You are Here : Home / USA News

'ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക നാലാം ദശകത്തിലേക്ക്'

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, October 24, 2013 10:28 hrs UTC

 ഡാലസ്: ഇന്ത്യയ്ക്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ ഇടവകയായ ഡാളസ് സെന്റ് തോമസ് ഇടവക മൂന്നു ദശകം പിന്നിട്ടു. വടക്കേഅമേരിക്കയിലേക്കു കുടിയേറിയ സീറോ മലബാര്‍ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി 1984ലാണ് ഡാലസില്‍സീറോ മലബാര്‍ മിഷന്‍ ആരംഭിച്ചത്. മൂന്നു ദശകങ്ങള്‍ പൂര്‍ത്തിയാക്കിയതിനു നന്ദി സൂചകമായി ഈ വര്‍ഷം താങ്ക്‌സ് ഗിവിങ്ങ് വര്‍ഷമായി ആചരിക്കും. ഒക്ടോബര്‍ 25 വെള്ളിയാഴ്ച ഇടവകയുടെ പ്രഥമ ഡിറക്ടര്‍ കൂടിയായ മാര്‍. ജേക്കബ് അങ്ങാടിയത്ത് പ്രത്യേക നന്ദിയര്‍പ്പണ കുര്‍ബ്ബാനയര്‍പ്പിക്കും. പള്ളിയോട് ചേര്‍ന്നു 2.3 ഏക്കര്‍ സ്ഥലവും ഇടവകാംഗങ്ങള്‍ക്കായി സിമിത്തേരിക്കുള്ള സ്ഥലവും വാങ്ങിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം രൂപതാദ്ധ്യക്ഷന്‍ കുര്‍ബാനമദ്ധ്യേ നടത്തും. 1984 മുതല്‍ ഡാളസ് കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ കേന്ദ്രമാക്കിയായിരുന്നു മിഷന്റെ പ്രവര്‍ത്തനങ്ങള്‍. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ 1992ല്‍ ഗാര്‍ലന്‍ഡില്‍ സ്വന്തമായി പള്ളി വാങ്ങി സീറോമലബാര്‍ രീതിയില്‍ പരിഷ്‌കരിച്ചെടുത്തു.

 

1999ല്‍ ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ സ്വതന്ത്ര ഇടവകയായി ഉയര്‍ത്തപ്പെട്ടു. ഫാ. ജോണ്‍ മേലേപ്പുറം ഇടവകയുടെ പ്രഥമ വികാരിയായിനിയമിതനായി. ഞായറാഴ്ചകളില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഒരോ കുര്‍ബ്ബാനകള്‍ ആരംഭിച്ചത് ഇക്കാലയളവിലാണ്. ഞായറാഴ്ചകള്‍ക്കു പുറമേഇടദിവസങ്ങളിലും കുര്‍ബ്ബാന ആരംഭിച്ചതോടെ ഇടവക കൂടുതല്‍ സജീവമായി. 2002ല്‍ പള്ളിയോടു ചേര്‍ന്ന് 18,000 ചതുരശ്ര അടിയുള്ള ജൂബിലി സെന്റര്‍ പണികഴിപ്പിച്ചു. കുട്ടികളുടെ വേദപാഠ ക്ലാസുകള്‍ക്കും ഇടവകാംഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കും ഇതു മുതല്‍ക്കൂട്ടായി. 2003ല്‍ വികാരിയായി നിയമിതനായ ഫാ. സക്കറിയാസ് തോട്ടുവേലി ഇടവകാംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കൂടുതല്‍ സൗകര്യപ്രദമായ ദേവാലയത്തിനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടു. ഇപ്പോഴത്തെ വികാരി ഫാ. സെബാസ്റ്റ്യന്‍ കണിയാമ്പടിയുടെ നേതൃത്വത്തില്‍ അത്യാധുനികസൗകര്യങ്ങളോടെ പൗരസ്ത്യു ക്രിസ്തീയ പാരമ്പര്യത്തില്‍ അധിഷ്ടിതമായി പണികഴിപ്പിച്ച പുതിയ ദേവാലയം 2011 ഡിസംബറില്‍ കൂദ്ദാശ ചെയ്യപ്പെട്ടു. മൂന്നു ദശകങ്ങള്‍ക്കൊണ്ട് സെന്റ് തോമസ് ഇടവക ഡാലസിലും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. എല്ലാ സൗകര്യങ്ങളോടും കൂടിയ ദേവാലയം, ജൂബിലി ഹാള്‍, റെക്ടറി എന്നിവ സ്വന്തമായുണ്ട്. മാമ്മോദീസാ മുതല്‍ ജീവിതാവസാനം വരെ ഇടവകാംഗങ്ങളുടെ വിശ്വാസജീവിതത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ക്രമീകരിക്കാന്‍ പൂര്‍വ്വികര്‍ കാട്ടിയ തീക്ഷ്ണതയ്ക്ക് വരും തലമുറ നന്ദിയുള്ളവരായിരിക്കണമെന്ന് വികാരി ഫാ. സെബാസ്റ്റ്യന്‍ കണിയാമ്പടി ഓര്‍മ്മിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.