You are Here : Home / USA News

പാട്രിക്കിന്റെ സമര്‍പ്പണ ജീവിതത്തിന്‌ അംഗീകാരമായി പാട്രിക്ക്‌ മിഷന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, June 06, 2014 07:36 hrs UTCഒക്കലഹോമ: ഒരു പരുഷായുസ്സില്‍ പോലും ചെയ്‌തുതീര്‍ക്കുവാന്‍ അസാധ്യമെന്ന്‌ തോന്നുന്ന ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ വെറു ഇരുപത്താറുവര്‍ഷം കൊണ്ട്‌ പൂര്‍ത്തീകരിച്ചു ഐഹീക ജീവിതത്തോടു വിടപറഞ്ഞ പാട്രിക്ക്‌ മരുതുംമൂട്ടിലിന്റെ സമര്‍പ്പണ ജീവിതം യുവാക്കള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശകമാണെന്ന ദീര്‍ഘവീക്ഷണത്തോടെ നോര്‍ത്ത്‌ അമേരിക്കായൂറോപ്പ്‌ മാര്‍ത്തോമാ ഭദ്രാസനം രൂപം നല്‍കിയ പാട്രിക്ക്‌ മിഷന്‍ പ്രോജക്ട്‌ സൗത്ത്‌ വെസ്റ്റ്‌ റീജയണ്‍ ആക്ടിവിറ്റീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുന്നു.

2013 ല്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഭദ്രാസനത്തിലുടനീളം അരങ്ങേറുമ്പോള്‍, മാര്‍ത്തോമാ സഭാവിശ്വാസികളെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തിയ സംഭവമായിരുന്നു 2013 ജൂണ്‍ 4ന്‌ പാട്രിക്ക്‌ മരുതുംമൂട്ടിലിന്റെ അകാല നിര്യാണം.

ഒക്കലഹോമ നാറ്റീവ്‌ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ആവശ്യങ്ങള്‍ക്കായി കൂട്ടുക്കാരുമൊത്ത്‌ കാറില്‍ സഞ്ചരിക്കവെ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ്‌ പാട്രിക്കിന്റെ താല്‌ക്കാലിക ജീവിതത്തിന്‌ തിരശ്ശീലവീണത്‌.
മരുതുമൂട്ടില്‍ ചെറിയാന്‍ ഉമ്മന്റേയും, ജെസ്സി ഉമ്മന്റേയും ഏക മകനായ പാട്രിക്ക്‌ ഉപരിപഠനാര്‍ത്ഥം 2004 ല്‍ ഡാളസ്സില്‍ എത്തിചേര്‍ന്നു. പഠിപ്പില്‍ സമര്‍ത്ഥനായിരുന്ന പാട്രിക്ക്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സസ്സില്‍ നിന്നും ഇലക്ട്രിക്ക്‌ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി.

മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രതിഫലേച്ഛ കൂടാതെ അവരെ സഹായിക്കുന്നതിന്‌ പാട്രിക്ക്‌ എന്നും മുന്‍പന്തിയിലായിരുന്നു. ഡാളസ്‌ ഫോര്‍ട്ട്‌ വത്തില്‍ മാത്രമല്ല അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. െ്രെകസ്‌തവ മൂല്യങ്ങള്‍ കര്‍മ്മപദത്തിലൂടെ പുതിയതലമുറയ്‌ക്ക്‌ പകര്‍ന്നു നല്‍കുന്നതിനും, സംഗീതത്തിന്റേയും, സംഗീതോപകരണങ്ങളുടെയും മാസ്‌മര ശക്തിയില്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനും, ജന്മസിദ്ധമായി പാട്രിക്കിന്‌ ലഭിച്ച കഴിവുകള്‍ അവര്‍ണ്ണനീയം തന്നെയായിരുന്നു.

ഡാളസ്‌ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ ദേവാലയത്തില്‍ നടന്ന പാട്രിക്കിന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിന്‌ മാര്‍ത്തോമാ മെത്രാപോലീത്തായും, ഭദ്രാസന എപ്പിസ്‌ക്കോപ്പായും, ജൂബിലി ആഘോഷങ്ങള്‍ ഒഴിവാക്കി ഡാളസ്സില്‍ ക്യാമ്പ്‌ ചെയ്‌തു എന്നുള്ളത്‌ പാട്രിക്കിന്റെ സേവനങ്ങളെ മാര്‍ത്തോമാ സഭ എത്രമാത്രം വിലമതിച്ചിരുന്നു എന്നതിന്‌ ഉത്തമ ഉദാഹരണം തന്നെയാണ്‌.

ഭദ്രാസന സില്‍വര്‍ ജൂബിലി പ്രോജക്‌റ്റുകളില്‍ പാട്രിക്ക്‌ മിഷന്‍ പ്രോജക്‌റ്റിന്‌ പ്രഥമ സ്ഥാനമാണ്‌ നല്‍കിയിട്ടുള്ളത്‌.

2013 നവംബര്‍ 3ന്‌ ന്യൂയോര്‍ക്കില്‍ നടന്ന സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ പ്രോജക്ടിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായുള്ള ഫണ്ടിലേക്ക്‌ 1000 ഡോളര്‍ സംഭാവന നല്‍കി. അഭിവന്ദ്യ മെത്രാപോലീത്തയാണ്‌ ഔദ്യോഗീക ഉല്‍ഘാടനം നിര്‍വ്വഹിച്ചത്‌. ഭദ്രാസന എപ്പിസ്‌ക്കോപ്പാ രചിച്ച പുസ്‌തക വില്‌പനയില്‍ നിന്നും ലഭിക്കുന്ന തുക സംഭാവന നല്‍കുമെന്നുള്ള എപ്പിസ്‌ക്കോപ്പായുടെ പ്രഖ്യാപനം കരഘോഷത്തോടെയാണ്‌ സദസ്യര്‍ സ്വീകരിച്ചത്‌. അതേ സദസ്സില്‍ വച്ചു അലഭാമ സണ്ടെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ 500 ഡോളര്‍ സംഭാവന നല്‍കി പാട്രിക്ക്‌ മിഷനോടുള്ള അനുഭാവം പ്രകടിപ്പിക്കുകയും ചെയ്‌തു.

300,000 ഡോളര്‍ ചിലവഴിച്ചു 3000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തില്‍ 50ല്‍ പരം പേര്‍ക്ക്‌ താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കമ്പര്‍ലാന്റ്‌ പ്രിസ്‌ബിറ്റീരിയിന്‍ ചര്‍ച്ച്‌ തൊണ്ണൂറ്റി ഒമ്പത്‌ വര്‍ഷത്തേക്ക്‌ ലീസായി നല്‍കുന്ന 4 ഏക്കര്‍ സ്ഥലത്ത്‌ നിര്‍മ്മിക്കുന്നതിനാണ്‌ പാട്രിക്ക്‌ മിഷ്യന്‍ ലക്ഷ്യമിട്ടിരുന്നത്‌.

ഭദ്രാസന സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ ഊര്‍ജ്ജിതപ്പെടുത്തിയ മെക്‌സിക്കോ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, മെക്‌സിക്കോയില്‍ ആദ്യമായി നിര്‍മ്മിച്ച മാര്‍ത്തോമാ ദേവാലയം, പാട്രിക്ക്‌മിഷന്‍ എന്നിവ ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ദീര്‍ഘവീക്ഷണത്തിന്റെ നിദര്‍ശകങ്ങളാണ്‌. പാട്രിക്കിന്റെ ഒന്നാമത്‌ ചരമവാര്‍ഷീക ദിനമായ ജൂണ്‍ 4ന്‌ പാട്രിക്ക്‌ മിഷന്‍ പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന സമുച്ചയത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കണമെന്നതായിരുന്നു പ്രാരംഭ ലക്ഷ്യം. ലക്ഷ്യം നിറവേറ്റുന്നതിന്‌ ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടുവെങ്കിലും, ഭദ്രാസനത്തിലെ സഭാവിശ്വാസികളുടെ പ്രതീക്ഷ എത്രയും വേഗം സഫലീകൃതമാകുന്നതിനുള്ള നടപടികള്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പായും പുതിയതായി ഭരണ സാരഥ്യമേറ്റെടുത്ത ഭദ്രാസന കൗണ്‍സിലും സ്വീകരിക്കുക തന്നെ ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.