You are Here : Home / USA News

ഒക്ലഹോമ ഹിന്ദു മിഷന്‍ ഓണം വര്‍ണ്ണ വിസ്മയമായി

Text Size  

Story Dated: Saturday, September 27, 2014 12:20 hrs UTC


ഒക്ലഹോമ. ഒക്ലഹോമയിലെ മൂര്‍ സിറ്റിയിലുളള ജിഎസ്ഒ ഹാളില്‍ വച്ചു കഴിഞ്ഞ ശനിയാഴ്ച ക്ഷണിക്കപ്പെട്ട സദസില്‍ ജാനം ഗോപാലകൃഷ്ണനും വിദ്യാ കാര്‍ത്തികും ചേര്‍ന്ന് അവതരണ ഗാനം ആലപിച്ചതോടെ ഓണ ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ന്നു. പ്രസിഡന്റ് എസ്. പിളള സ്വാഗതം ആശംസിച്ചപ്പോള്‍ മനു നായര്‍ മുഖ്യ അതിഥിയെ സദസിനു പരിചയപ്പെടുത്തി. പ്രശസ്തനും വാഗ്മിയുമായ ഡോ. എം. വി. പിളളയുടെ കവിതകളുടെ തന്നെ അകമ്പടിയോടു കൂടിയ പ്രസംഗം ഒരു ഓണശംസയേക്കാള്‍ മികവുറ്റ ഒരു പ്രഭാഷണം തന്നെയായിരുന്നു എന്ന് സദസ്യര്‍ തന്നെ അഭിപ്രായപ്പെട്ടു.

മുഖ്യാതിഥിയും മറ്റു കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് നിലവിളക്കിന്‍െറ തിരി തെളിച്ചപ്പോള്‍ ബിന്ദുപിളള, സീമ ജയചന്ദ്, ജാനം ഗോപാലകൃഷ്ണന്‍, പ്രസന്ന ബാബു, ശ്രീജ സുഗുണന്‍, ബിന്ദു ജയപ്രകാശ്, വിദ്യാ സൂരജ്, സ്മിതാ സുഭാഷ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിര പൂനിലാവില്‍ കുളിച്ച ഒരു പ്രതീതി തന്നെയായിരുന്നു. വര്‍ഷ നവീന്‍ അവതരിപ്പിച്ച ഭരതനാട്യം ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിനു മികവേകുന്നതായിരുന്നു.

സുഗുണന്‍, സുമിത് പണിക്കര്‍, അജേഷ് സൈലേഷ് നവീന്‍, ജാനം, ദീപ എന്നിവര്‍ അവതരിപ്പിച്ച സംഘഗാനം കേരളത്തനിമയിലെ ഗ്രാമീണ ഭംഗി വരച്ചു കാട്ടുന്നതായിരുന്നു. ശിവകുമാര്‍ രാമന്‍, ഗോകുല്‍, ഋദി പട്ടേല്‍ എന്നിവരുടെ ഗാനങ്ങള്‍ പ്രശംസനീയമായിരുന്നു. അപര്‍ണ, അച്ചു, മാളവിക, ശിവാനി, സുദീക്ഷ, വര്‍ഷ, ആദിത്യ, ആദ്യ, മാധവ്, നിധി, റിയ, സാനിയ, സിധാന്ത്, ശരത്, അഭി, രോഹിത്, പ്രണവ്, മാധവ്, വിഘ്നേഷ് എന്നീ കുരുന്നുകളുടെ നൃത്ത രൂപങ്ങളും കണ്ണിനും കാതിനും കുളിര്‍മ്മയേകുന്നതായിരുന്നു. തുടര്‍ന്ന് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളുടെയും സംസ്കാരവും വേഷവിധാനവും കോര്‍ത്തിണക്കി സീമയും, അഞ്ജുവും, ജാനവും മറ്റെല്ലാവരും ചേര്‍ന്ന് അവതരിപ്പിച്ച ദേശീയ നൃത്ത പരിപാടി എന്തുകൊണ്ടും വേറിട്ടു നിന്നു.

അജേഷ് രവീന്ദ്രന്‍െറ രംഗപടവും രാഹുല്‍ നായര്‍ അവിനാഷ് മേനോന്‍ എന്നിവരുടെ നിയന്ത്രണത്തിലുളള ശബ്ദവും വെളിച്ചവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. സൈലേഷ്, അര്‍ച്ചന പ്രഭു എന്നിവരുടെ അവതരണ മികവ് അഭിനന്ദനീയമായിരുന്നു. തുടര്‍ന്ന് ജയപ്രകാശ് നായരുടെ മേല്‍നോട്ടത്തില്‍ നടന്ന വിഭവ സമൃദ്ധമായ ഓണസദ്യ തൂശനിലയില്‍ കഴിച്ചുകഴിഞ്ഞപ്പോള്‍ ഒക്ലഹോമ ഹിന്ദു മിഷന്‍ അണിയിച്ചൊരുക്കിയ ഓണാഘോഷം സമ്പന്നമായി.

വാര്‍ത്ത. ശങ്കരന്‍കുട്ടി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.