You are Here : Home / USA News

ഇൻഷ്വറൻസ് ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കിയാൽ കർശന നടപടി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 26, 2018 02:16 hrs UTC

ഒക്കലഹോമ ∙ ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ റോഡിലിറക്കിയാൽ നവംബർ 1 മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഒക്കലഹോമ ഡിസ്ട്രിക്റ്റ് അറ്റോർണി കൗൺസിൽ ചെയർമാൻ ബ്രെയ്ൻ ഹെർമാൻസൺ അറിയിച്ചു. സിറ്റികളിൽ പ്രത്യേക ക്യാമറകൾ സ്ഥാപിച്ച് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള നമ്പർ പ്ലേറ്റ് സ്കാനിങ്ങ് നവംബർ 1 മുതൽ നടപ്പാക്കും.

അമേരിക്കയിൽ ഏറ്റവും കൂടുതൽ ഇൻഷ്വറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ ഒക്കലഹോമയിലാണ്. അതുകൊണ്ടു തന്നെയാണ് ഈ പുതിയ നിയമം നിലവിൽ വരുന്ന ആദ്യ സംസ്ഥാനമെന്ന പദവി ഒക്കലഹോമക്ക് ലഭിക്കുന്നത്.

സംസ്ഥാന റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് ടിക്കറ്റ് നൽകാതെ, ക്രൈം ചാർജ് ചെയ്യുന്നതിനുള്ള വകുപ്പും പുതിയ നിയമത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി പറഞ്ഞു.

ആദ്യഘട്ടമെന്ന നിലയിൽ ഇൻഷ്വറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയത് കണ്ടുപിടിച്ചാൽ നോട്ടിഫിക്കേഷൻ ലെറ്റർ, അയയ്ക്കുന്നതോടൊപ്പം 174 ഡോളർ പിഴയും, ഇൻഷ്വറൻസ് രേഖകളും ഹാജരാക്കേണ്ടി വരും. വാഹനങ്ങൾക്ക് ഇൻഷ്വറൻസ് എടുക്കുന്നതോടൊപ്പം, വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് ലയബിലിറ്റി ഇൻഷ്വറൻസും ഉണ്ടായിരിക്കേണ്ടതാണ്.

ഒക്കലഹോമ സംസ്ഥാനത്തു 25 ശതമാനത്തിലധികം വാഹനങ്ങൾ ഇൻഷ്വറൻസ് ഇല്ലാതെയാണ് നിരത്തിലിറക്കുന്നത്. റോഡപകടങ്ങൾ വർദ്ധിക്കുന്നതിന് ഇതു കാരണമാകുമെന്നും അറ്റോർണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.