You are Here : Home / USA News

പ്രിയപ്പെട്ട വയലാര്‍ജി : അനിയന്‍ ജോര്‍ജ്‌ (മുന്‍ ഫോമാ, ഫൊക്കാനാ സെക്രട്ടറി)

Text Size  

Story Dated: Monday, May 27, 2013 11:15 hrs UTC

പ്രവാസികാര്യ മന്ത്രിക്ക്‌ ഒരു തുറന്ന കത്ത്‌ - അനിയന്‍ ജോര്‍ജ്‌ (മുന്‍ ഫോമാ, ഫൊക്കാനാ സെക്രട്ടറി) പ്രിയപ്പെട്ട വയലാര്‍ജി, താങ്കള്‍ ചുമതല വഹിക്കുന്ന പ്രവാസികാര്യ വകുപ്പ്‌ പ്രവാസികളുടെ ക്ഷേമത്തിനായും,, പ്രശ്‌ന പരിഹാരത്തിനുമായി ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്ക്‌ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. സൗദി അറേബ്യയില്‍ അടുത്തകാലത്തുണ്ടായ നിയമ മാറ്റത്തിലൂടെ ആയിരക്കണക്കിന്‌ പ്രവാസികളും അവരുടെ കുടുംബങ്ങളും ദുരിതങ്ങളുടെ പടുകുഴില്‍പെട്ട്‌ വീഴുമായിരുന്ന ഒരു അവസ്ഥ, താങ്കളുടേയും കേരളാ ഗവണ്‍മെന്റിന്റേയും ശക്തമായ ഇടപെടലിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞത്‌ ഒരു വലിയ നേട്ടമായി ലോക പ്രവാസി മലയാളികള്‍ കരുതുന്നു. താങ്കളുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ട്‌. കഴിഞ്ഞ ദിവസം അങ്ങ്‌ ചിക്കാഗോയില്‍ എത്തിയതായും, 27-ന്‌ ന്യൂയോര്‍ക്കില്‍ എത്തുന്നതായും പത്രങ്ങള്‍ മുഖേന അറിയുവാന്‍ സാധിച്ചു. താങ്കളുടെ സന്ദര്‍ശനം ഔദ്യോഗികമാണോ, സ്വാകാര്യമാണോ എന്ന്‌ അറിയില്ല. എന്നിരുന്നാലും താങ്കളുടെ ശ്രദ്ധയിലേക്ക്‌ അമേരിക്കന്‍ മലയാളികള്‍ അനുഭവിക്കുന്ന ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രശ്‌നം മാത്രം കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നു. (പ്രവാസികളുടെ വസ്‌തു സംബന്ധമായി കോടതിയില്‍ നടക്കുന്ന കേസുകളുടെ കാലതാമസം, പ്രവാസികളുടെ വസ്‌തുവകകള്‍ കയ്യേറുന്ന ഒട്ടേറെ സംഭവങ്ങള്‍, സര്‍ണ്ണാഭരണങ്ങളുമായി നാട്ടിലേക്കു പോകുന്ന സ്‌ത്രീകളെ എയര്‍പോര്‍ട്ടില്‍ അകാരണമായി തടഞ്ഞുനിര്‍ത്തല്‍, എയര്‍ ഇന്ത്യയുടെ അനാസ്ഥ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ പ്രവാസികള്‍ നേരിടുന്നു.) അടുത്തയിടെ ഇന്ത്യന്‍ എംബസിയുടേയും കോണ്‍സുലേറ്റുകളുടേയും വെബ്‌സൈറ്റില്‍ ഒ.സി.ഐ കാര്‍ഡ്‌ സംബന്ധമായ ചില നിബന്ധനകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയിലെ വിവിധ സംഘടനകള്‍ (ഗോപിയോ, ഫോമാ, ഫൊക്കാന, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍) ഒറ്റയ്‌ക്കും സംയുക്തമായും ഇന്ത്യന്‍ പ്രസിഡന്റ്‌, പ്രധാനമന്ത്രി, പ്രവാസികാര്യവകുപ്പ്‌, വിദേശകാര്യ വകുപ്പ്‌, ആഭ്യന്തര വകുപ്പ്‌ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാര്‍ക്ക്‌ നേരിട്ടും ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ മുഖേനയും നിവേദനങ്ങള്‍ കൈമാറി. ഇതെല്ലാം പ്രവാസികള്‍ക്ക്‌ അനുവദിച്ച ഒ.സി.ഐ കാര്‍ഡ്‌ സംബന്ധിച്ച അവ്യക്തതകളേയും ബുദ്ധിമുട്ടുകളേയും സംബന്ധിച്ചായിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നോ, പ്രവാസികാര്യ വകുപ്പില്‍ നിന്നോ, ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്നോ മേല്‍പറഞ്ഞ പ്രശ്‌നത്തിന്‌ മറുപടിയോ, പരിഹാരമോ ലഭിച്ചിട്ടില്ല. ആജീവനാന്ത കാര്‍ഡ്‌ ആയി നല്‍കിയ ഒ.സി.ഐ കാര്‍ഡ്‌ ഇപ്പോള്‍ 18 വയസിലെത്തിയവര്‍ക്കും 50 വയസ്‌ കഴിഞ്ഞവരും പുതുക്കുക എന്ന നിബന്ധന കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ പുതുതായി വെബ്‌സൈറ്റില്‍ കടന്നുവന്നിരിക്കുന്നു. അതുപോലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഈടാക്കുന്ന ഭീമമായ തുക. താങ്കളുടെ ന്യൂയോര്‍ക്ക്‌ സന്ദര്‍ശനവേളയില്‍, എല്ലാ ഇന്ത്യന്‍ പ്രവാസി സംഘടനാ നേതാക്കളേയും, മാധ്യമ പ്രവര്‍ത്തകരേയും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക്‌ ക്ഷണിക്കുകയും, കോണ്‍സുലര്‍ ജനറലിന്റെ സാന്നിധ്യത്തില്‍ ഒ.സി.ഐ കാര്‍ഡിനെ സംബന്ധിച്ച സംശയങ്ങളും നിബന്ധനകളും ചര്‍ച്ച ചെയ്യുകയും, പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുകയും വേണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.