You are Here : Home / USA News

തിയോളജിയില്‍ ബിരുദാനന്തര ബിരുദവുമായി ആദ്യ ബാച്ച് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ നിന്നും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 02, 2018 03:53 hrs UTC

ന്യൂജേഴ്‌സി ∙ താമരശ്ശേരി രൂപതയിലെ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് കേന്ദ്രീകരിച്ച് ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ 2015 നവംബറില്‍ തുടക്കം കുറിച്ച തിയോളജി എഡ്യൂക്കേഷന്‍ സെന്‍ററില്‍ ആദ്യ ബാച്ചില്‍ പഠനമാരംഭിച്ച പതിമൂന്ന് പേര്‍ തീയോളജിയില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി.

ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തോടനുബന്ധിച്ചാണ് അമേരിക്കയില്‍ ആദ്യമായി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ആരംഭിച്ച ഈ ഇന്‍സ്റ്റിറ്റ്യട്ട് പ്രവര്‍ത്തിച്ചു വരുന്നത്.

ബിരുദദാന ചടങ്ങുകള്‍ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ വച്ച് സെപ്റ്റംബര്‍ 30 ന് ഞായറാഴ്ച രാവിലെ 11:30 നുള്ള വിശുദ്ധ ദിവ്യബലിക്കുശേഷം നടക്കുന്നതാണെന്ന് വികാരി ഫാദർ ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു.

ചടങ്ങില്‍ പ്രശസ്ത ബൈബിള്‍ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍ കൂടിയായ റവ. ഡോ. മാര്‍. ജോസഫ് പാംപ്ലാനി സന്നിഹീതനായിരിക്കും.

ആനി എം. നെല്ലിക്കുന്നേല്‍, എല്‍സമ്മ ജോസഫ്, ജെയ്‌സണ്‍ ജി. അലക്‌സ്, ജാന്‍സി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായില്‍, മേരിക്കുട്ടി കുര്യന്‍, റെനി പോളോ മുരിക്കന്‍, ഷൈന്‍ സ്റ്റീഫന്‍, സോഫിയ കൈരന്‍, തെരേസ ടോമി, വര്‍ഗ്ഗീസ് അബ്രഹാം, വിന്‍സന്‍റ് തോമസ് എന്നിവരാണ് ആദ്യ ബാച്ചില്‍ തീയോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവര്‍.

യൂണിവേഴ്‌സല്‍ അംഗീകാരത്തോടെ യുജിസി ഓഫ് ഇന്ത്യയ്ക്ക് സ്വീകാര്യമായ രീതിയിലും സഭാചട്ട പ്രകാരവും ചിട്ടപ്പെടുത്തി തയാറാക്കിയ സമഗ്ര ബൈബിള്‍ മതപഠന കോഴ്‌സുകളാണ് ആല്‍ഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലൂടെ നടക്കുന്നത്.

ദൈവവചനത്തെ കുറിച്ചുള്ള മികച്ച അറിവുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്സില്‍ വിശ്വാസത്തിന്റെ ആഴമേറിയ ആത്മദര്‍ശനത്തിലൂടെ ഉരുത്തിരിഞ്ഞ, ബൈബിള്‍ മതപാഠ ജ്ഞാനമുള്ള പണ്ഡിതരും ദൈവശാസ്ത്ര ജ്ഞാനത്തെകുറിച്ചുള്ള വിവിധ കോഴ്‌സുകള്‍ കൈകാര്യം ചെയ്തിട്ടുള്ളവരുമായ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നയിക്കുന്നത്.

വിവിധ സര്‍വകലാശാലകള്‍, കോളജുകള്‍, സെമിനാരികള്‍, സഭാ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കത്തോലിക്കാ പണ്ഡിതര്‍, തങ്ങളുടെ വൈദഗ്ധ്യവും അനുഭവ പരിചയവും ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് എഡ്യൂക്കേഷനിലൂടെ ലഭ്യമാക്കിയിരുന്നു.

വിശ്വാസികളുടെ വിശ്വാസ ശാക്തീകരണത്തിലൂടെ ഇടവകയ്ക്ക് (പ്രാദേശിക ദേവാലങ്ങള്‍ക്ക്) കരുത്തേകിയും പങ്കാളിത്ത ക്യാംപസുകളിലൂടെയും ടെലിവഷന്‍ നെറ്റ് വര്‍ക്കുകളിലൂടെയും പ്രായോഗികവും ആത്മീയത നിറഞ്ഞതും ദൈവശാസ്ത്ര സമ്പുഷ്ടവുമായ അംഗീകൃത പരിശീലനത്തിലൂടെ നാളെയുടെ ആത്മീയ നേതാക്കളെ ഇന്നുതന്നെ വാര്‍ത്തെടുക്കുന്നതിന് പ്രാദേശിക ഇടവകയ്ക്ക് സഹായം ഒരുക്കുന്നതോടൊപ്പം മുഖ്യധാരാ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ വിഭാഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ സൂക്ഷ്മമായി പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന സ്വാധീന ശേഷിയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ആണിതെന്ന് കോഴ്സിന്റെ കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ അലക്‌സ് അറിയിച്ചു.

ഈ വര്‍ഷം ഉടനെ ആരംഭിക്കുന്ന പുതിയ എംറ്റിഎച്ച് ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനേഷ് ജോസഫ് (ട്രസ്റ്റി) (201)9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201)9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848)3918461, ജെയ്‌സണ്‍ അലക്‌സ് (കോര്‍ഡിനേറ്റര്‍) (914) 6459899. വെബ്: www.stthomassyronj.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.