You are Here : Home / USA News

നമ്മുടെ സ്വകാര്യതകൾ ഇവിടെ അവസാനിക്കുന്നു

Text Size  

Story Dated: Thursday, May 16, 2019 02:17 hrs UTC

വാൽക്കണ്ണാടി - കോരസൺ 
 
മകന്റെ മാസ്‌ട സെഡാൻ കാർ മാറ്റി ഒരു എസ്‌യുവി ആക്കണം എന്ന് അവൻ പറഞ്ഞു എന്ന് ഭാര്യയോട് സൂചിപ്പിച്ചു. സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ അടുത്തിരുന്ന സെൽ ഫോൺ വൈബ്രേറ്റ് ചെയ്തതുകൊണ്ട് അതിലേക്കു നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല, മാസ്‌ടാ എസ്‌യുവിയുടെ ചിത്രങ്ങൾ വന്നു കുതിച്ചു ചാടുന്നു. കാറുകളെപ്പറ്റിയുള്ള ഒരു സെർച്ച് ഓപ്പറേഷനിലും പോയില്ല പിന്നെ എങ്ങനെ ഞങ്ങളുടെ സംഭാഷണം ഫോണിനു മനസ്സിലായി?  
 
ഹെൽത്ത്ഇൻഷുറൻസ് കമ്പനിയുടെ ഒരു ചെറിയ പെട്ടി തപാലിൽ വന്നത് തുറന്നു നോക്കിയപ്പോൾ കാര്യങ്ങൾ ഒന്നും മനസ്സിലായില്ല. ചില ആരോഗ്യസംരക്ഷക വിശദീകരണങ്ങളും കിറ്റുകളും ആണ് അതിലുണ്ടായിരുന്നത്. നിർബന്ധമായി നടത്തേണ്ട വാർഷീക ആരോഗ്യ പരിശോധനയിൽ ചില ആശങ്കകൾ കമ്പനിക്കു ഉണ്ടായിട്ടുണ്ട്, അതാണ് വിഷയം. സ്വന്ത അമ്മക്കുപോലും ഉണ്ടാകാത്ത കരുതൽ!! ഇനിയും മരുന്നുകളുടെയും ആരോഗ്യ സംരക്ഷണ പരസ്യങ്ങളുടെ ഒരു പെരുമഴക്കാലമാണ് പ്രതീക്ഷിക്കുന്നത്. കുറച്ചു നാൾക്ക് മുൻപ് ഇൻഷുറൻസ് കമ്പനി ഒരു വ്രിസ്ററ് വാച്ച് സൗജന്യമായി തന്നിരുന്നു. അത് നമ്മുടെ നടപ്പും കിടപ്പും എല്ലാം കൃത്യമായി മരുന്ന് കമ്പനികൾക്ക് സന്ദേശം നൽകുന്ന ചാരയന്ത്രമായിരുന്നില്ലേ എന്ന ഒരു നേരിയ സംശയം ഇല്ലാതില്ല.
 
ഓരോ ദിവസവും ഏതാണ്ട് വിവരങ്ങളുടെ 2.5 ക്വിൻറ്റില്യൺ ബൈറ്റ്സ് ആണ് ഉണ്ടാക്കപ്പെടുന്നത് (ബില്യൺ, ട്രില്യൺ, ക്വാഡ്രില്യൺ, ക്വിൻറ്റില്യൺ ഇങ്ങനെ പോകും. അതായതു ഒന്നിന് ശേഷം 18 പൂജ്യങ്ങൾ വേണം ക്വിൻറ്റില്യൺ ആകണമെങ്കിൽ). ഇതൊക്കെ മനുഷ്യൻ തന്റെ സാധാരണ ഇടപെടലുകളിൽ ഉപയോഗിക്കുന്ന വിവര സാങ്കേതിക പ്രക്രിയകൾ, വസ്തുതകൾ, ഉപകരണങ്ങൾ മൂലം  അനുനിമിഷം വന്നടിയുന്ന ബിഗ് ഡാറ്റ മഹാനീർച്ചുഴിയിൽ നിന്നാണ് ഉളവാകുന്നത്. 
 
നമ്മുടെ ഓരോ ഈമെയിലുകൾ, ടെക്സ്റ്റ് മെസ്സേജുകൾ, പോസ്റ്റുകൾ, ഇന്റർനെറ്റ്തിരയൽ, കമ്പ്യൂട്ടർആപ്പിളിക്കേഷൻ പരസ്‌പരപ്രവര്‍ത്തനം, കാർഡുകൾ മുഖേനയുള്ള ഇടപാടുകൾ, ഡോക്ടർഓഫീസിൽ സന്ദർശനം തുടങ്ങി നിരവധി ദൈന്യംദിന ഇടപെടലുകൾ ഒക്കെ ഈ ബിഗ് ഡാറ്റ സംവിധാനം ശേഖരിക്കുന്നുണ്ട്. ബിഗ് ഡാറ്റ യുടെ മൂന്നു പ്രധാന ചേരുവകൾ (3 V 's), വ്യാപ്‌തി (volume), ക്ഷിപ്രത (velocity), വൈവിധ്യം (variety) എന്നിവയാണെന്നു ബയേർ ഔഷധ കമ്പനി റിസർച്ച് പേപ്പറിൽ അഭിപ്രായപ്പെടുന്നു.  
 
ഇപ്പോൾ അടിഞ്ഞുകൂടിയ വിവരങ്ങളുടെ തൊണ്ണൂറു ശതമാനവും ഈ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ ശേഖരിക്കപ്പെട്ടവയാണ് എന്നതാണ് അതിശയം. ഈ ശേഖരണത്തിനു മൂല്യം (Value) എന്ന ഘടകം കൂടി ചേരുമ്പോഴേ പ്രസക്തിയുള്ളൂ. അതിശക്തിയുള്ള കംപ്യൂട്ടറുകൾ, സങ്കീര്‍ണ്ണമായ പ്രോഗ്രാമിംഗ് കണക്കുകൂട്ടലുകൾ, അസാധാരണ ബുദ്ധിശക്തിയുള്ള വിവരസങ്കേതിക ശാസ്ത്രജ്ഞർ ഒക്കെവേണം ഇത്തരം ജോലികൾ നിർവ്വഹിക്കുവാൻ. എന്താണ് ഇത്തരം ഒരു വിവര സമാഹരണം കൊണ്ട് ഉള്ള നേട്ടം?
 
വ്യാപാരികൾക്ക് വിവരശേഖരണം ഒരു വലിയ ഭാഗ്യമാണ്. നമ്മൾ കടയിൽ ചെന്നാൽ കാഷ്യർ ഒരു സ്റ്റോർകാർഡ് എടുക്കാൻ പ്രേരിപ്പിക്കും. കൂപ്പണുകളും ഓഫറുകളും നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഉദ്ദേശം എന്നും പറയുമ്പോൾ നമ്മൾ അതിൽവീഴും. ഓരോ പ്രാവശ്യവും ഈ കാർഡ് ഉപയോഗിച്ചാൽ നിങ്ങൾക്ക്  പോയിന്റ് ലഭിക്കും എന്നും ഓർമ്മപ്പെടുത്തും. ഓരോ  ഉപഭോക്താവിന്റേയും അഭിരുചികൾ, ശീലങ്ങൾ ഒക്കെ അടയാളപ്പെടുത്തുവാനും ഈ കമ്പനികൾക്കു സാധിക്കും. ഇത്തരം വിവരങ്ങൾ കൈമാറുകവഴി തന്നെ അവർ കൂടുതൽ വരുമാനം ഉണ്ടാക്കുകയും ചെയ്യും. 
 
അമേരിക്കയിലെ മിനിയാപ്പോലീസിലുള്ള ഒരു ടാർഗറ്റ് സ്റ്റോറിൽ ഒരു കസ്റ്റമർ കടന്നു വന്നു മാനേജറിനെ കാണണം എന്ന് ബഹളംവച്ചു. എന്റെ മകൾക്കു നിങ്ങളുടെ കടയിൽ നിന്നും ശിശുക്കൾക്കുള്ള ഉടുപ്പുകളുടെയും തൊട്ടിലിന്റെയും ഒക്കെ കൂപ്പണുകളാണ് തപാലിൽ ലഭിച്ചത്. അവൾ ഹൈസ്‌കൂളിൽ പഠിക്കുന്ന കുട്ടിയാണ്, എന്താ അവളെ ഗർഭംധരിക്കാൻ നിങ്ങൾ പ്രേരിപ്പിക്കയാണോ? അയാൾ അലറി. കാര്യങ്ങളുടെ കിടപ്പു മനസ്സിലാകാഞ്ഞ സ്റ്റോർമാനേജർ ക്ഷമപറഞ്ഞു, കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും ക്ഷമപറയാൻ കസ്റ്റമറെ വിളിച്ചു. ഇത്തവണ കസ്റ്റമർ വളരെ പതിഞ്ഞ രീതിയിലാണ് പ്രതികരിച്ചത്. “ഞാൻ അറിയാതെ ചില കാര്യങ്ങൾ എൻറെ കുടുംബത്തിൽ നടക്കുന്നുണ്ട്, മകൾ ഗർഭിണിയാണ് ഞാനാണു നിങ്ങളോടു ക്ഷമ ചോദിക്കേണ്ടത്” അയാൾ പറഞ്ഞു. 
 
ഒരു സ്ത്രീ ഗർഭംധരിച്ചു എന്ന് ടാർഗറ്റ് കമ്പനി അറിയുന്നു, അതനുസരിച്ചു അവരുടെ പ്രോഡക്റ്റ് പ്രതീക്ഷയുള്ള ഉപഭോക്താവിനെ, ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള മേന്മയും കസ്റ്റമറിനു ലഭിക്കുന്ന ആദായവും അറിയിക്കുന്നു. നിർദോഷമായ ഒരു സമീപനം. ഇത്തരം വ്യാപാര ഇടപെടലുകളോടെ അമേരിക്കയിലെ മറ്റൊരു റീറ്റെയ്ൽ കമ്പനിയായ മേയ്സിസിൻറെ കച്ചവടം പത്തു ശതമാനം വർധിച്ചു.  വെറുതെ ഏതെങ്കിലും കടയിലൂടെ ഒന്ന് നടന്നു പോയാൽ മതി, എങ്ങനെയുണ്ടായിരുന്നു നിങ്ങളുടെ അനുഭവം, അഭിപ്രായം എന്നറിയാൻ തുരുതുരാ  സർവ്വേകൾ ഫോണിൽ വന്നു പതിക്കയായി. റെസ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷം ബില്ലു കൊടുക്കുമ്പോൾ ഒരു സർവ്വേ വരാം, കൂടെ പ്രലോഭനത്തിനായി ഒരു നിറുക്കെടുപ്പിനുള്ള സാധ്യതയും ഉണ്ടാകും.  അങ്ങനെ നമ്മോടൊപ്പം നടന്നും, ചിന്തിച്ചും അനുനിമിഷം തീരുമാനങ്ങൾ എടുക്കുകയാണ് കമ്പനികൾ. 
      
ബാങ്കുകൾക്ക് ലോണുകൾ, ക്രെഡിറ്റ്, വെട്ടിപ്പുകൾ തട്ടിപ്പുകൾ ഒക്കെ അറിയാനും പെട്ടന്ന് തീരുമാനങ്ങൾ എടുക്കാനും ഈ ബിഗ് ഡാറ്റ ഒരു സഹായമാണ്. 2016-ൽ തന്നെ, ഏതാണ്ട് 20 ബില്യൺ ഡോളർ ആണ് ബിഗ്  ഡാറ്റ അവലോകനത്തിനായി അമേരിക്കൻ ബാങ്കുകൾ ചിലവഴിച്ചത്. പകർച്ചവ്യാധികൾ തടയാനും, ആരോഗ്യപരിചരണ വിഷയത്തിലും പ്രകടമായ മാറ്റങ്ങൾക്കു ഈ ബിഗ് ഡാറ്റ കുറച്ചൊന്നുമല്ല സർക്കാരുകൾ ഉപകാരപ്പെടുത്തുന്നത്.   
 
ഓരോ കാൻസർ രോഗികളും ടെറാബൈറ്റ്സ് കണക്കിനുള്ള ബയോ മെഡിക്കൽ വിവരങ്ങളാണ് ഉണ്ടാക്കുന്നത്, ഇതിലെവിടെയെങ്കിലും മാരകമായ ഈ അസുഖത്തിനുള്ള എന്തെങ്കിലും പ്രതിവിധി ഒളിച്ചിരിപ്പുണ്ടാകാതിരിക്കില്ല. പലവിധ കാൻസറിനും പ്രതിവിധികൾ പടിവാതിലിൽ എത്തി നിൽക്കയാവാം. ഈ ബിഗ് ഡാറ്റാ അതിനു കാരണമാണ്.     
 
ബിഗ് ഡാറ്റാ അതിന്റെ പ്രയാണം ആരഭിച്ചതേയുള്ളൂ, 2020 ആകുമ്പോഴേക്കും ഓരോ സെക്കന്റിലും ഓരോരുത്തരിൽനിന്നും 1.7 മെഗാബൈറ്റ്സ് വിവരങ്ങൾ ശേഖരിക്കാനാവും എന്നാണ് കണക്കുകൂട്ടുന്നത്. ഇത്തരം വിവരശേഖരണങ്ങളിൽ നിന്നും, അതിന്റെ ദ്രുതഗതിയുള്ള വിശകലനങ്ങളിൽനിന്നും അൽഭുതകരമായ ഒരു ലോകത്തേക്കാണ് നമ്മൾ അറിയാതെ നടന്നടുക്കുന്നത്. 
 
ഇന്നത്തെ ജോലികൾ ഒക്കെ അപ്പാടെ മാറ്റപ്പെടുകയും നാളിതുവരെ കാണാത്ത പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകയും ചെയ്യാം. ഒരു രാജ്യത്തിൻറെ മൂല്യം തന്നെ ഈ ബിഗ് ഡാറ്റാ എങ്ങനെ ഉപയോഗപ്പെടുത്തന്നതിനെ ആശ്രയിച്ചിരിക്കും. രാജ്യതന്ത്രഞ്ജതക്കും, രാഷ്ട്രീയങ്ങൾക്കും, മതത്തിനും, മൂല്യങ്ങൾക്കും ഒക്കെ രൂപ-ഭാവ-ഭേദം ഉണ്ടാകാം. 
 
പക്ഷെ, നമ്മുടെ സ്വകാര്യതക്ക് കനത്ത വില നൽകേണ്ടിവരും എന്നതാണ് ഇതിന്റെ ഒരു മറുവശം. ടെക്നോളജി ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു അളവുകോലായി ഓരോനിമിഷവും നമ്മെ അരിച്ചുപെറുക്കുമ്പോൾ, അവിടെ സ്വകാര്യതക്കു സ്ഥാനമില്ലാതാകും. എങ്ങനെ ഈ അശ്വമേധത്തെ പിടിച്ചുനിറുത്താനാവും എന്നത് ഒരു ആശങ്ക തന്നെയാണ്. കമ്പനികൾ അനുവദിച്ചുതരുന്ന സ്വാതന്ത്ര്യം, അവർ വച്ചുനീട്ടുന്ന വിശ്വസ്തത, സമർപ്പണം, ഉത്തരവാദിത്തം തുടങ്ങിയ മൂല്യങ്ങൾ ആയിരിക്കും നാളയുടെ മാനദണ്ഡം. 
 
നമ്മുടെ ശീലങ്ങൾ അവർ നിശ്ചയിക്കും അതിനുള്ള ചിലവും നമ്മളിൽ നിന്നുംതന്നെ അവർ ഈടാക്കും. കഴിവുള്ളവനും പ്രാപ്തിയുള്ളവനും മെച്ചമായ പ്രീമിയം പ്രോഡക്ടസ് നൽകി വരേണ്യവർഗ്ഗത്തിന്റെ ഒരു പുതിയ കാഴ്ചപ്പാട് അവർ സൃഷ്ട്ടിക്കും. നമ്മുടെ സാധാരണ പ്രക്രിയകൾക്കു ബദൽ മാർഗരൂപം എപ്പോഴും നല്കിക്കൊണ്ടിരിക്കും , അതാണ് നല്ലത് എന്ന് നമ്മെ ബോധ്യപ്പെടുത്താനുള്ള ശരികളും അതോടൊപ്പം അവർ ചേർത്തുവെയ്ക്കും. നമ്മളെക്കൊണ്ട് ചോദ്യങ്ങൾ ചോദിപ്പിക്കും അവർ തിരഞ്ഞെടുത്ത ഉത്തരങ്ങൾ നമ്മെ സംതൃപ്തരാക്കും. മറക്കാനും പൊറുക്കാനും ഉള്ള നമ്മുടെ കഴിവ് ഇല്ലാതാകും, കാരണം എത്ര കാലം കഴിഞ്ഞാലും ഓരോ ശരികളും തെറ്റുകളും നമ്മുടെ മുന്നിൽ അനുനിമിഷം വന്നു നൃത്തം വയ്ക്കും. 
 
കമ്പനികൾ നമ്മുടെ അനുവാദമില്ലാതെ നമ്മുടെ സ്വകാര്യതയിൽ കടന്നുകയറുകയും നമ്മുടെ സ്വതന്ത്ര ചിന്തകളെ നിയന്ത്രിക്കയും ചെയ്യുന്നത് നിയമപരമായി തടയാനാവുമോ? ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ വൻ കമ്പനികളെ വിശ്വസിക്കാനാവുമോ? അലക്സാ എന്ന കമ്പ്യൂട്ടർ പ്രോഗ്രാമിനോട് എത്ര നിഷ്കളങ്കമായിട്ടാണ് നാം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്? നമ്മുടെ ഓരോ ചോദ്യവും അവർക്കുവിളവെടുപ്പുകാലമാണ്. ഈ നവജീവിതരീതികൾ നമ്മുടെ വ്യക്തിഗത ചിന്താഗതിയെ മാറ്റി ഗ്രൂപ്പായിട്ടു ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. നാം അറിയാതെ മനുഷ്യത്വം നശിച്ച ശിഥിലമായ ഒരു കൂട്ടമായി മാറ്റപ്പെടുകയാണ്. 
 
യൂറോപ്പിൽ, സ്വകാര്യതയുടെ നിയമപരമായ പരിധികൾ ഉയർത്തിയിട്ടുണ്ട് . അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അവ നിയന്ത്രിത നിലയിൽ കൊണ്ടുവരേണ്ടതുണ്ട്. അതിനു കമ്പനികളോട് അപേക്ഷിക്കയല്ല ശക്തമായ നിയമങ്ങളും മുന്തിയ പിഴകളും കൊണ്ടുവരേണ്ടതുണ്ട്. കമ്പനികൾ ഉത്തരവാദിത്വത്തോടുകൂടി, ജാഗ്രതയോടെ, സ്വകാര്യത നിലനിർത്താൻ തയ്യാറായില്ലെങ്കിൽ ഒരു വിരലിൽ എണ്ണാവുന്ന ആളുകൾ ലോകത്തെയും രാജ്യങ്ങളെയും വിരൽത്തുമ്പിൽ നിറുത്തുന്നകാലം അതിവിദൂരമല്ല. 
 
കമ്പനികളുടെ താല്പര്യസംരക്ഷകരായ ജനപ്രതിനിധികൾ ഒരിക്കലും തിരഞ്ഞെടുക്കപ്പെടരുത്.  അറിവുതേടുന്ന, ബുദ്ധിയുള്ള, വിശ്വസിക്കാവുന്ന, ലളിതജീവിതം നയിക്കുന്ന പ്ലേറ്റോയുടെ ഫിലോസഫർ-കിംഗ് ആകട്ടെ നമ്മുടെ പ്രതിനിധികൾ.  
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.