You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ദേവാലയം സഭക്ക്‌ അഭിമാനം: ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 06, 2014 07:30 hrs UTC


    

ന്യൂയോര്‍ക്ക്‌ : ന്യൂയോര്‍ക്ക്‌ മഹാനഗരത്തിന്റെ ഭാഗമായ പ്രശാന്തസുന്ദരമായ സ്റ്റാറ്റന്‍ ഐലന്റ്‌ ബോറോയില്‍ മൂന്നു പതിറ്റാണ്ടിലേറെയായി ആത്മീയ ചൈതന്യ പ്രഭ ചൊരിയുന്ന സ്റ്റാറ്റന്‍ ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയം ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അഭിമാനസ്‌തംഭമാണെന്ന്‌ സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ്‌ ജോസഫ്‌ പ്രസ്‌താവിച്ചു.

ആഗോളസഭയിലേക്കുള്ള വളര്‍ച്ചയില്‍ നാഴികക്കല്ലായ ദേവാലയമാണ്‌ വിശുദ്ധനായ ഗീവര്‍ഗീസ്‌ സഹദായുടെ നാമധേയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സ്റ്റാറ്റന്‍ ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളി. ഭാരതത്തിനു പുറത്ത്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭക്ക്‌ സ്വന്തമായ ആരാധനാലയം നേടിയെടുത്ത ആദ്യ ഇടവക സ്റ്റാറ്റന്‍ ഐലന്റിന്റെ ഹൃദയഭാഗത്ത്‌ മനോഹരമായി പണിപൂര്‍ത്തിയായി വരുന്ന പുതിയ ദേവാലയ സമുച്ഛയത്തില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു ഡോ. ജോര്‍ജ്ജ്‌ ജോസഫ്‌.

അപകടങ്ങളേയും പ്രകൃതിദുരന്തങ്ങളേയും അതിജീവിച്ച്‌ ആത്മീയവും ഭൗതീകവുമായ വലിയ വളര്‍ച്ചയും നേട്ടങ്ങളും ഇടവക കൈവരിച്ചത്‌ കാവല്‍പിതാവായ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ദിവ്യമദ്ധ്യസ്ഥതയിലൂടെയാണ്‌. ന്യൂയോര്‍ക്കിലേക്ക്‌ കുടിയേറിപ്പാര്‍ത്ത സഭാ വിശ്വാസികളുടെ അടിയുറച്ച ദൈവവിശ്വാസവും തീവ്രമായ സഭാസ്‌നേഹവും ഇടവകയുടെ ആരംഭത്തിനും വളര്‍ച്ചക്കും നിദാനമായി. അവരുടെ കഠിനാദ്ധ്വാനവും ദീര്‍ഘവീക്ഷണവും ദേവാലയത്തിന്റെ നാനാവിധമായ പുരോഗതിസാധ്യമാക്കി. പുതുതലമുറയുടെ നേതൃത്വവും സഹകരണവും ഉറപ്പാക്കിക്കൊണ്ട്‌ മുന്നേറുന്ന ഇടവകയ്‌ക്ക്‌ സ്വന്തമാകുന്ന പുതിയ ദേവാലയ സമുച്ഛയത്തില്‍ അഭിമാനിക്കുന്നുവെന്നും എല്ലാവിധമായ ആശംസകളും നേരുന്നുവെന്നും സഭാസെക്രട്ടറി അറിയിച്ചു.

ഇടവക വികാരി റവ.ഫാ. അലക്‌സ്‌ ജോയി, ട്രഷറര്‍ ശ്രീ. റജി വര്‍ഗീസ്‌, സെക്രട്ടറി ശ്രീ. ഫിലിപ്പ്‌ വര്‍ഗീസ്‌ തൈക്കൂടം, ചര്‍ച്ച്‌ബില്‍ ഡിംഗ്‌ഫിനാന്‍സ്‌ കോര്‍ഡിനേറ്റര്‍ ബാബുഫിലിപ്പ്‌, മുന്‍ ഭദ്രാസന മാനേജിംഗ്‌ കമ്മറ്റിയംഗം ശ്രീ.കോര.കെ.കോര തുടങ്ങിയവര്‍ സഭാ സെക്രട്ടറിയുടെ സന്ദര്‍ശനവേളയില്‍ സന്നിഹിതരായിരുന്നു. സണ്‍സെറ്റ്‌ അവന്യൂവില്‍ അതിവേഗം പണിപൂര്‍ത്തിയായി വരുന്ന ദേവാലയം അമേരിക്കയിലെ വലിയ ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളില്‍ ഒന്നായിരിക്കും.
ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.