You are Here : Home / USA News

ജോണ്‍ മാത്യുവിനും, ജയന്‍ കെ.സിയ്‌ക്കും, എസ്‌.കെ. പിള്ളയ്‌ക്കും ലാനാ സാഹിത്യ അവാര്‍ഡ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 27, 2013 11:36 hrs UTC

ഷിക്കാഗോ: ചെറുകഥ, കവിത, നോവല്‍ എന്നീ മേഖലകളില്‍ വടക്കേ അമേരിക്കയിലെ മികച്ച കൃതികള്‍ക്ക്‌ ലാന ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ്‌ ജേതാക്കളെ പ്രഖ്യാപിച്ചു. ജോണ്‍ മാത്യു (ചെറുകഥ), ജയന്‍ കെ.സി (കവിത), എസ്‌.കെ. പിള്ള (നോവല്‍) എന്നിവരാണ്‌ ഈവര്‍ഷത്തെ അവാര്‍ഡ്‌ ജേതാക്കള്‍. പ്രവാസി മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കൃതികളെ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തുന്നതിനുമായി രൂപീകരിച്ച ലാന സാഹിത്യ അക്കാഡമിയുടെ പ്രഥമ അവാര്‍ഡാണ്‌ ഇത്തവണ പ്രഖ്യാപിക്കപ്പെട്ടത്‌. മൂന്നു ജേതാക്കളുടേയും തെരഞ്ഞെടുപ്പ്‌ ഏകകണ്‌ഠമായിരുന്നുവെന്ന്‌ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ ഏബ്രഹാം തെക്കേമുറി അറിയിച്ചു. ഷിക്കാഗോയില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കുന്ന ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ച്‌ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്‌. അമേരിക്കയിലെ മലയാളി ചെറുകഥാകൃത്തുക്കളില്‍ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ്‌ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ജോണ്‍ മാത്യു. മനുഷ്യബന്ധങ്ങളുടെ കഥകള്‍ വശ്യമായ ഭാഷയിലും കരുത്തോടെയും എഴുതുന്ന അദ്ദേഹം കഥകളുടെ ശില്‌പവിദ്യ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി രചിക്കുന്ന കഥകള്‍ വായനക്കാരെ ഏറെ ആകര്‍ഷിക്കുന്നു. ഫാന്റസിയിലും മാജിക്കല്‍ റിയലിസവും കാല്‌പനികതയും ചേരേണ്ടവിധം സമരസപ്പെടുത്തി വാര്‍ത്തെടുക്കുമ്പോഴും സ്വന്തം ബാല്യകൗമാരങ്ങള്‍ പിന്നിട്ട ജന്മദേശത്തെക്കുറിച്ചുള്ള ഗൃഹാതുരചിന്തകളും കഥകള്‍ക്ക്‌ കരുത്തായി കടന്നുവരുന്നു.

 

 

അദ്ദേഹത്തിന്റെ 44 കഥകള്‍ ഉള്‍പ്പെടുത്തി `ജോണ്‍ മാത്യുവിന്റെ കഥകള്‍' എന്ന പേരില്‍ 2008 ജനുവരിയില്‍ നാഷണല്‍ ബുക്ക്‌ സ്റ്റാള്‍ പ്രസിദ്ധീകരിച്ച പുസ്‌തകമാണ്‌ അദ്ദേഹത്തെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. കവിതാ വിഭാഗത്തില്‍ അവാര്‍ഡ്‌ കരസ്ഥമാക്കിയ ജയന്‍ കെ.സി പ്രവാസി മലയാളി കവികളില്‍ പ്രസിദ്ധനും സിനിമ, സിനിമാറ്റോഗ്രഫി എന്നീ മേഖലകളില്‍ അനവധി അംഗീകാരങ്ങള്‍ നേടിയെടുത്തയാളുമാണ്‌. 2012-ല്‍ `പാപ്പിലിയോ ബുദ്ധ' എന്ന പേരില്‍ അദ്ദേഹം സംവിധാനം ചെയ്‌ത സിനിമ മലയാളത്തിലും അന്തര്‍ദേശീയ തലത്തിലും അനവധി അംഗീകാരങ്ങള്‍ നേടിയെടുത്തു. പ്രമേയത്തിലെ പുതുമകൊണ്ടും, അവതരണത്തിലെ വ്യത്യസ്‌തതകൊണ്ടും വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ പ്രശസ്‌തമായ നിരവധി ഫിലിം മേളകളില്‍ അംഗീകാരം നേടിയ പ്രസ്‌തുത ചലച്ചിത്രം കൂടാതെ ഏഴു ഹൃസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. `ആയോധനത്തിന്റെ അച്ചുതണ്ട്‌' എന്ന പേരില്‍ 1996-ല്‍ ആദ്യ കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തി. നാല്‌ കവിതാ സമാഹാരങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ `പച്ചയ്‌ക്ക്‌' എന്ന കൃതിയാണ്‌ അദ്ദേഹത്തെ ലാനാ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. അമേരിക്കയിലെ സീനിയര്‍ എഴുത്തുകാരില്‍ നോവല്‍ വിഭാഗത്തിലെ ശ്രദ്ധേയ നാമമാണ്‌ ഇപ്പോള്‍ അറ്റ്‌ലാന്റയില്‍ സ്ഥിരതാമസമാക്കിയ എസ്‌.കെ. പിള്ള. കേരളത്തിലും വടക്കേ ഇന്ത്യയിലും തൊഴിലും സാഹിത്യ പ്രവര്‍ത്തനവും നടത്തിയ അദ്ദേഹം 1971-ല്‍ അമേരിക്കയില്‍ കുടിയേറിയതിനുശേഷവും സാഹിത്യപ്രവര്‍ത്തനം തുടര്‍ന്നു. ഒമ്പത്‌ നോവലുകളും, ആറ്‌ നാടകങ്ങളും രചിച്ച അദ്ദേഹത്തിന്റെ `പറുദീസയിലെ പാളിച്ചകള്‍' എന്ന നോവലാണ്‌ ലാനാ അവാര്‍ഡ്‌ അദ്ദേഹത്തിന്‌ നേടിക്കൊടുത്തത്‌. വിവിധ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ പദവിയിലിരുന്ന അദ്ദേഹം ഇപ്പോള്‍ പല ആനുകാലികങ്ങളിലും കോളമിസ്റ്റായി പ്രവര്‍ത്തിക്കുന്നു. ഷാജന്‍ ആനിത്തോട്ടം ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.