഷന്മാര്, ശെമ്മാശന്മാര്, വൈദീകര്‍, കോര്‍ എപ്പിസ്ക്കോപ്പാമാര്‍ എന്നീ ക്രമത്തില്‍ നീങ്ങും. ഏറ്റവും പുറകിലായി വിശിഷ്ടാതിഥികളോടൊപ്പം ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസും.
പുരുഷന്മാര് കറുത്ത പാന്റ്സും, വെള്ള ഷര്‍ട്ടും, ചുവന്ന ടൈയുമാണ് ഘോഷയാത്രക്ക് ധരിക്കേണ്ടതെന്ന് കോ-ഓര്‍ഡിനേറ്റര്‍ അജിത് വട്ടശേരില്‍ അറിയിച്ചു.
ഘോഷയാത്ര സമ്മേളന വേദിയില്‍ എത്തിയശേഷം നമസ്കാരവും, ഉദ്ഘാടന സമ്മേളനവും. പ്രശസ്ത ഗായകരായ ബിജോയി ചാക്കോയും ജോജോ വയലിലും തുടര്‍ന്ന് ഗാനങ്ങള്‍ ആലപിക്കും.
Comments