You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റില്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്‌ തുടക്കംകുറിച്ചു

Text Size  

Story Dated: Thursday, October 16, 2014 09:24 hrs UTC

ന്യൂയോര്‍ക്ക്‌: മലയാള ഭാഷയും തനതുകലകളും വരും തലമുറയ്‌ക്ക്‌ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യമിട്ടുകൊണ്ട്‌ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തുടക്കമിട്ട സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ഒക്‌ടോബര്‍ നാലാം തീയതി ശനിയാഴ്‌ച പി.എസ്‌ 54 സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ പ്രവാസി മലയാളി സമൂഹത്തിന്‌ സുപരിചിതനായ ജെ. മാത്യൂസ്‌ നിലവിളക്കില്‍ തിരിനാളം തെളിയിച്ചുകൊണ്ട്‌ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്‌ തുടക്കംകുറിച്ചു.

നമ്മുടെ മാതൃഭാഷയും പാരമ്പര്യകലകളും പ്രവാസി ജീവിതത്തില്‍ മറന്നുപോകാതെ പ്രോത്സാഹിപ്പിക്കുവാനും വളര്‍ത്തുവാനും ഉദ്ദേശിച്ചുകൊണ്ട്‌ സമാരംഭിക്കുന്ന ഈ ഉദ്യമത്തിന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും വിപുലമായ അവസരങ്ങള്‍ സ്റ്റാറ്റന്‍ഐലന്റിലേയും സമീപ പ്രദേശങ്ങളിലേയും സമൂഹത്തിന്‌ ഒരുക്കുവാന്‍ നേതൃത്വം നല്‍കുവാന്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരെ അനുമോദിക്കുന്നുവെന്നും ജെ. മാത്യൂസ്‌ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്‌ എസ്‌.എസ്‌ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ ഏബ്രഹാം സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, സണ്ണി കോന്നിയൂര്‍, സജിത്ത്‌ കുമാര്‍ നായര്‍ (സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ കമ്മിറ്റി അംഗങ്ങള്‍), റവ.ഫാ. അലക്‌സ്‌ കെ. ജോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഭാരതീയ കലാപശ്ചാത്തലത്തില്‍ രൂപീകൃതമായ വിവിധ നൃത്ത ഇനങ്ങള്‍ പഠിക്കുന്നതിന്റെ ആവശ്യകതയേയും നേട്ടങ്ങളേയും പ്രതിപാദിച്ചുകൊണ്ട്‌ നൃത്താദ്ധ്യാപികയും, മയൂര സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ പ്രവര്‍ത്തകയുമായ ബിന്ധ്യാ പ്രസാദ്‌, മലയാള ഭാഷയുടെ മാഹാത്മ്യത്തേയും ശ്രേഷ്‌ഠതയേയും മുന്‍നിര്‍ത്തി മലയാളം ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സണ്ണി തോമസ്‌, ന്യൂയോര്‍ക്കിലെ പ്രമുഖ യോഗാചാര്യനായ ഗുരു ദിലീപ്‌ജി എന്നിവര്‍ ചടങ്ങില്‍ ലഘു പ്രഭാഷണങ്ങള്‍ നടത്തി.

എല്ലാ ശനിയാഴ്‌ചയും ഉച്ചതിരിഞ്ഞ്‌ 3.30 മുതല്‍ 4.30 വരെ വില്ലോ ബ്രൂക്കിലെ പി.എസ്‌-54 സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ പ്രവര്‍ത്തിക്കുന്നത്‌. ഒക്‌ടോബര്‍ 31-ന്‌ അവസാനിക്കുന്ന രജിസ്‌ട്രേഷനു മുമ്പായി ക്ലാസുകളില്‍ ചേരാന്‍ താത്‌പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. ലാഭേച്ഛകൂടാതെ ലളിതമായ ഫീസ്‌ മാത്രം ഏര്‍പ്പെടുത്തി നടത്തുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏവരുടേയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എസ്‌.എസ്‌ പ്രകാശ്‌ (പ്രസിഡന്റ്‌) 917 301 8885, ജോസ്‌ ഏബ്രഹാം (കോര്‍ഡിനേറ്റര്‍) 718 619 7759, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (917 854 3818), സണ്ണി കോന്നിയൂര്‍ (917 514 1396), സജിത്‌ കുമാര്‍ നായര്‍ (646 302 2976). ബിജു ചെറിയാന്‍ (പബ്ലിസിറ്റി) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.