You are Here : Home / USA News

ഇന്റര്‍ ചര്‍ച്ച് സോക്കര്‍: സെന്റ് തോമസിന് കിരീടം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, September 04, 2013 11:01 hrs UTC

ഡാലസ്: മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടന്‍ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ സോക്കര്‍ ഫീല്‍ഡില്‍ നടന്ന പ്രഥമ ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റില്‍ ഡാലസ് സെന്റ് തോമസ് ക്നാനായ ചര്‍ച്ച് കിരീടമണിഞ്ഞു. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ കാത്തലിക് ചര്‍ച്ച റണ്ണേഴ്സ് അപ് ട്രോഫി നേടി. ലൂസേഴ്സ് ഫൈനല്‍ മത്സരത്തില്‍ ഡാലസ് ക്രിസ്ത്യന്‍ അസംബ്ളി ചര്‍ച്ച് വിജയിച്ച് മൂന്നാം സ്ഥാനക്കാരായി. ഗോളുകളൊന്നും വഴങ്ങാതെയാണ് സെന്റ് തോമസ് , സെന്റ് അല്‍ഫോന്‍സ ടീമു കള്‍ ഫൈനലിലെത്തിയത്. ഫൈനലിലും ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തു. അത്യന്തം ആവേശപൂര്‍ണമായ കലാശക്കളിയില്‍ ക്യാപ്ടന്‍ മനോജ് പൌലോസ് രണ്ടാം പകുതിയില്‍ കുറിച്ച ഏകഗോളിനു സെന്റ് തോമസ് ടീം വിജയികളായി. ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തിയതികളിലായി നടന്ന ടൂര്‍ണമെന്റില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളക്സിലെ വ്യത്യസ്ത സഭകളെ പ്രതിനിധീകരിച്ചു 9 ടീമുകള്‍ പങ്കെടുത്തു. മനോജ് പൌലോസ് മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി ജേതാവായി. ടൂര്‍ണമെന്റിലെ മികച്ച സ്ട്രൈക്കര്‍ ബെന്‍ ജോര്‍ജ് (സെന്റ് അല്‍ഫോന്‍സ) , മികച്ച ഡിഫന്‍ഡര്‍ റ്റിജോ തോമസ് (സെന്റ് അല്‍ഫോന്‍സ), മികച്ച ഗോളി (ബാബു പി സൈമണ്‍ (ഡാലസ് ക്രിസ്ത്യന്‍ അസംബ്ളി ) എന്നിവരും മറ്റു ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ നേടി. ശനിയാഴ്ച തുടങ്ങിയ ടൂര്‍ണമെന്റ് കരോള്‍ട്ടന്‍ മാര്‍ത്തോമ ഇടവക വികാരി റവ. സാം മാത്യു ഉദ്ഘാടനം ചെയ്തു. ഞായാറാഴ്ച ഫൈനലിനോടനുബന്ധിച്ച് സമാപന സമ്മേളനം നടന്നു. ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മറ്റിയംഗവും, മലങ്കര സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവക വികാരിയുമായ റവ. ഫാ. രാജു ദാനിയേല്‍ മുഖ്യഅതിഥിയായി എത്തി ഫൈനല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റവ. സാം മാത്യു ആശംസയര്‍പ്പിച്ചു സംസാരിച്ചു. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിനും യുവജനകൂട്ടായ്മക്കും ടൂര്‍ണമെന്റ് വേദിയാകട്ടെ എന്ന് അദ്ദേഹം ആശസിച്ചു. തുടര്‍ന്ന് ഇരുവരും കളിക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. റവ. സാം മാത്യു , റവ. ഫാ. രാജു ദാനിയേല്‍ , റവ മാത്യു ജോസഫ് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും ട്രോഫി ദാനവും നിര്‍വഹിച്ചു. ഡാലസ് എഫ് സി കരോള്‍ട്ടന്‍, ഡാലസ് ഡയനാമോസ് തുടങ്ങി ഡാലസിലെ സോക്കര്‍ ക്ളബുകളുടെ പിന്തുണയും പ്രാതിനിധ്യവും ടൂര്‍ണമെന്റിനുണ്ടായിരുന്നു. മെട്രോപ്ളക്സിലെ നിരവധി കായിക പ്രേമികളും ടൂര്‍ണമെന്റിനു ആവേശം പകരാന്‍ എത്തിയിരുന്നു. ഇടവേളകളില്‍ കുട്ടികള്‍ക്കുള്ള മത്സരവും സംഘാടകര്‍ ഒരുക്കി. ടൂര്‍ണമെന്റ് കമ്മറ്റി അംഗങ്ങളായ സജു ലൂക്കോസ് (കണ്‍വീനര്‍) , അജു മാത്യൂ (സെക്രട്ടറി), ഈപ്പന്‍ വര്‍ഗിസ് (റജിസ്ട്രേഷന്‍ ), എബി വര്‍ഗിസ് (ഫിനാന്‍സ്) , ഷാജി രാമപുരം (പബ്ളിസിറ്റി) ,സാം ജോര്‍ജ് (ഫുഡ് ) , ജേകബ് വൈദ്യന്‍, ജിമ്മി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. മര്‍ത്തോമാ ഇടവക വൈസ് പ്രസിഡന്റ് ജേക്കബ് സൈമണ്‍ ടൂര്‍ണമെന്റ് അഡ്വൈസര്‍ ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.