You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ആഘോഷം

Text Size  

Story Dated: Tuesday, May 13, 2014 10:02 hrs UTC

 
വൈറ്റ് പ്ളെയ്ന്‍സ് . വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ (ഡബ്ള്യുഎംഎ) 2014-ലെ  ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും കുടുംബ സന്ധ്യയും പ്രൌഢഗംഭീരമായി കൊണ്ടാടി. മെയ് 10ന് വൈകിട്ട് 6 ന് ഗ്രീന്‍ബര്‍ഗിലുള്ള റോയല്‍ ഇന്ത്യാ പാലസ് റെസ്റ്റോറന്റില്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറിയത്.

വിശിഷ്ടാതിഥികളായെത്തിയ ക്വീന്‍സ് സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ഡോ. വര്‍ഗീസ് മാനിക്കാട്ടും, ഹരികൃഷ്ണന്‍ നമ്പൂതിരിയും ഭദ്രദീപം തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രസിഡന്റ് കുരൂര്‍ രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്റെ ആമുഖ പ്രസംഗത്തോടു കൂടി പൊതുയോഗം ആരംഭിച്ചു. സെക്രട്ടറി രാജ് തോമസ് വിശിഷ്ടാതിഥികളെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി.

പ്രസിഡന്റ് കുരൂര്‍ രാജന്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി വെസ്റ്റ് ചെസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഡബ്ല്യുഎംഎയെ അമേരിക്കയിലെ തന്നെ ഒരു വലിയ അസോസിയേഷനാക്കി മാറ്റിയ വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളികള്‍ക്കും സംഘടനയുടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കൂടാതെ അദ്ദേഹം സംഘടനയുടെ ഈ വര്‍ഷത്തെ കാര്യപരിപാടികള്‍ അവതരിപ്പിച്ചു. ഒരു കെട്ടിടം സ്വന്തമായി ഈ വര്‍ഷം തന്നെ അസോസിയേഷന്‍ വാങ്ങു ന്നതിനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. കൂടാതെ അദ്ദേഹം എല്ലാ മുന്‍ പ്രസിഡന്റുമാര്‍ക്കും വിഷുസമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

കെ. ജെ. ഗ്രിഗറിയും രത്നമ്മ രാജനും നേതൃത്വം നല്‍കിയ വിഷുക്കണി ഏവരുടെയും മനം കവര്‍ന്ന ഒന്നായിരുന്നു. കെ. ജെ. ഗ്രിഗറി എല്ലാവര്‍ക്കും കൈനീട്ടം നല്‍കി.

ഫാ. ഡോ. വര്‍ഗീസ് മാനിക്കാട്ട് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ മനുഷ്യന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന കര്‍മ്മപരിപാടികളെ പ്രശംസിക്കുകയും മനുഷ്യന്റെ അഹംബോധത്തെ ഇല്ലായ്മ ചെയ്ത് നമുക്ക് നമ്മളില്‍ തന്നെ ശൂന്യവത്ക്കരിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നടന്നു കയറിയെങ്കില്‍ മാത്രമെ യഥാര്‍ത്ഥ ലോക സത്യത്തെ തിരിച്ചറിയാന്‍ കഴിയൂ എന്ന് പറഞ്ഞു.

ഹരികൃഷ്ണന്‍ നമ്പൂതിരി തന്റെ വിഷു സന്ദേശത്തില്‍,  വിഷു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഒരു ഉത്സവമാണെന്നും മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ കഴിവുകളെ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ നാം ഒരു യഥാര്‍ത്ഥ മനുഷ്യനായി തീരൂ എന്നും പറഞ്ഞു. ആര്‍ക്കും ആരെയും തൃപ്തിപ്പെടുത്തുവാനും സന്തോഷവാന്മാരാക്കാനും കഴിയുകയില്ല. നമ്മുടെ സന്തോഷം നമ്മള്‍തന്നെ കണ്ടെത്തുകയാണ് വേണ്ടത് എന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ സദസ്യരെ ഉദ്ബോധി പ്പിക്കുകയുമുണ്ടായി. കൂടാതെ സംഘടനകള്‍ നടത്തുന്ന പരിപാടികളിലെ പല വീഴ്ചകളെയും അദ്ദേഹം എടുത്തുപറയുകയും അതിനു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയുമുണ്ടായി.

ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് തന്റെ ആശംസാ പ്രസംഗത്തില്‍ ഈ സംഘടനയ്ക്കുവേണ്ടി എന്നും അദ്ദേഹം അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങളെപ്പറ്റിയും, സംഘടന ഫൊക്കാന കണ്‍വന്‍ഷനു നല്കുന്ന പിന്തുണയെയും പ്രശംസിക്കുകയുണ്ടായി.

ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് എ. വി. വര്‍ഗീസ്, ഡബ്ല്യുഎംഎ ട്രഷറര്‍ രാജന്‍ ടി. ജേക്കബ്, ജോ. സെക്രട്ടറി ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് കെ. കെ. ജോണ്‍സന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികളില്‍ ലിസാ ജോസഫിന്റെ നേതൃത്വത്തില്‍ നാട്യ മുദ്ര സ്കൂള്‍ ഓഫ് ആര്‍ട്സിലെ കുട്ടിള്‍ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും, പാര്‍ത്ഥസാരഥി പിള്ള, കൃപാ കുര്യന്‍, ഗോഡ്ലി വര്‍ഗീസ്, രാമദാസ് മുതലായവരുടെ ഗാനങ്ങളും ചടങ്ങിനു മാറ്റുകൂട്ടി.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പിആര്‍ഒ മാത്യു മൂലേച്ചേരില്‍, ഏഷ്യാനെറ്റ് വീഡിയോ ഗ്രാഫര്‍ ഷാജന്‍ ജോര്‍ജ്, കൈരളി ടിവി വീഡിയോ ഗ്രാഫര്‍ ഏലിയാസ്, ജോസ് കാടാപ്പുറം തുടങ്ങിയ മാധ്യമ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.