You are Here : Home / USA News

കേരള കലാമണ്‌ഡലത്തില്‍ ലാനയുടെ സാംസ്‌കാരിക സംഗമം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 31, 2014 06:55 hrs UTC

  

ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ ത്രിദിന കേരളാ കണ്‍വന്‍ഷന്റെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ കേരള കലാമണ്‌ഡലത്തില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. വാദ്യമേളങ്ങളും, നൃത്ത-സംഗീത പരിപാടികളും ഉള്‍പ്പടെ കലാസമ്പന്നമായൊരു ദിവസമാണ്‌ ലാന പ്രതിനിധികള്‍ക്കായി കലാമണ്‌ഡലത്തിലെ പ്രതിഭകള്‍ അണിയിച്ചൊരുക്കുന്നത്‌. കലാമണ്‌ഡലം ഹേമാവതിയുടെ നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ നര്‍ത്തകികളുടെ നൃത്തപരിപാടികള്‍ രണ്ടാം ദിവസത്തെ പരിപാടികളുടെ മുഖ്യ ആകര്‍ഷണമാണ്‌.

2014 ജൂലൈ 26-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ കലാമണ്‌ഡലം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ ലാനാ കണ്‍വെന്‍ഷന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക്‌ തുടക്കംകുറിക്കും. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ കെ. രാധാകൃഷ്‌ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കലാമണ്‌ഡലം വൈസ്‌ ചാന്‍സലര്‍ പി.എന്‍. സുരേഷ്‌ ഉദ്‌ഘാടനം ചെയ്യുന്നതാണ്‌. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഡ്വ. പി.ടി. നരേന്ദ്രമേനോന്‍, കലാമണ്‌ഡലം രജിസ്‌ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, പ്രശസ്‌ത മോഹിനിയാട്ടം നര്‍ത്തകിയും, കലാമണ്‌ഡലം മുന്‍ പ്രിന്‍സിപ്പലും 2014-ലെ പത്മശ്രീ പുരസ്‌കാര ജേതാവുമായ കലാമണ്‌ഡലം സത്യഭാമ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിക്കും. സമ്മേളനത്തിനുശേഷം കലാമണ്‌ഡലത്തിലെ വാദ്യമേള പ്രതിഭകള്‍ അവതരിപ്പിക്കുന്ന തായമ്പക. തുടര്‍ന്ന്‌ പ്രശസ്‌ത സംഗീതജ്ഞയും കലാമണ്‌ഡലം വിസിറ്റിംഗ്‌ പ്രൊഫസറുമായ സുകുമാരി മേനോന്റെ സംഗീത കച്ചേരിയാണ്‌. അതിനുശേഷം നടക്കുന്ന നൃത്തപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവ വേദിയില്‍ അവതരിപ്പിക്കും.

ഉച്ചയ്‌ക്ക്‌ എം.ടി. കഥകളെ അനുസ്‌മരിപ്പിക്കുന്ന പരമ്പരാഗത ഒറ്റപ്പാലം തറവാട്ടു മുറ്റത്ത്‌ പ്രത്യേകം ഒരുക്കിയ പന്തലില്‍ കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്കുവേണ്ടി വള്ളുവനാടന്‍ സദ്യ വിളമ്പുന്നതാണ്‌. ഉച്ചഭക്ഷണത്തിനുശേഷം ഭാരതപ്പുഴയുടെ തീരങ്ങളിലൂടെയുള്ള യാത്ര ക്രമീകരിച്ചിരിക്കുന്നു. കവിയരങ്ങ്‌, സാഹിത്യചര്‍ച്ച എന്നിവ നിളാനദിക്കരയിലെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വൈകുന്നേരം കലാമണ്‌ഡലത്തിലേക്ക്‌ മടങ്ങുന്ന ലാനാ കുടുംബാംഗങ്ങള്‍ വള്ളത്തോള്‍ മ്യൂസിയും, കൂത്തമ്പലം എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന്‌ കലാമണ്‌ഡലം പ്രതിഭകള്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലും കഥകളിയും അരങ്ങേറും.

കലാമണ്‌ഡലം വൈസ്‌ ചാന്‍സലര്‍ ആയ പി.എന്‍. മേനോന്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വിവിധ സാംസ്‌കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത പദവികള്‍ അലങ്കരിച്ചിട്ടുണ്ട്‌. തുഞ്ചത്ത്‌ എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായ അദ്ദേഹം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌ മെമ്പറായും പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റേയും യു.ജി.സിയുടേയും വിവിധ കമ്മിറ്റികളിലും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.

ലാന കേരളാ കണ്‍വന്‍ഷന്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന കെ. രാധാകൃഷ്‌ണന്‍ നായര്‍ പ്രമുഖ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകനും ലാനയുടെ ഷിക്കാഗോ മേഖലാ കോര്‍ഡിനേറ്ററുമാണ്‌. ഒറ്റപ്പാലത്തിനടുത്ത്‌ കുളപ്പുള്ളി സ്വദേശിയായ അദ്ദേഹം ബറോഡ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഓര്‍ഗാനിക്‌ കെമിസ്‌ട്രിയില്‍ ബിരുദാനന്തര ബിരുദത്തിനുശേഷം 1973-ല്‍ അമേരിക്കയിലെത്തി. പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആബട്ട്‌ ലബോറട്ടറിയിലെ സീനിയര്‍ സയന്റിസ്റ്റായിരുന്ന അദ്ദേഹം ഇപ്പോള്‍ വിവിധ സാംസ്‌കാരിക സംഘടനകളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.